ചങ്ങനാശ്ശേരി: പൈതൃകവും പ്രൗഢിയും നഷ്ടപ്പെടുത്താതെ അടിമുടി മാറാനൊരുങ്ങി ചങ്ങനാശ്ശേരി മാർക്കറ്റ്. ഇതിന്റെ പ്രാരംഭനടപടി എന്ന നിലയിൽ അഡ്വ. ജോബ് മൈക്കിൾ എം.എൽ.എയും മുനിസിപ്പൽ അധികാരികളും ഉദ്യോഗസ്ഥരും മാർക്കറ്റും പരിസരപ്രദേശങ്ങളും സന്ദർശിച്ചു. ചങ്ങനാശ്ശേരി മാർക്കറ്റ് പൈതൃകമായി നിലനിർത്തി നവീകരിക്കുന്നത്തിന് ബജറ്റിൽ മൂന്നുകോടി രൂപ അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ വകയിരുത്തിയിരുന്നു. ഇതിന്റെ ഭാഗമായുള്ള ആലോചനായോഗവും സ്ഥല സന്ദർശനവുമാണ് എം.എൽ.എയുടെ നേതൃത്വത്തിൽ നടന്നത്.
മാർക്കറ്റ് പ്രദേശത്ത് വേനൽകാലത്തും മഴക്കാലത്തും സുഗമമായി വ്യാപാരം നടത്തുന്നതിന് സഹായിക്കുന്ന തരത്തിലുള്ള റൂഫിങ് സൗകര്യമൊരുക്കുക, ചങ്ങനാശ്ശേരി മാർക്കറ്റിന്റെ തനതായ പൈതൃകം നഷ്ടപ്പെടാതെ കാത്ത് സൂക്ഷിക്കുക എന്നതുമാണ് ലക്ഷ്യം. പി.ഡബ്ല്യു.ഡി കെട്ടിടവിഭാഗത്തിനാണ് നിർമാണചുമതല. സമാനമായ മറ്റ് പ്രോജക്ടുകളുടെ ആശയങ്ങളും ഉപയോഗപ്പെടുത്തി ഏറ്റവും അനുയോജ്യമായ രീതിയിൽ ആകും നിർമാണമെന്ന് എം.എൽ.എ അറിയിച്ചു. മാർക്കറ്റിലെ മുഴുവൻ ഓടകളും വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കുകയും വെള്ളക്കെട്ട് തടയുവാനും എം.എൽ.എ നിർദ്ദേശം നൽകി.
യോഗത്തിൽ ചങ്ങനാശ്ശേരി മുനിസിപ്പൽ ചെയർപേഴ്സൺ ബീന ജോബി, വൈസ് ചെയർമാൻ മാത്യൂസ് ജോർജ്, വാർഡ് കൗൺസിലർ ബാബു തോമസ്, രാജു ചാക്കോ, സന്തോഷ് ആന്റണി, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ജോൺസൺ ജോസഫ് പ്ലാന്തോട്ടം, അസോസിയേഷന്റെ മറ്റു ഭാരവാഹികൾ, പി.ഡബ്ല്യു.ഡി കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീലേഖ, എ.എക്സ്.ഇ മഞ്ജുള, എ.ഇ രാജി, പി.ഡബ്ല്യു.ഡി നിരത്ത് വിഭാഗം എ.എക്സ്.ഇ. സിനി, എ.ഇ അലൻ, വ്യാപാരികൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.