അന്തർ സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം; പോർട്ടലിൽ രജിസ്റ്റർ ചെയ്തത് 9200 പേർ
text_fieldsകോട്ടയം: സംസ്ഥാന വ്യാപകമായി അന്തർസംസ്ഥാന തൊഴിലാളികളുടെ കണക്കെടുക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ അതിഥി പോർട്ടലിൽ രജിസ്റ്റർ ചെയ്തത് 9200 പേർ. ജില്ല ലേബർ ഓഫിസിന്റെ കീഴിലാണ് രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുന്നത്. തൊഴിലാളികൾക്ക് തനിയെ ഐ.ഡിയും പാസ്വേഡും നൽകി പോർട്ടലിൽ വിവരങ്ങൾ നൽകാം. തൊഴിലുടമ വഴിയോ കരാറുകാരൻ വഴിയോ ചെയ്യാം.
അല്ലാത്തവർക്ക് ലേബർ ഓഫിസ് വഴി രജിസ്റ്റർ ചെയ്യാനും സംവിധാനമുണ്ട്. ലേബർ ഓഫിസ് അധികൃതർ വൈകുന്നേരങ്ങളിൽ അവരുടെ താമസസ്ഥലത്ത് ക്യാമ്പ് സംഘടിപ്പിച്ചാണ് വിവരശേഖരണം നടത്തിയത്. ഒറ്റപ്പെട്ട തൊഴിലാളികളുടെ വിവരശേഖരണമാണ് ഇപ്പോൾ നടക്കുന്നത്. പകൽ ജോലിക്കു പോകുന്നതിനാൽ പലരെയും കണ്ടുകിട്ടൽ ശ്രമകരമാണ്. പേര്, വിലാസം, ആധാർ നമ്പർ, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്. പോർട്ടലിലെ വിവരങ്ങൾ തൊഴിലാളികൾക്ക് കാണാൻ കഴിയും.
ഒരു ജില്ലയിൽ രജിസ്റ്റർ ചെയ്തയാൾ മറ്റൊരു ജില്ലയിലേക്കു ജോലിക്ക് പോയാൽ പോർട്ടലിൽ ഇക്കാര്യം എഡിറ്റ് ചെയ്യാം. പ്ലേ സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്ന അതിഥി ആപ് ഉടൻ പ്രവർത്തനസജ്ജമാകും. ഇതിൽ തൊഴിലാളികൾക്കുതന്നെ വിവരങ്ങൾ രേഖപ്പെടുത്താം. സംസ്ഥാന സർക്കാർ തൊഴിൽ വകുപ്പുമായി സഹകരിച്ചാണ് അന്തർസംസ്ഥാന തൊഴിലാളികളുടെ വിവരം ശേഖരിക്കുന്നത്. ജനമൈത്രിയുമായി സഹകരിച്ച് പൊലീസും പ്രത്യേകം വിവരശേഖരണം ആരംഭിച്ചു. ഇവരുടെ താമസസ്ഥലങ്ങളിൽ ചെന്ന് കണക്കെടുക്കുകയാണ് പൊലീസ് ചെയ്യുന്നത്.
കണക്കെടുപ്പിലെ കൗതുകങ്ങൾ
- അന്തർ സംസ്ഥാന തൊഴിലാളികളിൽ അധികം പേരും പശ്ചിമബംഗാളിൽനിന്നുള്ളവരാണ്. അസം, ഒഡിഷ, ഝാർഖണ്ഡ്, ബിഹാർ, യു.പി തുടങ്ങിയിടങ്ങളിൽനിന്ന് ഉള്ളവരുമുണ്ട്.
- പായിപ്പാടാണ് കൂടുതൽ തൊഴിലാളികളുള്ളത്. മുളക്കുളം, ഈരാറ്റുപേട്ട എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും ഇവർ താമസിക്കുന്നു.
- പശ്ചിമബംഗാളിൽനിന്ന് ഉള്ളവരിൽ ഭൂരിഭാഗവും കെട്ടിട നിർമാണ മേഖലയിൽ ജോലി ചെയ്യുന്നവരാണ്. മറ്റുള്ളവർ കേന്ദ്രീകരിച്ചിരിക്കുന്നത് കമ്പനി/ ഫാക്ടറി ജോലികളിലും.
- കൂട്ടമായാണ് ഇവരുടെ താമസം. ഒറ്റക്ക് താമസിക്കുന്നവർ കുറവാണ്.
- ഒരാൾ കേരളത്തിൽ ജോലിക്കെത്തിയാൽ പിന്നാലെ ബന്ധുക്കളെയും നാട്ടുകാരെയും ജോലിക്ക് കൊണ്ടുവരും. ഒരാൾ പോയാൽ ഇവരെല്ലാം മടങ്ങുകയും ചെയ്യും.
- നേരത്തേ കൃത്യമായ ശമ്പളം നൽകാതെ തൊഴിലുടമയും കരാറുകാരും കബളിപ്പിച്ചിരുന്ന സ്ഥിതിക്ക് മാറ്റം വന്നു. കൃത്യമായി ശമ്പളം കിട്ടിയില്ലെങ്കിൽ അവർ പണി ഉപേക്ഷിച്ചു മടങ്ങും.
- ആഘോഷങ്ങൾ, വിളവെടുപ്പുകാലം, കൃഷിയിറക്കൽ തുടങ്ങിയവയുടെ സമയത്താണ് ഇവർ നാട്ടിലേക്കുപോവുക. നാട്ടിൽ കൃഷിയിറക്കി ഇടവേളയിൽ കേരളത്തിൽ ജോലിക്കു വരുന്നവരും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.