കോട്ടയം: ജനറൽ ആശുപത്രി കോമ്പൗണ്ടിലെ മണ്ണ് നീക്കം ചെയ്യാത്തതുമൂലം മൾട്ടി സ്പെഷാലിറ്റി ഹോസ്പിറ്റലിന്റെ നിർമാണം വൈകുന്ന ദുരവസ്ഥക്ക് പരിഹാരമാകുന്നു. മണ്ണ് ആലപ്പുഴയിലേക്ക് കൊണ്ടുപോകാനായിരുന്നു ആദ്യം ആലോചനയെങ്കിലും അധികച്ചെലവ് മൂലം 2023ൽ വേണ്ടെന്ന് വെച്ചിരുന്നു. തുടർന്ന് ഈ മണ്ണ് കോട്ടയം, ഏറ്റുമാനൂർ നിയോജക മണ്ഡലങ്ങളിൽ പൊതുആവശ്യത്തിന് ഉപയോഗപ്പെടുത്താൻ മന്ത്രി വി.എൻ. വാസവനും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും കലക്ടറും ഉൾപ്പെടെയുള്ളവർ പങ്കെടുത്ത 2024 ജനുവരിയിലെ യോഗത്തിൽ തീരുമാനിച്ചു.
പദ്ധതി അനന്തമായി വൈകുന്നതിൽ അസ്വസ്ഥരായിരുന്ന നിർമാണ കരാറുകാർ, തൊട്ടടുത്താണെങ്കിൽ തങ്ങളുടെ ചെലവിൽ മണ്ണ് മാറ്റാനും സമ്മതിച്ചു. 2018ൽ പ്രഖ്യാപിച്ച 129.89 കോടിയുടെ 10 നിലകളുള്ള ബഹുനില മന്ദിര നിർമാണത്തിന്റെ ഒന്നാം ഘട്ടം 2025 ജനുവരിയിൽ പൂർത്തീകരിക്കേണ്ടതായിരുന്നു. നീക്കം ചെയ്യുന്ന മണ്ണ് കോട്ടയം, ഏറ്റുമാനൂർ മണ്ഡലങ്ങളിൽ ഉപയോഗപ്പെടുത്താനുള്ള ഉന്നതതല യോഗത്തിലെ ധാരണയുടെ ഭാഗമായി മന്ത്രി വാസവനും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും മണ്ണ് എവിടെ ഉപയോഗപ്പെടുത്തണമെന്ന് നിർദേശങ്ങൾ മുൻ കലക്ടർക്ക് നൽകിയിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർദേശിച്ചത് എം.സി റോഡിനെയും ഈരയിൽക്കടവ് റോഡിനെയും ബന്ധിപ്പിച്ചുകൊണ്ട് മുപ്പായ് പാടം വഴി മുപ്പായ്ക്കാടിനുള്ള റോഡ് എട്ട് മീറ്റർ വിതിയിൽ എം.സി റോഡിന്റെ പൊക്കത്തിൽ ഉയർത്താനാണ്.
വെള്ളക്കെട്ട്, മാലിന്യം തള്ളൽ, സാമൂഹികവിരുദ്ധ ശല്യം തുടങ്ങി കോടിമത-മുപ്പായ്ക്കാട് റോഡ് നിരന്തരം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഈ റോഡ് മുനിസിപ്പാലിറ്റിയുടേതാണെങ്കിലും 2019ൽ മധ്യഭാഗത്ത് 200 മീറ്റർ ടാർ ചെയ്തതൊഴിച്ചാൽ നഗരസഭ പണമേ മുടക്കിയിട്ടില്ല. മേഴ്സി രവി എം.എൽ.എയായിരിക്കെ 2004ൽ വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി പടിഞാറുഭാഗം പുനരുദ്ധരിക്കുകയും 2007ൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് റോഡ് കോൺക്രീറ്റ് ചെയ്യുകയും ഉണ്ടായെങ്കിലും ഭാരവഹനങ്ങൾ കയറി റോഡ് തകർന്നു. 2019ൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ റോഡിന് ഫണ്ട് അനുവദിച്ചങ്കിലും കരാർ ഏറ്റെടുക്കാൻ ആളുണ്ടായില്ല. ജില്ല ആശുപത്രിയിൽനിന്ന് നീക്കം ചെയ്യുന്ന മണ്ണ് കോടിമത-മുപ്പായ്ക്കാട് റോഡിൽ അടിക്കണമെന്ന ആവശ്യം ഉന്നയിച്ച് എം.എൽ.എ കലക്ടർക്ക് കത്തുനൽകിയിരുന്നു. നഗരസഭയിലെ എൻജിനീയറിങ് വിഭാഗം ചില തടസ്സങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് പലതവണ എം.എൽ.എ കലക്ടറുടെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നാണ് വർക്കുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്.
തുടർന്ന് എം.എൽ.എയും നിർമാണച്ചുമതലയുള്ള ഇൻകൽ പ്രതിനിധികളും ഈ കാര്യം നടത്താൻ ഫയൽ പിന്തുടർന്നെങ്കിലും നടപടിക്രമങ്ങളും അനുമതികളും വൈകുകയായിരുന്നു. ഇപ്പോഴും കലക്ടറുടെ അന്തിമ അനുമതിയായാലേ മണ്ണ് നീക്കം ചെയ്യാൻ കഴിയുകയുള്ളൂ. രണ്ട് ദിവസത്തിനുള്ളിൽ തീരുമാനമാകുമെന്നാണ് പ്രതീക്ഷയെന്ന് എം.എൽ.എ പറഞ്ഞു. എം.എൽ.എ ഫണ്ട് ഉപയോഗിച്ച് ഈ റോഡിന്റെ വശം കെട്ടി ടാറിങ്ങും നടത്തുമെന്ന് തിരുവഞ്ചൂർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.