ഈരാറ്റുപേട്ട: പൊള്ളുന്ന മീനച്ചൂടിനൊപ്പം നോമ്പുകാലം കൂടിയായതോടെ പഴങ്ങളുടെ വിൽപന പൊടിപൊടിക്കുകയാണ്. പകൽ മുഴുവൻ വ്രതാനുഷ്ഠാനത്തിൽ മുഴുകി വൈകീട്ട് നോമ്പുതുറക്കുമ്പോൾ മനസ്സിനും ശരീരത്തിനും തണുപ്പേകുന്നതിന് പഴങ്ങളെയാണ് എല്ലാവരും ആശ്രയിക്കുന്നത്.
നോമ്പുകാലവും ചൂടും ഒരുമിച്ചെത്തിയതോടെ പഴങ്ങളുടെ വിലയും പൊള്ളിത്തുടങ്ങി. ഒരുമാസം മുമ്പ് വരെ വിലകുറഞ്ഞു നിന്നിരുന്ന പഴങ്ങളുടെ വിലയിൽ വൻവർധനവാണുണ്ടായിരിക്കുന്നത്. 50 രൂപയിൽ താഴെ വിലയുണ്ടായിരുന്ന പൈനാപ്പിളിന്റെ വില 70 ആയി ഉയർന്നു. പൈനാപ്പിൾ കയറ്റുമതി വർധിച്ചതും ലഭ്യത കുറവുമാണ് വിലവർധിക്കാൻ കാരണം. വലുപ്പം കൂടിയ കറുത്ത മുന്തിരിയും വിപണിയിൽ സുലഭമാണ്. കർണാടകയിൽ നിന്നാണ് മുന്തിരി ഇവിടെ എത്തുന്നത്.
ഓറഞ്ച് നാഗ്പുർ, അമരാവതി എന്നിവിടങ്ങളിൽനിന്നും തണ്ണിമത്തങ്ങ ബംഗളൂരുവിൽ നിന്നുമാണ് എത്തിക്കുന്നത്. ആപ്പിളിന്റെ വില ഗാല -240 രൂപ, ഗ്രീൻ -240 രൂപ, തുർക്കി റെഡ് -220 രൂപ, പിയർ ആപ്പിൾ -340 രൂപ, അവക്കാഡോ -400, കിവിപഴം -120, കറുത്തമുന്തിരി -120, പച്ചമുന്തിരി -80, തണ്ണിമത്തൻ (അകം മഞ്ഞ) -50, (പുറംമഞ്ഞ) -40, കിരൺ -30, നാടൻ തണ്ണിമത്തൻ -25 എന്നിങ്ങനെയാണ് വില. കാലാവസ്ഥയും നോമ്പും വിപണനത്തിന് അനുകൂലമാണെന്ന് വ്യാപാരികൾ പറയുന്നു.ഏത്തപ്പഴത്തിന് കിലോക്ക് 40 രൂപയാണ് വില. ഞാലിപ്പൂവൻ 60.
സീസൺ ആരംഭിച്ചതോടെ വിവിധയിനം മാമ്പഴവും വിപണിയിൽ എത്തി. പേരക്ക മാങ്ങ, നീലം മാങ്ങ എന്നിവയുടെ സീസൺ ആരംഭിച്ചു.വലുപ്പം കുറഞ്ഞ മധുരമുള്ള ഓറഞ്ചുകളും ലഭ്യമാണ്. ഓറഞ്ചിന് കിലോക്ക് 100 രൂപയാണ് വില. സീസൺ കഴിഞ്ഞതോടെ പഴങ്ങൾക്ക് ഇനിയും വിലവർധിക്കുമെന്ന് വ്യാപാരികൾ പറയുന്നു. പപ്പായ വില 40ൽ നിന്ന് 50 രൂപയായി. കീടനാശിനി പ്രയോഗിച്ചിട്ടുള്ള പഴങ്ങൾ ഉപ്പിട്ട വെള്ളത്തിൽ കഴുകി ഉപയോഗിക്കണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.