കോട്ടയം: സംസ്ഥാന വ്യാപകമായി അന്തർസംസ്ഥാന തൊഴിലാളികളുടെ കണക്കെടുക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ അതിഥി പോർട്ടലിൽ രജിസ്റ്റർ ചെയ്തത് 9200 പേർ. ജില്ല ലേബർ ഓഫിസിന്റെ കീഴിലാണ് രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുന്നത്. തൊഴിലാളികൾക്ക് തനിയെ ഐ.ഡിയും പാസ്വേഡും നൽകി പോർട്ടലിൽ വിവരങ്ങൾ നൽകാം. തൊഴിലുടമ വഴിയോ കരാറുകാരൻ വഴിയോ ചെയ്യാം.
അല്ലാത്തവർക്ക് ലേബർ ഓഫിസ് വഴി രജിസ്റ്റർ ചെയ്യാനും സംവിധാനമുണ്ട്. ലേബർ ഓഫിസ് അധികൃതർ വൈകുന്നേരങ്ങളിൽ അവരുടെ താമസസ്ഥലത്ത് ക്യാമ്പ് സംഘടിപ്പിച്ചാണ് വിവരശേഖരണം നടത്തിയത്. ഒറ്റപ്പെട്ട തൊഴിലാളികളുടെ വിവരശേഖരണമാണ് ഇപ്പോൾ നടക്കുന്നത്. പകൽ ജോലിക്കു പോകുന്നതിനാൽ പലരെയും കണ്ടുകിട്ടൽ ശ്രമകരമാണ്. പേര്, വിലാസം, ആധാർ നമ്പർ, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്. പോർട്ടലിലെ വിവരങ്ങൾ തൊഴിലാളികൾക്ക് കാണാൻ കഴിയും.
ഒരു ജില്ലയിൽ രജിസ്റ്റർ ചെയ്തയാൾ മറ്റൊരു ജില്ലയിലേക്കു ജോലിക്ക് പോയാൽ പോർട്ടലിൽ ഇക്കാര്യം എഡിറ്റ് ചെയ്യാം. പ്ലേ സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്ന അതിഥി ആപ് ഉടൻ പ്രവർത്തനസജ്ജമാകും. ഇതിൽ തൊഴിലാളികൾക്കുതന്നെ വിവരങ്ങൾ രേഖപ്പെടുത്താം. സംസ്ഥാന സർക്കാർ തൊഴിൽ വകുപ്പുമായി സഹകരിച്ചാണ് അന്തർസംസ്ഥാന തൊഴിലാളികളുടെ വിവരം ശേഖരിക്കുന്നത്. ജനമൈത്രിയുമായി സഹകരിച്ച് പൊലീസും പ്രത്യേകം വിവരശേഖരണം ആരംഭിച്ചു. ഇവരുടെ താമസസ്ഥലങ്ങളിൽ ചെന്ന് കണക്കെടുക്കുകയാണ് പൊലീസ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.