ചങ്ങനാശ്ശേരി: തകർന്ന റോഡും സർവിസ് നടത്തുന്ന ബസുകൾ സ്റ്റോപ്പിൽ നിർത്താത്തതും കാരണം ചങ്ങനാശ്ശേരിയുടെ പടിഞ്ഞാറൻ മേഖലയിൽ യാത്രാദുരിതം. തുരുത്തി മുളയ്ക്കാംതുരുത്തി വാലടി റോഡിനെ ആശ്രയിക്കുന്നവർക്കാണ് ഈ ദുരിതം.ആകെ ആശ്രയമായിരുന്ന കെ.എസ്.ആർ.ടി.സി ബസ് കൃത്യമായി സ്റ്റോപ്പിൽ നിർത്തുന്നില്ലെന്ന ആക്ഷേപത്തിലാണ് നാട്ടുകാർ. രാവിലെ വാലടിയിൽ കെ.എസ്.ആർ.ടി.സി ബസ് നിർത്താതെ പോകുന്നതിനാൽ വിദ്യാർഥികളും ജോലിക്കായി പോകേണ്ട ആളുകളും ബുദ്ധിമുട്ടിലാണ്. അടുത്ത ബസിനായി മണിക്കൂറുകൾ കാത്തിരിക്കുകയോ ഓട്ടോയിലോ മറ്റോ കയറി തുരുത്തിയിലെത്തി അടുത്ത ബസിൽ കയറിപ്പോകുകയോ വേണം.
വിശേഷദിവസങ്ങളിലും അവധിദിവസങ്ങളിലും ഈ റൂട്ടിൽ സർവിസുകൾ വെട്ടിച്ചുരുക്കുന്നതായും പരാതിയുണ്ട്. മുന്നറിയിപ്പില്ലാതെ ട്രിപ്പുകൾ മുടങ്ങാറുണ്ടെന്നും യാത്രക്കാർ പറയുന്നു. കെ.എസ്.ആർ.ടി.സി ബസുകൾ മാത്രം സർവിസ് നടത്തുന്ന റൂട്ടിലാണ് യാത്രക്കാരെ അവഗണിക്കുന്നതെന്നും പരാതിയുണ്ട്. വിദ്യാർഥികളെ കയറ്റാൻ വാലടി ഭാഗത്തേക്ക് വരുമ്പോൾ റോഡിലെ കുഴിയിൽ കുടുങ്ങിയ സ്കൂൾബസ്, ട്രാക്ടർ എത്തിച്ച് ഇതിൽ കയർകെട്ടി വലിച്ചുകയറ്റിയ സംഭവമുണ്ടായത് അടുത്തിടെയാണ്.
റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നിർമിക്കാനുള്ള നടപടി എങ്ങുമെത്താതെ വന്നതോടെ കരാറുകാരനെ ടെർമിനേറ്റ് ചെയ്യുകയും ജോലികൾ റീടെൻഡർ ചെയ്യാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിനുള്ള നടപടികൾ വേഗത്തിലാക്കുന്നതിനൊപ്പം നിലവിൽ റോഡിലൂടെ സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയുന്ന വിധത്തിൽ കുഴികൾ അടക്കാനുള്ള നടപടികൾ അടിയന്തരമായി ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.