ചങ്ങനാശ്ശേരി: വാകത്താനം ഗ്രാമപഞ്ചായത്ത് ഏഴാംവാർഡിൽ പടിഞ്ഞാറെ പീടികയിൽ സജിയുടെ മകൾ തോട്ടക്കാട് എൽ.പി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനി ശ്രീനന്ദന മുഖ്യമന്ത്രിക്ക് എഴുതിയ കത്താണ് വീട്ടിൽ വൈദ്യുതി എത്തിച്ചത്.
ഒറ്റപ്പെട്ട സ്ഥലത്തെ വീട്ടിലേക്ക് അഞ്ചു പോസ്റ്റുകൾ സ്ഥാപിച്ചെങ്കിൽ മാത്രമേ വൈദ്യുതിയെത്തൂ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിന്റെ സാഹചര്യം ഏഴാംവാർഡ് പഞ്ചായത്ത് അംഗം ഷിജി സോണി പഞ്ചായത്ത് പ്രസിഡന്‍റിനെ അറിയിക്കുകയും തുടർന്ന് പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടുന്ന ഒരുസംഘം പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മത്തായിയുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കുകയായിരുന്നു. ഏഴാം വാർഡുൾപ്പെടുന്ന മീനടം കെ.എസ്.ഇ.ബി ഓഫിസുമായി പഞ്ചായത്ത് പ്രസിഡന്റ് ബന്ധപ്പെട്ടെങ്കിലും അവർ നേരിടുന്ന നിയമത്തിന്റെ പരിമിതികൾ കാര്യം സാധ്യമാക്കുന്നതിന് തടസ്സമായി.
പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മത്തായി, പഞ്ചായത്ത് അംഗങ്ങളായ ഷിജി സോണി, ഗീത രാധാകൃഷ്ണൻ തുടങ്ങിയവർ നന്ദനയെ കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് എഴുതിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നുള്ള പ്രത്യേക നിർദേശപ്രകാരം തുക അനുവദിച്ചു. കഴിഞ്ഞദിവസം അഞ്ച് പോസ്റ്റുകൾ സ്ഥാപിച്ച മീനടം കെ.എസ്.ഇ.ബി അധികൃതർ ശ്രീനന്ദനയുടെ വീട്ടിൽ വൈദ്യുതി എത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.