ചങ്ങനാശ്ശേരി: കുവൈത്തിലെ തീപിടിത്തത്തിൽ പായിപ്പാട് പാലത്തിങ്കൽ കുടുംബത്തിന് നഷ്ടമായത് രണ്ട് കുടുംബാംഗങ്ങളെ. പരേതരായ ബാബു വർഗീസിന്റെയും കുഞ്ഞേലിമ്മയുടെയും മകൻ ഷിബു വർഗീസും ഇതേ കമ്പനിയിൽ ജോലി ചെയ്യുകയും ഒരേ മുറിയിൽ താമസിക്കുകയും ചെയ്തിരുന്ന മാതൃസഹോദരൻ മാത്യു തോമസുമാണ് മരിച്ചത്. പരുമല പാണ്ടനാട്ട് താമസിക്കുന്ന മാത്യു തോമസ് 10 വർഷമായി എൻ.ബി.ടി.സി കമ്പനിയിൽ ജോലി ചെയ്തുവരുകയാണ്. ഷിബുവിന് രണ്ട് സഹോദരങ്ങളാണുള്ളത്.
ഷിബു വർഗീസ് എൻ.ബി.ടി.സി കമ്പനിയിൽ അക്കൗണ്ടന്റും സഹോദരൻ ഷിജു ചീഫ് അക്കൗണ്ടന്റുമാണ്. ഷിജു കുടുംബത്തോടൊപ്പം പുറത്ത് മാറിത്താമസിച്ചതിനാൽ ദുരന്തത്തിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. മൂന്നുവയസ്സുള്ള ഏകമകൻ ഐഡനെയും കെട്ടിപ്പിടിച്ച് കരയുന്ന ഷിബുവിന്റെ ഭാര്യ റോസി തോമസിനെ (പ്രിയ) ആശ്വസിപ്പിക്കാനാവാതെ വിങ്ങിപ്പൊട്ടുകയാണ് കുടുംബാംഗങ്ങൾ. അപകടം നടന്ന രാത്രിതന്നെ കുടുംബാംഗങ്ങൾക്കും തൃക്കൊടിത്താനത്തുള്ള ഭാര്യവീട്ടുകാർക്കും സൂചന ലഭിച്ചെങ്കിലും റോസിയോട് വിവരം പറഞ്ഞിരുന്നില്ല. വ്യാഴാഴ്ച രാവിലെ 10ഓടെയാണ് ഷിബു മരിച്ചവിവരം സഹോദരൻ ഷിജു നാട്ടിലുള്ള ഇളയ സഹോദരൻ ഷിനുവിനെ അറിയിച്ചത്. ഷിജുവിന്റെ മരണവിവരം ഭാര്യയിൽനിന്ന് അധിക സമയം മറച്ചുവെക്കാൻ കഴിഞ്ഞില്ല. ഉച്ചയോടെ പതിവിന് വിപരീതമായി സമീപവാസികൾ വീട്ടിലേക്കെത്തിയപ്പോൾ സംശയം തോന്നിയ റോസി അനുജനോട് കാര്യം തിരക്കി. വിവരം അറിഞ്ഞതോടെ വീട്ടിൽ അലമുറ ഉയർന്നു. നാട്ടിലുള്ള ഇളയ സഹോദരൻ ഷിനു മരണവിവരം അറിഞ്ഞതുമുതൽ കരഞ്ഞ് തളർന്നിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.