ചങ്ങനാശ്ശേരി: വീടിന്റെ കതക് തകർത്ത് വജ്രാഭരണങ്ങൾ ഉൾപ്പെടെ എഴ് ലക്ഷത്തോളം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പ്രതി അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി പാറത്തോട് പുത്തൻവീട്ടിൽ പി.എം. ഷാജഹാനെയാണ് (53) ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ചങ്ങനാശ്ശേരി പാറേൽപള്ളി ഭാഗത്തുള്ള വീടിന്റെ അടുക്കളവാതിൽ തകർത്ത് അകത്തുകയറി അലമാരയിൽ സൂക്ഷിച്ചിരുന്ന ഡയമണ്ട് ആഭരണങ്ങളും സ്വർണകൊന്ത, വള, കമ്മൽ എന്നിവ ഉൾപ്പെടെ ഏഴ് ലക്ഷത്തോളം രൂപ വില വരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. ജൂലൈയിലായിരുന്നു സംഭവം.
ചങ്ങനാശ്ശേരി പൊലീസ് നടത്തിയ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിയുകയും ഇയാളെ പിടികൂടാൻ ജില്ല പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പൊലീസിന്റെ പിടിയിലാവുന്നത്. പ്രതി മുഖത്തിന് രൂപമാറ്റം വരുത്തിയാണ് ഒളിവിൽ കഴിഞ്ഞുവന്നിരുന്നത്. ചങ്ങനാശ്ശേരി എസ്.എച്ച്.ഒ ബി. വിനോദ്കുമാർ, എസ്.ഐമാരായ അഖിൽദേവ്, സന്തോഷ്, എബ്രഹാം, പ്രസന്നൻ, സി.പി.ഒമാരായ തോമസ് സ്റ്റാൻലി, നിയാസ്, സതീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഷാജഹാനെതിരെ തലശ്ശേരി, തൃശൂർ വെസ്റ്റ്, തിരുവല്ല, ചിങ്ങവനം, കോട്ടയം ഈസ്റ്റ് എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.