ചങ്ങനാശ്ശേരി: പൻപുഴയെ നടുക്കിയ കൊലപാതകമാണ് വ്യാഴാഴ്ച രാത്രി നടന്നത്. രണ്ടാം ഭാര്യയെ വിളിച്ചുവരുത്തി വഴിയിലിട്ട് ഷാളിന് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു.
ചങ്ങനാശ്ശേരിയിലെ സ്വകാര്യ വസ്ത്രവിപണന ശാലയിലെ ജോലിക്കുശേഷം വൈകീട്ട് 6.30 ഓടെയാണ് സനീഷ് വാടകക്ക് താമസിക്കുന്ന വീടിന് 300 മീറ്ററോളം മുമ്പോട്ടുമാറി സിജി ഓട്ടോയിൽ വന്നിറങ്ങിയത്. പിന്നാലെ ബൈക്കിലെത്തിയ സനീഷ് ഇവിടെ വച്ച് ബഹളം ഉണ്ടാക്കി.
ഇതുകേട്ട് പരിസരവാസികൾ എത്തിയപ്പോൾ ഇവരെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. ഇരുട്ടായതിനാൽ എന്താണ് സംഭവിക്കുന്നെന്ന് വ്യക്തമായി കാണാൻ കഴിഞ്ഞില്ലെന്നും ഇവർ പറഞ്ഞു.
പിന്നീട് ‘ഞാൻ ഇവളെ കൊന്നിട്ടിട്ടുണ്ട് പൊലീസിൽ അറിയിച്ചേക്കാ’ൻ സനീഷ് നാട്ടുകാരോട് പറഞ്ഞു. ഇവർ വാർഡ് മെമ്പറെയും പൊലീസിനെയും വിവരമറിയിച്ചു. വാർഡ് മെമ്പറും പൊലീസും സ്ഥലത്തെത്തിയപ്പോൾ സിജിയെ റോഡിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സനീഷ് പകൽ ഇതുവഴി ബൈക്കിൽ സഞ്ചരിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. ആളൊഴിഞ്ഞ സ്ഥലം കണ്ടെത്തി സിജിയെ ഇവിടേക്ക് വിളിച്ചുവരുത്തി ആസൂത്രിതമായാണ് കൊല ചെയ്തതാണെന്നാണ് കരുതുന്നത്. സമീപവാസികളും ഞെട്ടലിലാണ്. പൊലീസും ഫൊറൻസിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
മീൻകച്ചവടത്തിനിടെയാണ് ഭാര്യയും രണ്ട് കുട്ടിയുമുള്ള സനീഷ് സിജിയെ പ്രണയിച്ച് വിവാഹം കഴിച്ചത്. സാധാരണ കുടുംബത്തിലെ പെൺകുട്ടിയായിരുന്നു സിജി. മാമ്മൂട് മാന്നില സ്വദേശിനിയായ സിജിയെക്കുറിച്ച് നാട്ടുകാർക്കിടയിൽ മോശം അഭിപ്രായമില്ല. സനീഷ് ആദ്യ ഭാര്യയെ ഉപേക്ഷിക്കുകയും സിജിയെ രജിസ്റ്റർ വിവാഹം ചെയ്യുകയുമായിരുന്നു. ആദ്യ വിവാഹത്തിൽ സനീഷിനുണ്ടായ മക്കളെ സനീഷിന്റെ മാതാപിതാക്കളാണ് സംരക്ഷിക്കുന്നത്.
കീഴ്വായ്പൂര് വാടകക്ക് താമസിച്ചപ്പോൾ കുടുംബപ്രശ്നം ഉണ്ടായതിനെ തുടർന്ന് സിജിയെ ആസിഡ് ഒഴിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതിനെ തുടർന്ന് പൊലീസ് കേസെടുക്കുകയും സനീഷ് റിമാൻഡിലുമായിരുന്നു. സിജിയും കുട്ടിയും സിജിയുടെ മാതാപിതാക്കൾക്കൊപ്പം ശാന്തിപുരത്തെ വാടകവീട്ടിലാണ് കഴിഞ്ഞിരുന്നത്. അടുത്തിടെയാണ് സനീഷ് ജാമ്യത്തിലിറങ്ങിയത്. ഇതേ തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ബന്ധുക്കൾ പറയുന്നു.
മാടപ്പള്ളി പൻപുഴയിൽ ഭർത്താവ് കഴുത്ത് ഞെരിച്ചു കൊന്ന സിജി (31) യുടെ സംസ്കാരം ശനിയാഴ്ച രാവിലെ 11ന് മാന്നില തിരുക്കുടുംബ ദേവാലയ സെമിത്തേരിയിൽ നടക്കും. മാന്നില പുതുപ്പറമ്പിൽ സിബിച്ചൻ - ജെസി ദമ്പതികളുടെ മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.