കാഞ്ഞിരപ്പള്ളിയിൽ കഞ്ചാവുമായി പിടിയിലായ പ്രതികൾ

നാലു കിലോ കഞ്ചാവുമായി നാലംഗ സംഘം പിടിയിൽ

കാഞ്ഞിരപ്പള്ളി: നാലു കിലോ കഞ്ചാവുമായി കാഞ്ഞിരപ്പള്ളിയിൽ നാലംഗ സംഘം പിടിയിൽ. പാറക്കടവിൽ കണ്ടത്തിൽ അഫ്സൽ (25), ആനിക്കപ്പറമ്പിൽ വീട്ടിൽ ബാസിത് (19), കാഞ്ഞിരപ്പള്ളി ഒന്നാം മൈൽ അശ്വതി ഭവനിൽ അനന്തു (20), പാറക്കടവ് ആനിക്കപ്പറമ്പിൽ സാബിത് (20) എന്നിവരെയാണ് ജില്ല ലഹരി വിരുദ്ധ സ്​ക്വാഡും കാഞ്ഞിരപ്പള്ളി പൊലീസും ചേർന്നു പിടികൂടിയത്.

കഞ്ചാവ്​ വിൽപന വ്യാപകമാണെന്ന വിവരത്തെ തുടർന്ന്​ കാഞ്ഞിരപ്പള്ളി, 26ാംമൈൽ, ആനക്കല്ല് ഭാഗങ്ങളിൽ ലഹരി വിരുദ്ധ സ്​ക്വാഡ്​ നിരീക്ഷണം നടത്തിവരുകയായിരുന്നു. ബാസിത്തും അനന്തുവും ഓട്ടോയിൽ കഞ്ചാവ് എത്തിച്ചുവിൽക്കുന്നതായി ശ്രദ്ധയിൽപെട്ടു. തുടർന്നു സ്​ക്വാഡ് അംഗങ്ങൾ ഇടപാടുകാരെന്ന വ്യാജേനെ പ്രതികളെ സമീപിച്ചു. 500 രൂപയുടെ പൊതികളാണ് ഇവർ വിറ്റിരുന്നത്. ഓട്ടോയിൽ കഞ്ചാവുമായി വന്ന ഇരുവരെയും പിടികൂടി ചോദ്യം ചെയ്തതോടെയാണ് ഇരുപത്തിയാറാം മൈൽ പുൽക്കുന്നുഭാഗത്ത്​ കോഴിഫാം നടത്തുന്ന അഫ്സലാണു കഞ്ചാവ് സൂക്ഷിക്കുന്നതെന്ന വിവരം ലഭിച്ചത്. ഇരുവരെയുമായി അഫ്സലിെൻറ ഫാമിൽ എത്തുകയായിരുന്നു.

കഞ്ചാവിനു സംരക്ഷണം ഉറപ്പാക്കാൻ ഇയാൾ നാല് റോഡ് വീലർ നായ്ക്കളെ ഫാമിൽ വളർത്തിയിരുന്നു. പരിചയമില്ലാത്ത ആരെങ്കിലും ഫാമിനുള്ളിലേക്ക്​ കയറിയാൽ ഇയാൾ നായ്ക്കളെ അഴിച്ചു വിടുകയാണ് ചെയ്തിരുന്നത്. പൊലീസ്​ എത്തിയത് അറിഞ്ഞ ഇയാൾ നായ്ക്കളെ അഴിച്ചുവിടാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

പ്ലാസ്​റ്റിക് വീപ്പയിൽ കഞ്ചാവ്​ നിറച്ച ശേഷം, കുഴിച്ചിട്ട് മുകളിൽ പ്ലാസ്​റ്റിക് ചാക്കിട്ട്, ഇതിനും മുകളിൽ കരിയില വിതറിയാണ് സൂക്ഷിച്ചിരുന്നത്. സാബിത്താണ് തമിഴ്നാട്ടിൽനിന്ന്​ കഞ്ചാവ് എത്തിച്ചിരുന്നതെന്ന വിവരത്തിെൻറ അടിസ്ഥാനത്തിൽ ഇയാളെയും അറസ്​റ്റ്​ ചെയ്തു. കാഞ്ഞിരപ്പള്ളി എസ്​.എച്ച്.ഒ ഇ.കെ. സോൾജിമോൻ, പൊൻകുന്നം എസ്​.എച്ച്.ഒ എസ്​. ഷിഹാബുദ്ദീൻ, മുകേഷ്, ഷിബു, ജോർജുകുട്ടി, പ്രദീപ്, മജോ എസ്​. രാജ്, സ്​ക്വാഡ് അംഗങ്ങളായ പ്രതീഷ് രാജ്, ശ്രീജിത് ബി. നായർ, കെ.ആർ. അജയകുമാർ, തോംസൺ കെ. മാത്യു, എസ്​. അരുൺ, വി.കെ. അനീഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്​റ്റ് ചെയ്തത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.