ചങ്ങനാശ്ശേരി: കോട്ടയം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് സംഗമിക്കുന്ന റെഡ് സ്ക്വയര്‍ ജങ്ഷനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരിച്ചു.
ആലപ്പുഴയില്‍നിന്നും എ.സി റോഡിലൂടെ ചങ്ങനാശ്ശേരിയിലേക്ക് രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം പ്രവേശിച്ചപ്പോള്‍ റെഡ് സ്ക്വയര്‍ ജങ്ഷനില്‍ കാത്തുനിന്ന പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി റോഡിന് നടുവില്‍ വാഹനത്തിനു മുന്നില്‍ കയറി നിന്നെങ്കിലും പൊലീസെത്തി ഇവരെ മാറ്റി, എന്നാൽ, കൂറ്റന്‍ പതാകയുമായി വാഹനത്തിനു പിറകെ ജനം ഓടിയെത്തുന്നതു കണ്ട് രാഹുല്‍ വാഹനം നിര്‍ത്തി.
പെരുന്ന എന്‍.എസ്.എസ് ആസ്ഥാനത്തിനു സമീപം നിര്‍ത്തിയ വാഹനത്തിലിരുന്നു കൊണ്ട് ഓടിയെത്തിയ പ്രവര്‍ത്തകർക്കൊപ്പം സെല്‍ഫിയെടുക്കുകയും സംസാരിക്കുകയും ചെയ്തു. പ്രവര്‍ത്തകരായ നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്നും ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലണമെന്നും രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പറഞ്ഞു.
ഡി.സി.സി സെക്രട്ടറി പി.എച്ച് നാസറിന് കൈകൊടുത്തുകൊണ്ടാണ് കാര്യങ്ങള്‍ വിശദീകരിച്ചത്. രാഹുല്‍ഗാന്ധിയോടൊപ്പം കെ.പി.സി.സി സെക്രട്ടറി മുല്ലപ്പള്ളി രാമചന്ദ്രനും എ.ഐ.സി.സി സെക്രട്ടറി വേണുഗോപാലും ഉണ്ടായിരുന്നു. കൂടുതല്‍ സമയം ചെലവഴിച്ചതോടെ പൊലീസ് ഉദ്യോഗസ്ഥരും വി.ഐ.പി ചുമതലയുള്ള കമാന്‍ഡോസും ഇറങ്ങിയാണ് രാഹുല്‍ ഗാന്ധിക്ക് വഴിയൊരുക്കിയത്. അദ്ദേഹം ചിങ്ങവനം പരുത്തുംപാറയില്‍ റോഡ് ഷോയ്ക്കായി പോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.