കോട്ടയം: നിത്യോപയോഗ സാധനങ്ങളുടെയും പാചകവാതകത്തിന്റെയും വിലവർധനയിലും നികുതിമാറ്റങ്ങളിലുംപെട്ട് പ്രതിസന്ധിയിലായി ഭക്ഷണ വ്യാപാര മേഖല. ഈനില തുടർന്നാൽ ചെറുകിടക്കാർക്ക് പിടിച്ചുനിൽക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടുന്നു. പല ചെറുകിട ഹോട്ടലുകളും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. വമ്പൻമാർ മാത്രമെന്ന അവസ്ഥയിലേക്ക് മേഖല മാറുന്നതായും ചൂണ്ടിക്കാട്ടുന്നു. പാചക സാധനങ്ങളുടെയും ഗ്യാസിന്റെയും വില കുതിച്ചുയരുന്നതാണ് പ്രതിസന്ധിക്ക് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.
വിലവർധനയിലേക്ക് നീങ്ങാൻ തങ്ങൾ നിർബന്ധിതരാകുന്നെന്ന് ഇവർ പറയുന്നു. ഭക്ഷണ വ്യാപാര വ്യവസായ മേഖലയെ സംരക്ഷിക്കാൻ സർക്കാറിന്റെ അടിയന്തര ഇടപെടലാണ് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ ഉൾപ്പെടെ ആവശ്യപ്പെടുന്നത്.
മലയാളി തൊഴിലാളികളുടെ എണ്ണം കുറഞ്ഞതും തിരിച്ചടി
ഹോട്ടൽ വ്യവസായത്തിൽ മലയാളി തൊഴിലാളികളുടെ എണ്ണം കുറഞ്ഞതും ഈ മേഖലക്ക് തിരിച്ചടിയായി. മിക്ക ഹോട്ടലുകളിലും ഇപ്പോൾ അന്തർസംസ്ഥാന തൊഴിലാളികളാണ് കൂടുതൽ. ഇവരിൽ പലരും വലിയ തുകയാണ് ശമ്പളമായി ആവശ്യപ്പെടുന്നത്. അതിന് പുറമെ അവർക്ക് താമസസൗകര്യം ഉൾപ്പെടെ ലഭ്യമാക്കേണ്ട ഉത്തരവാദിത്തവും ഉടമയുടെ ബാധ്യതയായി മാറി. ഹോട്ടൽ തൊഴിലാളികളാകാൻ മലയാളികൾക്ക് താൽപര്യം നഷ്ടപ്പെട്ടെന്നാണ് ഇവർ പറയുന്നത്.
അറേബ്യൻ, ചൈനീസ് ഭക്ഷണങ്ങളോട് താൽപര്യം വർധിച്ചതോടെ അത് പാകം ചെയ്യാനറിയുന്ന തൊഴിലാളികൾ വലിയ തുകയാണ് ശമ്പളമായി ആവശ്യപ്പെടുന്നത്. മലയാളി തൊഴിലാളികളെ കിട്ടാത്ത സാഹചര്യമായപ്പോൾ അന്തർസംസ്ഥാന തൊഴിലാളികളെ കൂടുതൽ ശമ്പളം കൊടുത്ത് നിയോഗിക്കേണ്ട സാഹചര്യമാണുണ്ടായിട്ടുള്ളതെന്നും അവർ കൂട്ടിച്ചേർത്തു.
വിലവർധനയല്ലാതെ മാർഗമില്ലെന്ന് ഹോട്ടൽ ഉടമകൾ
തങ്ങൾ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കാൻ വില വർധനയല്ലാതെ മറ്റ് മാർഗമില്ലെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു. പല ഹോട്ടലുകളും സ്വന്തം നിലക്ക് വിലവർധിപ്പിക്കുന്നുണ്ട്. എന്നാൽ, മുമ്പ് സർക്കാർ ഇടപെട്ടുണ്ടാക്കിയ വിലവിവരപ്പട്ടിക ലംഘിച്ച് മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യം തങ്ങൾക്കുണ്ടെന്നും അതിനാൽ പ്രതിസന്ധി മറികടക്കാൻ സർക്കാറിന്റെ ഇടപെടൽ ആവശ്യമാണെന്നും അവർ ആവശ്യപ്പെടുന്നു. വൻകിട ഹോട്ടലുകളിൽ പലതും സ്വന്തം നിലക്ക് നിരക്ക് വർധിപ്പിക്കുമ്പോൾ ചെറുകിട ഭക്ഷണ വ്യാപാര സ്ഥാപനങ്ങൾ പിടിച്ചുനിൽക്കാൻ പ്രായപ്പെടുകയാണെന്നും സംഘടനകൾ ഉൾപ്പെടെ പറയുന്നു.
