ചങ്ങനാശ്ശേരി: കൂനന്താനം പുറക്കടവ് ഹാബി വുഡ് ആൻഡ് അലുമിനിയം ഫാബ്രിക്കേഷനിൽ അതിക്രമിച്ചുകയറി ആക്രമണം നടത്തിയ പ്രതികള്‍ പിടിയില്‍. തൃക്കൊടിത്താനം നാലുപറയിൽ വീട്ടില്‍ ഷിബിൻ മൈക്കിൾ (23), ചെത്തിപ്പുഴ മരേട്ട് പുതുപ്പറമ്പിൽ വീട്ടില്‍ ജിറ്റോ ജിജോ (22) എന്നിവരാണ് പിടിയിലായത്.
കൂനന്താനം പുറക്കടവ് ഭാഗത്ത് അലുമിനിയം ഫാബ്രിക്കേഷൻ കട നടത്തിവരുന്ന സമീർ താജുദ്ദീനെയാണ് ഞായറാഴ്ച വൈകീട്ട് പ്രതികൾ ആക്രമിച്ചത്. മോട്ടോർ സൈക്കിളിലെത്തിയ പ്രതികൾ സ്ഥാപനത്തിൽ കയറി സമീർ താജുദ്ദീനെയും സുഹൃത്തായ ഹബീബിനെയും ഉപദ്രവിക്കുകയായിരുന്നു. ആക്രമണത്തിൽ സമീർ താജുദ്ദീന്‍റെ ഇടതുചെവി മുറിഞ്ഞു.
ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികൾ സ്ഥാപനത്തിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിന്‍റെ മുൻവശത്തെ ഗ്ലാസ് അടിച്ചുപൊട്ടിച്ച് നാശനഷ്ടങ്ങൾ വരുത്തിയ ശേഷമാണ് മടങ്ങിയത്. പിന്നീട് വടക്കേക്കര സ്കൂളിന് സമീപം വാഴക്കുളം വീട്ടിൽ ശശികുമാറിന്‍റെ വീട്ടിലും ഇതേ സംഘം അതിക്രമിച്ചുകയറി വീട്ടുടമസ്ഥനെയും കുടുംബാംഗങ്ങളെയും ഉപദ്രവിക്കുകയും വീടിന് നാശനഷ്ടം വരുത്തുകയും ചെയ്തശേഷം ഒളിവിൽ പോവുകയായിരുന്നു.
ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ എറണാകുളത്തുനിന്ന് പിടികൂടിയത്. ചങ്ങനാശ്ശേരി എസ്.ഐ ജയകൃഷ്ണന്‍, ആനന്ദക്കുട്ടൻ, എ.എസ്.ഐ രഞ്ജീവ് ദാസ്, സിജു സൈമൺ, ഷിനോജ്, സീനിയര്‍ സി.പി.ഒ ഡെന്നി ചെറിയാൻ, ആന്‍റണി, തോമസ് സ്റ്റാൻലി, അതുൽ കെ. മുരളി എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.