തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാർ വിഹിതം ഉപയോഗിച്ച് രാഷ്ട്രീയ ഉച്ചതാർ ശിക്ഷ അഭിയാൻ (റുസ) പദ്ധതിയിൽ 29 സർക്കാർ, എയ്ഡഡ് കോളജുകളുടെ പശ്ചാത്തല സൗകര്യവികസനം പൂർത്തിയാക്കിയതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതിൽ മൂന്ന് സർക്കാർ കോളജുകളും 26 എയ്ഡഡ് കോളജുകളും ഉൾപ്പെടുന്നു.
കേന്ദ്രസർക്കാർ 60 ശതമാനവും സംസ്ഥാന സർക്കാർ 40 ശതമാനവും തുക അനുവദിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആറ് സർവകലാശാലകൾ ഉൾപ്പെടെ 122 സ്ഥാപനങ്ങൾക്കാണ് പദ്ധതിയിൽ തുക വകയിരുത്തിയത്. രണ്ടു ഘട്ടമായി 568 കോടി രൂപയാണ് ഇതിനു ചെലവഴിക്കുന്നത്.
ഇതിൽ 227 കോടി രൂപ സംസ്ഥാന സർക്കാർ വിഹിതമാണ്. ഇവയിൽ പ്രവൃത്തിപൂർത്തിയായവയുടെ ഉദ്ഘാടനം 28 മുതൽ നടക്കും. 28ന് രാവിലെ ഒമ്പതരക്ക് തൃശൂർ സെന്റ് മേരീസ് കോളജിലും ഉച്ചക്ക് 12ന് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലും ഉച്ചക്കു ശേഷം രണ്ടരക്ക് പുല്ലൂറ്റ് കെ.കെ.ടി.എം കോളജിലും വൈകീട്ട് മൂന്നരക്ക് മാള കാർമൽ കോളജിലും ഉദ്ഘാടനം നടക്കും.
തിരുവനന്തപുരം ഗവ. ആർട്സ് കോളജ്, പേരാമ്പ്ര സി.കെ.ജി.എം. ഗവ. കോളജ്, കൊല്ലം ടി.കെ.എം ആർട്സ് ആൻഡ് സയൻസ്, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ്, ചങ്ങനാശ്ശേരി എസ്.ബി, പാലാ അൽഫോൻസ, അരുവിത്തുറ സെന്റ് ജോർജ്, കോട്ടയം ബസേലിയോസ്, കുട്ടിക്കാനം മരിയൻ, രാജകുമാരി എൻ.എസ്.എസ്, എറണാകുളം സെന്റ് തെരേസാസ്, കോലഞ്ചേരി സെന്റ് പീറ്റേഴ്സ്, തേവര സേക്രഡ് ഹാർട്, അങ്കമാലി മോണിങ് സ്റ്റാർ, മേഴ്സി പാലക്കാട്, ഒറ്റപ്പാലം എൻ.എസ്.എസ് ട്രെയിനിങ്, അരീക്കോട് സുല്ലമുസ്സലാം, മഞ്ചേരി യൂനിറ്റി വിമൻസ്, വളാഞ്ചേരി എം.ഇ.എസ്, തിരൂരങ്ങാടി പി.എസ്.എം.ഒ, ഫാറൂഖ് കോളജ്, പുൽപ്പള്ളി പഴശ്ശിരാജ, മാനന്തവാടി മേരി മാത, സുൽത്താൻ ബത്തേരി സെന്റ് മേരീസ്, കാഞ്ഞങ്ങാട് നെഹ്റു എന്നീ കോളജുകളിലും പദ്ധതി പ്രകാരമുള്ള പ്രവൃത്തികൾ പൂർത്തിയാക്കി ഉദ്ഘാടനത്തിനൊരുങ്ങിയതായും മന്ത്രി പറഞ്ഞു.
റുസ പദ്ധതിയിൽ കേരളത്തിന് വയനാട്ടിൽ അനുവദിച്ച മോഡൽ കോളജിന് തുക വകയിരുത്താൻ കേന്ദ്ര സർക്കാറിനോട് അഭ്യർഥിച്ചതായും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.