കോട്ടയം: കളമശ്ശേരിയിലെ സ്ഫോടന പശ്ചാത്തലത്തിൽ നഗരത്തിലെ പ്രധാനകേന്ദ്രങ്ങളിൽ പൊലീസ് പരിശോധന നടത്തി. സംസ്ഥാനത്തെമ്പാടും പരിശോധന നടക്കുന്നതിന്റെ ഭാഗമായാണ് ജില്ലയിലും പരിശോധന.
ഷോപ്പിങ് മാൾ, ചന്തകൾ, കൺവൻഷൻ സെന്ററുകൾ, സിനിമാതിയേറ്റർ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, പ്രാർഥനാലയങ്ങൾ, ആളുകൾ കൂട്ടംചേരുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കാൻ സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശം നൽകിയിരുന്നു.
സ്ഫോടന വിവരം അറിഞ്ഞതിന് പിന്നാലെ ജില്ല പൊലീസ് മേധാവി കെ. കാർത്തിക് ജാഗ്രത നിർദേശം പുറപ്പെടുപ്പിക്കുകയും മുതിർന്ന ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുകയും ചെയ്തു.
ഞായറാഴ്ച ആയിരുന്നതിനാൽ ജില്ലയിലെ മിക്ക കേന്ദ്രങ്ങളിലും തിരക്ക് കുറവായിരുന്നു. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവരുടെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. തിയേറ്ററുകളിലും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്തവിധം രഹസ്യനിരീക്ഷണം നടത്തി. ബസ് സ്റ്റാൻഡിൽ ഉൾപ്പെടെ സംശയാസ്പദ സാഹചര്യത്തിൽ കണ്ടവരെ ചോദ്യംചെയ്യുകയും ബാഗുകൾ പരിശോധിക്കുകയും ചെയ്തു. വാഹന പരിശോധനയും നടത്തി.
ഹോട്ടലുകൾ, ലോഡ്ജുകൾ എന്നിവിടങ്ങളിലെ താമസക്കാരുടെ വിവരവും പൊലീസ് ശേഖരിച്ചു. എറണാകുളത്തിന്റെ സമീപ ജില്ലയാണെന്നതാണ് പരിശോധന കർശനമാക്കാൻ കാരണം.
നഗരത്തിൽ ടി.ബി റോഡിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ വഴിയോര കച്ചവടകേന്ദ്രങ്ങൾ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, നാഗമ്പടം ബസ് സ്റ്റാന്റ്, തിരുനക്കര മൈതാനം, ചന്തകൾ തുടങ്ങിയിടങ്ങളിൽ പരിശോധന നടത്തി. ടൂറിസം കേന്ദ്രങ്ങളിൽ പ്രത്യേക ജാഗ്രതനിർദ്ദേശവും നൽകി. സ്ഫോടന പശ്ചാത്തലത്തിൽ പ്രധാന നഗരങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.