വിലവർധന, കെട്ടിടവാടക, അമിതകൂലി...,പ്രതിസന്ധിക്ക് നിരവധി കാരണം
നിത്യോപയോഗ സാധനങ്ങളുടെ വില വർധന, പാചകവാതക വില കുതിക്കുന്നത്, കെട്ടിടവാടക, തൊഴിലാളികളുടെ കൂലി, വൈദ്യുതി നിരക്ക് വർധന എന്നിവയാണ് പ്രധാനമായും ഹോട്ടൽ വ്യവസായ മേഖലയിലെ പ്രതിസന്ധിക്ക് കാരണം. വിലസ്ഥിരതയില്ലാത്തതും പ്രതിസന്ധിക്ക് കാരണമായുണ്ട്. പല നിരക്കുകളാണ് ഭക്ഷണ പദാർഥങ്ങൾക്ക് പല ഹോട്ടലുകളിലും ഈടാക്കുന്നത്. ഇത് ചെറുകിട ഹോട്ടലുകളെ സാരമായി ബാധിക്കുകയാണ്. ഏതെങ്കിലും ഒരു സാധനത്തിന് വില കുറയുമ്പോൾ മറ്റ് സാധനങ്ങൾക്ക് വില കുത്തനെ ഉയരുന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു.
ഒരുകാലത്ത് ഹോട്ടൽ വ്യവസായം സാമ്പത്തികമായി ലാഭമുണ്ടാക്കാവുന്ന ഒന്നായിരുന്നെങ്കിലും ഇന്ന് അത് കടുത്ത പ്രതിസന്ധിയിലാണെന്നാണ് പറയുന്നു. പുതിയ ഹോട്ടലുകൾ ഒരുവശത്ത് തുറക്കുമ്പോൾ മറുവശത്ത് നിരവധി ഹോട്ടലുകളാണ് അടച്ചുപൂട്ടുന്നത്. അതിന് പുറമെ ഭക്ഷ്യസുരക്ഷ, തദ്ദേശ സ്ഥാപനങ്ങളുടെ നിരന്തരമുള്ള പരിശോധനകളും പലപ്പോഴും വ്യവസായത്തിന് തിരിച്ചടിയാകുന്നു. പല ചെറുകിട ഹോട്ടലുകളും ബാങ്ക് വായ്പ ഉൾപ്പെടെയെടുത്താണ് പ്രവർത്തിക്കുന്നത്. എന്നാൽ, നിലവിലെ പ്രതിസന്ധി അവയുടെ നിലനിൽപിനെപ്പോലും ബാധിക്കുന്ന നിലയിലാണ്.
പാചക വാതകത്തിന്റെ വില കുത്തനെ ഉയരുന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നുണ്ട്. കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷന് കീഴിൽ 1500 ലധികം ഹോട്ടലുകളാണുള്ളത്. നിലവിലെ സാഹചര്യത്തിൽ ഇതിലെ 80 ശതമാനത്തോളവും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. വിവിധ നികുതി വർധനയും ഹോട്ടൽ മേഖലയെ സാരമായി ബാധിച്ചുവെന്നതാണ് മറ്റൊരു വസ്തുത.
