ചങ്ങനാശ്ശേരി: ആഞ്ഞിലിക്കുടി പാടശേഖരത്തിൽ മടവീണു. വിതക്കാനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കി കഴിഞ്ഞപ്പോഴാണ് മട വീണ് വെള്ളം കയറിയത്. സമീപവീടുകളിലും വെള്ളം കയറി. വാഴപ്പള്ളി പഞ്ചായത്ത് 20ാം വാർഡിൽ കുമരങ്കേരി-പറാൽ തോടിന് കിഴക്ക് വശം 82 ഏക്കർ വിസ്തൃതിയുള്ള ആഞ്ഞിലിക്കുടി പാടശേഖരത്തിന്റെ പുറം ബണ്ടാണ് ശനിയാഴ്ച രാവിലെ തകർന്നത്.
വെള്ളം അകത്തേക്ക് കയറുമ്പോൾ പോളയും മറ്റു മാലിന്യവും തടഞ്ഞുനിർത്താൻ ഇട്ടിരുന്ന മുള സാമൂഹിക വിരുദ്ധർ അഴിച്ചുമാറ്റിയത് മൂലം പാടശേഖരത്തിനുള്ളിൽ ഏക്കറുകളോളം പോളയും മറ്റു മാലിന്യങ്ങളും നിറഞ്ഞത് കർഷകരെ കൂടുതൽ ദുരിതത്തിലാക്കി. 10 മിച്ചഭൂമി കർഷകർ ഉൾപ്പെടെ 23 നാമമാത്ര കർഷകർക്കാണ് പാടശേഖരത്തിൽ കൃഷിയുള്ളത്.
മട വീഴ്ചമൂലം പാടശേഖരത്തിന് ചുറ്റുമായി താമസിക്കുന്ന 400പരം കുടുംബങ്ങളുടെ താമസസ്ഥലവും പുരയിടങ്ങളുമാണ് വെള്ളത്തിലായത്. കാലപ്പഴക്കം ഏറെയുള്ള ബണ്ട് പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ കർഷകർ അധികൃതർക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ, നടപടിയുണ്ടായില്ല. ഇതിനിടെയാണ് ഇത് തകർന്നത്.
പാടശേഖരം നെൽകർഷക സംരക്ഷണസമിതി സംസ്ഥാന ഭാരവാഹികൾ സന്ദർശിച്ചു. മട പുനർനിർമിക്കാൻ അടിയന്തര ധനസഹായം ലഭ്യമാക്കണമെന്നും പാടശേഖരത്തിനുള്ളിൽ കയറിയ പോളയും മറ്റു മാലിന്യവും നീക്കം ചെയ്യാൻ ത്രിതല പഞ്ചായത്തുകൾ നടപടി സ്വീകരിക്കണമെന്നും നെൽകർഷകർ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
സമിതി രക്ഷാധികാരി വി.ജെ. ലാലി, വർക്കിങ് പ്രസിഡന്റ് പി.ആർ. സതീശൻ, വൈസ് പ്രസിഡന്റുമാരായ കെ.ബി. മോഹനൻ വെളിയനാട്, സന്തോഷ് പറമ്പിശ്ശേരി, പ്രഫ. ജോസഫ് ടിറ്റോ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.