ചങ്ങനാശ്ശേരി: ആയിരംആണ്ടുകളുടെ പഴമനിലനിൽക്കുന്ന മധ്യതിരുവിതാംകൂറിലെ പ്രധാന വൈഷ്ണവക്ഷേത്രങ്ങളിൽ ഒന്നായ തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ ചുവർചിത്രത്തെക്കുറിച്ച് പഠിക്കാൻ കാലിഫോർണിയ സർവകലാശാല മേധാവി ഡോ. ക്രിസ്റ്റ്യൻ ഫിഷറിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി. ചുവർചിത്രങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ സംഘം ഒരാഴ്ചയായി സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. കേന്ദ്ര-സംസ്ഥാന പുരാവസ്തു, സാംസ്കാരിക വകുപ്പുകളുടെ അനുമതിയോടെയാണ് ഇവർ എത്തിയത്. കൊൽക്കത്ത സ്വദേശി മൗപി മുഖോപാധ്യായാണ് പഠനം നടത്തുന്നത്. പച്ചിലച്ചാറുകൾ കൊണ്ടാണ് ക്ഷേത്രത്തിലെ ചുവർചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുള്ളത്. ശ്രീരാമ പട്ടാഭിഷേകം, ദ്വാരപാലകർ, വേട്ടക്കൊരുമകൻ, ഗണപതി, കൃഷ്ണലീല തുടങ്ങി ഒട്ടേറെ പുരാണകഥകളുടെ ചിത്രങ്ങളാണ് ഇവിടുള്ളത്. രണ്ടുനിലയുള്ള വട്ട ശ്രീകോവിലാണ് ഇവിടത്തേത്. വട്ടെഴുത്ത്, കോലെഴുത്ത്, ശിലാശാസനം എന്നിവ പ്രത്യേകതകളാണ്. കാലപ്പഴക്കംകൊണ്ട് ചുവർചിത്രങ്ങളുടെ പലഭാഗങ്ങൾക്കും ജീർണതകൾ സംഭവിച്ചിട്ടുണ്ട്.
ഇത് സംരക്ഷിക്കാൻ കഴിയുമെന്നാണ് പഠനസംഘം വിലയിരുത്തുന്നത്. ക്ഷേത്രത്തിലെ പഴക്കമേറിയ ദേവവൃക്ഷങ്ങളെക്കുറിച്ച് പഠിക്കുന്നതിന് മാസങ്ങൾക്കു മുമ്പ് ജർമൻ സർവകലാശാല വിദ്യാർഥികളും ക്ഷേത്രത്തിലെത്തിയിരുന്നു. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ബി. രാധാകൃഷ്ണമേനോൻ കാര്യങ്ങൾ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.