ചങ്ങനാശ്ശേരി: എ.സി കനാലിലെ പോള നീക്കിയെങ്കിലും മാലിന്യം തിങ്ങിനിറയുന്നു. കനാലിലെ പോള നീക്കം അവസാനഘട്ടത്തിൽ എത്തിനിൽക്കുകയാണ്. ചാക്കുകൾക്കുള്ളിൽ തള്ളിയ അഴുകിയ ഇറച്ചി അവശിഷ്ടങ്ങൾ ഉൾപ്പെടെ പലയിടത്തും പൊങ്ങിത്തുടങ്ങി. ദുർഗന്ധം മൂലം എ.സി കോളനിയിലുള്ളവർക്കും മനക്കച്ചിറ നിവാസികൾക്കും വീടിനുള്ളിൽ പോലും ഇരിക്കാൻ കഴിയാത്ത അവസ്ഥയാണ്.
ചങ്ങനാശ്ശേരി ടൗണിലെയും പരിസരപ്രദേശങ്ങളിലെയും മാലിന്യങ്ങൾ മുഴുവൻ ഒഴുകിയെത്തുന്ന ആവണി തോട് എ.സി കനാലിലേക്ക് മനയ്ക്കച്ചിറയിൽ കുടിച്ചേരുന്നു. ലോഡുകണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഈ ഭാഗത്ത് കെട്ടിക്കിടക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് വലിയ വള്ളങ്ങൾവരെ കടന്നുവന്നിരുന്ന ആവണി തോട് ഇന്ന് അനധികൃത കൈയേറ്റങ്ങൾ കാരണം നീർച്ചാലുപോലെയായി.
കെട്ടിക്കിടന്ന പോളയെന്ന ദുരിതം തീർന്നെന്ന് കരുതിയിരിക്കുമ്പോഴാണ് മാലിന്യങ്ങൾ കുന്നുകൂടി നാട്ടുകാർക്ക് പകർച്ചവ്യാധി ഭീതി പരത്തുന്നത്. മാലിന്യപ്രശ്നത്തിന് പരിഹാരം കണ്ടെത്തിയില്ലെങ്കിൽ എ.സി റോഡ് ഉപരോധിച്ചുള്ള സമരപരിപാടികൾ ആരംഭിക്കുമെന്ന് മനയ്ക്കച്ചിറ നിവാസികൾ പറഞ്ഞു.
മഴക്കാലത്തിന് മുമ്പ് നടപടി വേണമെന്നുള്ള ആവശ്യം ശക്തമാണ്.എന്നാൽ, എ.സി കനാലിലെ പോള മാത്രം നീക്കംചെയ്യാനുള്ള പദ്ധതിയാണ് ഇപ്പോൾ പൂർത്തിയാകുന്നതെന്ന് മേജർ ഇറിഗേഷൻ വിഭാഗം പറയുന്നു. നീക്കംചെയ്യുന്ന പോളകൾ സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലും മറ്റും അവരുടെ അനുമതിയോടെ നിക്ഷേപിക്കുകയാണ്.
ആറിൽ നിന്നും മാലിന്യങ്ങളും പ്ലാസ്റ്റിക്കുകളും ശേഖരിച്ച് ഇവിടങ്ങളിൽ നിക്ഷേപിക്കാൻ കഴിയില്ല. നഗരസഭ സ്ഥലം കണ്ടെത്തി നൽകിയാൽ മാത്രമേ മാലിന്യം നീക്കം ചെയ്യാൻ കഴിയുക യുള്ളൂവെന്ന് ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.