പ്രതിസന്ധി രൂക്ഷമാക്കി അറേബ്യൻ, ചൈനീസ് വിഭവങ്ങളുടെ കടന്നുകയറ്റം
അറേബ്യൻ, ചൈനീസ് ഭക്ഷണങ്ങളുടെ കടന്നുകയറ്റം ചെറുകിട ഹോട്ടൽ വ്യവസായത്തെ പ്രതിസന്ധിയിലാക്കി. ഷവർമ, ഷവായി, കുഴിമന്തി, പിസ, ഫ്രൈഡ് റൈസ്, നൂഡിൽസ് എന്നിവയോട് മലയാളിക്ക് പ്രിയംകൂടിയതോടെ ചെറുകിട തനത് ഭക്ഷണ വ്യാപാര രംഗത്തിന് കനത്ത തിരിച്ചടിയായി. വലിയ വിലകൊടുത്ത് ഇത്തരം ഭക്ഷണസാധനങ്ങൾ വാങ്ങാൻ മലയാളി മടികാണിക്കാതായതോടെ ചെറുകിട ഹോട്ടലുകൾ പ്രതിസന്ധിയിലായെന്നത് മറ്റൊരു സത്യം. അതിന് പുറമെ ഓൺലൈൻ ഭക്ഷണ വ്യാപാരം സജീവമായതും മേഖലക്ക് തിരിച്ചടിയായി. ഓൺലൈൻ വ്യാപാരം വൻകിട ഹോട്ടലുകൾക്ക് കൂടുതൽ ഗുണം ചെയ്യുന്ന നിലയിലേക്ക് മാറിയെന്ന് ചൂണ്ടിക്കാട്ടുന്നു.
മാനദണ്ഡങ്ങളും ഭക്ഷ്യസുരക്ഷയും വൃത്തിയുമില്ലാതെ വഴിയോര ഭക്ഷണശാലകൾ അനധികൃതമായി പ്രവർത്തിക്കുന്നതും വലിയ തുക വാടക നൽകി പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് തിരിച്ചടിയാകുന്നു.
പ്രതിസന്ധി പരിഹരിക്കണം -എൻ. പ്രതീഷ്, കെ.എച്ച്.ആർ.എ ജില്ല പ്രസിഡന്റ്
നിത്യോപയോഗ സാധനങ്ങളുടെ വിലവർധനയും നികുതി വർധനയും ഈ മേഖലയെ സാരമായി ബാധിച്ചു. തൊഴിലാളികളുടെ ദൗർലഭ്യവും കൂലിവർധനയും പ്രശ്നം രൂക്ഷമാക്കി. പരിചയസമ്പന്നരായ തൊഴിലാളികളെ കിട്ടാത്ത അവസ്ഥയുമുണ്ട്. തൊഴിലാളികൾക്ക് ഹെൽത്ത്കാർഡ് ലഭ്യമാക്കുന്നതിനും വലിയ തുക ചെലവാകുന്നുണ്ട്. അതിന് പുറമെ ജലപരിശോധന നിരക്കും വലിയ തോതിൽ ഉയർത്തിയിട്ടുണ്ട്. ഭക്ഷണസാധനങ്ങൾക്ക് വില വർധിപ്പിക്കുന്നതിനും പരിമിതിയുണ്ട്.
സർക്കാർ ഇടപെടണം -മുഹമ്മദ് ഷെരീഫ്, കെ.എച്ച്.ആർ.എ സംസ്ഥാന ട്രഷറർ
ഭക്ഷണ വ്യാപാര മേഖല നേരിടുന്ന നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാറിന്റെ സമയോചിത ഇടപെടലുണ്ടാകണം. വിലക്കയറ്റം ഇങ്ങനെ പോകുകയാണെങ്കിൽ സംസ്ഥാനത്തെ ഹോട്ടലുകളിൽ ബഹുഭൂരിപക്ഷവും അടച്ചുപൂട്ടേണ്ടി വരും. വിലക്കയറ്റം തടയുന്നതിന് സർക്കാറിന്റെ ഇടപെടലുണ്ടായേപറ്റൂ. വിലക്കയറ്റത്തിന് ആനുപാതികമായി ഭക്ഷണവില വർധിക്കുന്നത് തടയുന്നതിനായി സബ്സിഡി നിരക്കിൽ സാധനങ്ങൾ ലഭ്യമാക്കാനുള്ള നടപടിയുണ്ടാകണം. അടിക്കടി പാചകവാതക വില വർധിപ്പിക്കുന്ന രീതി മാറേണ്ടതും മേഖലയെ സംരക്ഷിക്കാൻ ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.