കോട്ടയം: വിപണിയിൽ കുതിപ്പ് തുടർന്ന് വെളുത്തുള്ളി വില. നല്ലയിനം വെളുത്തുള്ളി കിലോക്ക് 330 രൂപയായി. കിലോക്ക് 130 രൂപ ഉണ്ടായിരുന്നിടത്ത്നിന്നാണ് കൂടിക്കൂടി ഇപ്പോൾ 330 രൂപയിൽ എത്തിയത്. വെളുത്തുള്ളി വാങ്ങാനും വാങ്ങാതിരിക്കാനും പറ്റാത്ത അവസ്ഥയിലാണ് സാധാരണക്കാർ. കാലാവസ്ഥ വ്യതിയാനവും ഉൽപാദനം കുറഞ്ഞതുമാണ് വില കൂടാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. എട്ട് മാസങ്ങൾക്ക് മുമ്പ് വെളുത്തുള്ളിക്ക് കിലോക്ക് 400 രൂപ കടന്നിരുന്നു. ഇതേ തുടർന്ന് അന്തർസംസ്ഥാനത്ത്നിന്ന് സ്റ്റോക്ക് എടുക്കാൻ വ്യാപാരികൾ മടിച്ചിരുന്നു. മാസങ്ങൾ പിന്നിടുംതോറും വെളുത്തുള്ളിക്ക് വില കയറിയിറങ്ങുകയാണ്.
ഏതാനും ആഴ്ചകളായി വെളുത്തുള്ളി വില കൂടിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തുടനീളമുള്ള ചില്ലറ വിൽപന വില കിലോഗ്രാമിന് 260-300 രൂപയാണ്. കഴിഞ്ഞവർഷം കിലോക്ക് 40 രൂപയായിരുന്നു വില, മൂന്നുമാസം മുമ്പ് കിലോക്ക് 150 രൂപയും. ഉള്ളിയുടെ മൊത്ത വ്യാപാരവില കിലോക്ക് 64, സവാളക്ക് 58 രൂപയുമായി. വരുംമാസങ്ങളിൽ ഉള്ളിവർഗങ്ങൾക്ക് വിലകൂടാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നാണ് കൂടുതലായും വെളുത്തുള്ളി എത്തുന്നത്. എന്നാൽ, ഇവിടങ്ങളിൽ ഇക്കുറി ഉൽപാദനം കുറഞ്ഞു. ചൂട് കൂടിയതും വിളവെടുപ്പ് സമയത്തെ മഴയുംമൂലം വെളുത്തുള്ളി നശിച്ചു. പൂഴ്ത്തിവെപ്പും ഉണ്ടെന്ന് കച്ചവടക്കാർ പറയുന്നു.
കർണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ആഗസ്റ്റ് മുതൽ നവംബർവരെയും ഉത്തരേന്ത്യയിൽ സെപ്തംബർ മുതൽ നവംബർ വരെയുമാണ് പ്രധാനമായും വെളുത്തുള്ളി കൃഷിചെയ്യുന്നത്. നിലവിൽ ഉത്പാദനം കുറവാണ്. മഹാരാഷ്ട്രയിൽനിന്നാണ് കൂടുതലും ജില്ലയിലേക്ക് വെളുത്തുള്ളി എത്തുന്നത്. എന്നാൽ, കാലാവസ്ഥാ വ്യതിയാനം കാരണം മഹാരാഷ്ട്രയിൽ ഉൽപാദനം കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്ന് വ്യാപാരികൾ പറയുന്നു.
ഖാരിഫ്, റാബി എന്നീ രണ്ട് സീസണുകളിലായാണ് വെളുത്തുള്ളി കൃഷി ചെയ്യുന്നത്. ഗുജറാത്ത്, മധ്യപ്രദേശ്, തമിഴ്നാട്, കർണാടക, രാജസ്ഥാൻ എന്നിവിടങ്ങളിലെ കർഷകർ ഖാരിഫ് വിളകൾ കൃഷി ചെയ്യുന്നുണ്ട്.
അവിടെ ജൂൺ-ജൂലൈ മാസങ്ങളിൽ നടീൽനടത്തി സെപ്തംബറിന് ശേഷം വിളവെടുപ്പ് നടത്തുന്നു. റാബി വിള സെപ്തംബർ-നവംബർ മാസങ്ങളിൽ നട്ടുപിടിപ്പിച്ച് മാർച്ചിന് ശേഷം വിളവെടുക്കും. ഖാരിഫ് വിളവെടുപ്പ് വൈകുന്നതും വെളുത്തുള്ളി വരവ് മന്ദഗതിയിലായി ഡിമാൻഡ് ഉയർന്നത് വില കുതിച്ചുയരാനും വിലക്കയറ്റത്തിന് കാരണമായതായും ജനുവരി അവസാനം വരെ ചില്ലറ വിൽപന വില കിലോഗ്രാമിന് 250-350 രൂപക്ക് ഇടയിൽ ഉയരാൻ സാധ്യതയുണ്ടെന്നും വ്യാപാരികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.