കോട്ടയം: ഒടുവിൽ 'അസാനി' ചുഴലിക്കാറ്റും മഴയെത്തിച്ചതോടെ വേനൽ മഴയുടെ നിറവിൽ ജില്ല. കണക്കിലധികം മഴയാണ് ജില്ലയിൽ പെയ്തിറങ്ങിയത്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കനുസരിച്ച് 433.2 മില്ലീമീറ്റർ വേനൽ മഴയാണ് ജില്ലയിൽ ലഭിക്കേണ്ടത്. ഈ കണക്കുകൾ മറികടന്നാണ് വേനൽ പെയ്ത്ത്. കഴിഞ്ഞദിവസം വരെ ജില്ലയിൽ പെയ്തത് 464.6 മില്ലീമീറ്റർ മഴയാണ്. കനത്ത മഴ ലഭിച്ച ചൊവ്വ, ബുധൻ ദിവസങ്ങളിലെ കണക്കുകൾ കൂടി ചേരുന്നതോടെ മഴയുടെ അളവിൽ വർധനയുണ്ടാകും.
മേയ് അവസാനിക്കാൻ മൂന്നാഴ്ചയോളം ബാക്കി നിൽക്കുമ്പോഴാണ് ശരാശരിക്കും മുകളിൽ മഴയെത്തി നിൽക്കുന്നത്. കോട്ടയത്തിനൊപ്പം പത്തനംതിട്ട, എറണാകുളം, വയനാട് ജില്ലകളിലും വേനൽമഴപ്പെയ്ത്ത് ശരാശരിക്കും മുകളിലെത്തി. സംസ്ഥാനത്താകെ 56 ശതമാനം അധികമഴയാണ് രേഖപ്പെടുത്തിയതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. മാർച്ച് ഒന്നു മുതൽ മേയ് 31 വരെ നീളുന്ന വേനൽക്കാലത്ത് 361.5 മില്ലീമീറ്റർ മഴയാണ് കേരളത്തിൽ പെയ്യേണ്ടത്. എന്നാൽ, കഴിഞ്ഞദിവസം വരെ പെയ്തിറങ്ങിയത് 294.1 മില്ലീമീറ്ററാണ്.
ചൊവ്വാഴ്‌ച രാത്രി മുതലാണ് ജില്ലയില്‍ ശക്‌തമായ മഴ ആരംഭിച്ചത്. വ്യാഴാഴ്ചയും ഇത് തുടർന്നു. ഈരാറ്റുപേട്ട, തീക്കോയി ഭാഗങ്ങളിലായിരുന്നു ശക്തമായ മഴ. ബുധനാഴ്ച തീക്കോയിയിൽ 151 മില്ലീമീറ്റർ മഴ ലഭിച്ചപ്പോൾ ഈരാറ്റുപേട്ടയിൽ 115 മില്ലീമീറ്റർ മഴയാണ് പെയ്തിറങ്ങിയത്. വ്യാഴാഴ്ചയും ജില്ലയുടെ പലഭാഗങ്ങളിലും ശക്തമായ മഴപെയ്തു. ഇടവേളകളിലായിരുന്നു കനത്തമഴ പെയ്തിറങ്ങിയത്. മണിമലയാറ്റിലും മീനച്ചിലാറ്റിലും ജലനിരപ്പ് ഉയര്‍ന്നു. മീനച്ചിലാർ നിറഞ്ഞൊഴുകുകയാണ്. ഭരണങ്ങാനത്തുണ്ടായ ഉരുൾപൊട്ടലും മീനച്ചിലാറ്റിൽ ജലത്തിന്‍റെ അളവ് വർധിക്കാൻ കാരണമായി.
ഇരു പുഴകളിലും വന്‍ തോതില്‍ പ്ലാസ്‌റ്റിക്, ഇതര മാലിന്യങ്ങള്‍ ഒഴുകിയെത്തിയതും തീരദേശത്തു താമസിക്കുന്നവരെ ബുദ്ധിമുട്ടിലാക്കി. മണിമലയാറ്റില്‍ പഴയിടം കോസ്‌വേയില്‍ പാലത്തിനുപോലും ഭീഷണിയാകുന്ന വിധത്തിലാണ് മാലിന്യം കെട്ടിക്കിടക്കുന്നത്. മീനച്ചിലാറ്റിലടക്കം മീൻ പിടിത്തവും സജീവമായിട്ടുണ്ട്.
കഴിഞ്ഞ തവണ ഉരുള്‍പൊട്ടലുണ്ടായ കൂട്ടിക്കല്‍, മുണ്ടക്കയം, പൂഞ്ഞാര്‍, തീക്കോയി പ്രദേശങ്ങളില്‍ കഴിഞ്ഞദിവസങ്ങളിൽ ശക്‌തമായ മഴ പെയ്‌തത് ആശങ്കക്കും കാരണമായിരുന്നു. ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ജില്ലയിൽ ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്. വ്യാഴാഴ്ച ജില്ലയിൽ മഞ്ഞ അലർട്ടും പുറപ്പെടുവിച്ചിരുന്നു. ശനി, ഞായർ ദിവസങ്ങളിലും ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം വേനൽമഴയിലെ വർധന ആശങ്കകൾക്കും ഇടയാക്കുന്നുണ്ട്. ഇത്തവണ നേരത്തേ കാലവർഷം എത്തുമെന്നാണ് പ്രവചനം. നദികളും തോടുകളും വേനൽ മഴയിൽ നിറഞ്ഞിരിക്കെ, ശക്തമായ കാലവർഷംകൂടി ലഭിച്ചാൽ പ്രളയത്തിലേക്ക് നയിക്കാമെന്നാണ് ആശങ്ക. മേയ് അവസാനവാരത്തോടെ കാലവർഷം എത്തിയേക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.