ചങ്ങനാശ്ശേരി: മാടപ്പള്ളി സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ബാബു കുരീത്രയുടെ നേതൃത്വത്തിലുള്ള പാനലിന് യു.ഡി.എഫ് എന്ന് ഉപയോഗിക്കുന്നതിന് കോടതി വിലക്ക്. മറ്റൊരു ഉത്തരവു ഉണ്ടാകുന്നത് വരെ പ്രചരണത്തിന് യു.ഡി.എഫ് എന്ന് ഉപയോഗിക്കരുതെന്നാണ് ചങ്ങനാശ്ശേരി മുൻസിഫ് കോടതിയുടെ നിർദേശം.
കോൺഗ്രസ് മാടപ്പള്ളി മണ്ഡലം പ്രസിഡൻറ് ജിൻസൺ മാത്യുവും മുൻ മണ്ഡലം പ്രസിഡൻറ് ബാബു കുരീത്രയുടെയും നേതൃത്വത്തിലുള്ള രണ്ട് പാനലുകളാണ് മത്സരരംഗത്തുള്ളത്. നിലവിലെ മണ്ഡലം പ്രസിഡന്റ് ജിൻസൺ മാത്യുവാണ് കോടതിയെ സമീപിച്ചത്. തിരുവഞ്ചൂർ ഗ്രൂപ്പുകാരനും മാടപ്പള്ളി പഞ്ചായത്ത് അംഗവുമായ ജിൻസൺ മാത്യുവിനെ മണ്ഡലം പ്രസിഡൻറായി കെ.പി.സി.സി നിയമിച്ചിരുന്നു. എന്നാൽ കെ.സി ജോസഫ് ഗ്രൂപ്പുകാരനും മുൻ മണ്ഡലം പ്രസിഡൻറുമായ ബാബു കുരീത്ര സ്ഥാനമൊഴിയാൻ വിമുഖത കാട്ടിയതിനെതുടർന്നാണ് പാർട്ടിയിൽ ഭിന്നത രൂക്ഷമായത്.
ബാങ്ക് തെരഞ്ഞെടുപ്പിൽ കെ.സി ജോസഫ് നേതൃത്വം നൽകുന്ന വിഭാഗം മുൻ ബാങ്ക് പ്രസിഡൻറുമാർ മാത്രം ചേർന്ന് നിലവിലെ മണ്ഡലം പ്രസിഡൻറ് ജിൻസൻ മാത്യുവിനെ ഉൾപ്പെടുത്താതെ ഏകപക്ഷീയമായി സ്ഥാനാർഥി നിർണ്ണയ സമിതിയെ പ്രഖ്യാപിച്ചതും കോൺഗ്രസിൽ പ്രാഥമികാംഗത്വം ഇല്ലാത്തവർക്ക് സ്ഥാനാർഥിത്വം നൽകിയതും ആണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. നിലവിലെ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഔദ്യോഗിക വിഭാഗവും പാനൽ പ്രഖ്യാപിച്ചിട്ടുണ്ട്.
രണ്ട് വിഭാഗവും പരസ്യമായി പ്രചാരണം ആരംഭിക്കുകയും ചെയ്തതോടെ കെ.പി.സി.സി, ഡി.സി.സി നേതൃത്വങ്ങൾ വിഷയത്തിൽ ഇടപെട്ടു. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രനും ജനറൽ സെക്രട്ടറി എം.ജെ. ജോബും അടങ്ങുന്ന അന്വേഷണ സമിതിയെ പ്രഖ്യാപിച്ചു. സമിതിയുടെ റിപ്പോർട്ട് വരുംവരെ ആർക്കെതിരെയും അച്ചടക്കനടപടി പാടില്ലെന്നാണ് കെ.പി.സി.സി നിർദേശം.
എന്നാൽ, ഈ നിർദേശം ലംഘിച്ച് ബ്ലോക്ക് പ്രസിഡന്റ് കെ.എ. ജോസഫ്, മാടപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജിൻസൺ മാത്യു, യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ. ബിബിൻ വർഗീസ്, ഈസ്റ്റ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗങ്ങളായ സണ്ണി ഏത്തയ്ക്കാട്, ഈസ്റ്റ് കോൺഗ്രസ് ജനറൽ സെക്രട്ടറി ബാബു കുട്ടൻചിറ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ടോണി കുട്ടംപേരൂർ, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറ് സന്ദീപ് .എസ് എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.
ഇത് പാർട്ടി അച്ചടക്കത്തിന് എതിരാണെന്നും ഗ്രൂപ്പ് പ്രവർത്തനമാണെന്നും പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയ ബ്ലോക്ക് പ്രസിഡൻറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഔദ്യോഗിക വിഭാഗം ഇപ്പോൾ കെ.പി.സി.സി പ്രസിഡന്റിന് പരാതി നൽകിയിട്ടുണ്ട്. തുടർന്നാണ് ഒരു വിഭാഗം കോടതിയെ സമീപിച്ചത്. 75 വർഷമായി യു.ഡി.എഫ് ആണ് മാടപ്പള്ളി സർവിസ് സഹകരണ ബാങ്ക് ഭരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.