ചങ്ങനാശ്ശേരി: കുറിച്ചി എട്ടുമുറി കോളനി നിവാസികൾക്ക് ശാപമോക്ഷം. ചിരകാല അഭിലാഷമായ വീടെന്ന സ്വപ്നം യാഥാർഥ്യമായി. ജില്ല പഞ്ചായത്തിന്റെ പദ്ധതിയിൽപെടുത്തിയാണ് എട്ടുമുറി കോളനി നിവാസികൾക്ക് വീടുകൾ നിർമിച്ചത്.
നൂറുവർഷത്തിലേറെ പഴക്കമുണ്ട് എട്ടുമുറി കോളനിയിലെ വീടുകൾക്ക്. സർ സി.പിയുടെ ദിവാൻ ഭരണകാലത്താണ് ഇവിടെ പട്ടികജാതി പട്ടിക വർഗവിഭാഗത്തിൽപ്പെട്ടവർക്ക് വീടുകൾ നിർമിച്ചു നൽകിയത്. എട്ട് മുറികളിലായുള്ള വീട്ടിൽ താമസിച്ച അഞ്ച് കുടുംബങ്ങൾക്കാണ് വീടായത്.
ജില്ല പഞ്ചായത്തംഗം പി.കെ. വൈശാഖിന്റെ ഡിവിഷൻഫണ്ടിൽ നിന്നും വകയിരുത്തിയ തുക ഉപയോഗിച്ചാണ് നിർമാണം പൂർത്തീകരിച്ചത്. സർ സി.പി രാമസ്വാമി അയ്യർ തിരുവിതാംകൂർ ദിവാനായിരുന്ന കാലത്ത് നിർമ്മിച്ച ഗോശാലയിൽ ഏഴ് മുറികളാണ് പിന്നീട് ഏഴ് കുടുംബങ്ങൾക്ക് പാർപ്പിടമായി തീർന്ന എട്ടു മുറി കോളനിയായി മാറിയത്. ഏഴ് ഗുണഭോക്താക്കളിൽ രണ്ടുപേർ വീട് ആവശ്യമില്ലായെന്ന് രേഖാമൂലം എഴുതി നൽകി. ബാക്കി അഞ്ച് പേർക്ക് ഒറ്റമുറിയിൽ നിന്നും സ്വന്തമായി ഒരുഭവനമെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ജില്ല പഞ്ചായത്തിൽ നിന്നും സാധിച്ചു.
എട്ടുമുറി കോളനിയിൽ മൂന്ന് പട്ടികജാതി കുടുംബങ്ങളും രണ്ട് പട്ടികവർഗ്ഗ കുടുംബങ്ങളും രണ്ട് ജനറൽ വിഭാഗത്തിലുള്ള കുടുംബങ്ങളുമാണ്. 100 വർഷത്തിനുമേൽ പഴക്കമുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയാണ് വീടുകൾ നിർമ്മിച്ചത്. ആദ്യം സാങ്കേതിക അനുമതി നിഷേധിച്ച പ്രോജക്ട് പിന്നീട് സെൻട്രൽ കമ്മറ്റിയുടെ അംഗീകാരം നേടിയെടുക്കുകയായിരുന്നു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്തംഗം പി.കെ. വൈശാഖ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ടോമിച്ചൻ ജോസഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ, വാർഡംഗം പ്രശാന്ത് മനന്താനം, പി.ഐ.യു പ്രോജക്ട് ഡയറക്ടർ ബെവിൻ ജോൺ വർഗ്ഗീസ്, അസി. പ്രോജക്ട് ഡയറക്ടർ ജ്യോതിലക്ഷ്മി, രാഷ്ട്രീയകക്ഷി പ്രതിനിധികളായ അരുൺ ബാബു, കെ.ഡി. സുഗതൻ, രാജേഷ്, ബി.ആർ.മഞ്ജീഷ്, ബെറ്റി ടോജോ, വി.ഇ.ഒ സബിത കെ.ദിവാകരൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.