ചങ്ങനാശ്ശേരി: നായർ സർവിസ് സൊസൈറ്റി സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 147ാമത് ജയന്തി ആഘോഷങ്ങൾ ജനുവരി ഒന്ന്, രണ്ട് തീയതികളിൽ പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്ത് നടക്കും. ഒരുക്കം പൂർത്തിയായതായി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു.
50,000 ചതുരശ്രയടി വിസ്തീര്‍ണത്തിൽ എൻ.എസ്.എസ് വിദ്യാഭ്യാസ സമുച്ചയത്തിനു മധ്യത്തിലുള്ള മൈതാനിയിലാണ് പരിപാടി. 40,000 പേര്‍ക്ക് ഒരേസമയം ഇരിപ്പിട സൗകര്യമുണ്ട്. മുഴുവന്‍ പേര്‍ക്കും ഭക്ഷണം നൽകും. എന്‍.എസ്.എസ് ആസ്ഥാനത്തെ വിദ്യാഭ്യാസ സമുച്ചയങ്ങളിലാണ് താമസ സൗകര്യം. ജനുവരി ഒന്നിന് രാവിലെ 6.30 മുതൽ ഭക്തിഗാനാലാപനവും ഏഴുമുതൽ മന്നംസമാധിയിൽ പുഷ്പാർച്ചനയും നടക്കും.
10.15ന് അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സൊസൈറ്റിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കും. പ്രസിഡന്റ് ഡോ. എം. ശശികുമാർ അധ്യക്ഷത വഹിക്കും. തുടർന്ന് ആനുകാലിക വിഷയങ്ങളിൽ പ്രമേയങ്ങൾ അവതരിപ്പിക്കും.
വൈകീട്ട് മൂന്നിന് ബാംഗ്ലൂർ ബ്രദേഴ്സ് അവതരിപ്പിക്കുന്ന സംഗീതസദസ്സ്. വൈകീട്ട് 6.30ന് രചന നാരായണൻകുട്ടിയും സംഘവും അവതരിപ്പിക്കുന്ന നൃത്തം. രാത്രി ഒമ്പതു മുതൽ കഥകളി. ജനുവരി രണ്ടിന് രാവിലെ മുതൽ ഭക്തി ഗാനാലാപനം, ഏഴു മുതൽ മന്നംസമാധിയിൽ പുഷ്പാർച്ചന.
എട്ടിന് വെട്ടിക്കവല കെ.എൻ. ശശികുമാറിന്റെ നാഗസ്വരക്കച്ചേരി, 10.30ന് ജയന്തി സമ്മേളനത്തിനെത്തുന്ന വിശിഷ്ടാതിഥികൾക്ക് സ്വീകരണം. 10.45ന് നടക്കുന്ന ജയന്തി സമ്മേളനം മുൻ രാജ്യസഭാംഗം തെന്നല ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും. കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗം സി. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. എൻ.കെ. പ്രേമചന്ദ്രൻ എം.പി അനുസ്മരണ പ്രഭാഷണം നടത്തും. എൻ.എസ്.എസ് പ്രസിഡന്റ് ഡോ. എം. ശശികുമാർ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.