കോട്ടയം: ക്രിസ്മസിനോടനുബന്ധിച്ച് നഗരത്തിൽ തുടങ്ങിയ ഗതാഗതക്കുരുക്ക് യാത്രക്കാരെ വലക്കുന്നു. നഗരത്തിനകത്ത് കടന്നാൽ കുരുക്കിൽപെടാതെ പുറത്തുകടക്കാനാവില്ല. കോടിമതയിൽ പുതിയ ഷോപ്പിങ് മാൾ തുറന്നതോടെ അവിടേക്ക് കൂടുതൽ ആളുകൾ എത്തിയതും കുരുക്കിന് കാരണമായി.
ബേക്കർ ജങ്ഷൻ, ആകാശപ്പാത എന്നിവിടങ്ങളിൽനിന്നു തുടങ്ങുന്ന വാഹനങ്ങളുടെ തിരക്ക് കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് വരെ നീളും. പോസ്റ്റ് ഓഫിസ് റോഡും സമാന അവസ്ഥയിൽ തന്നെ. ബേക്കർ ജങ്ഷനിലെ സിഗ്നലിൽ ഏറെ നേരം കാത്തുകിടന്നാലേ അപ്പുറം കടക്കാനാവൂ. ആകാശപ്പാതക്ക് മുന്നിൽ വീണ്ടും വാഹനങ്ങളുടെ നിര പ്രത്യക്ഷപ്പെടും. ബേക്കറിലേക്ക് വരുന്ന വഴി പോസ്റ്റ് ഓഫിസ് റോഡിലും ഇതാണ് അവസ്ഥ.
ശാസ്ത്രി റോഡിലേക്ക് തിരിയുന്ന വാഹനങ്ങൾ കുടുങ്ങിയാൽ പോസ്റ്റ് ഓഫിസ് റോഡിൽ പിന്നെ അനങ്ങാനാകില്ല. വൺവേ ആണെങ്കിലും കെ.എസ്.ആർ.ടി.സി റോഡിലും തിരക്കാണ്. സ്റ്റാൻഡിൽനിന്ന് ബസുകൾ നിര നിരയായി ഇറങ്ങുന്നതോടെ ഏറെനേരം ഇഴഞ്ഞിഴഞ്ഞ് കടന്നുപോകണം. കുരുക്കിൽപെടുന്ന സ്വകാര്യബസുകൾ സമയം വൈകുന്നതിനാൽ അമിത വേഗത്തിലോടുന്നത് അപകടങ്ങൾക്കും കാരണമാകുന്നു.
പുതിയ ഷോപ്പിങ് മാൾ കാണാൻ ജനങ്ങളുടെ വരവ് കൂടിയതോടെ എം.സി റോഡ് ദിവസങ്ങളായി മണിക്കൂറുകളോളം ഗതാഗതക്കുരുക്കിലാണ്. മറ്റ് ജില്ലകളിൽനിന്നടക്കം ആളുകൾ ഷോപ്പിങ് മാൾ കാണാനെത്തുന്നുണ്ട്. പുതുവർഷാഘോഷങ്ങൾ തുടങ്ങുന്നതോടെ അടുത്ത ദിവസങ്ങളിലും നഗരത്തിൽ തിരക്കിന് കുറവുണ്ടാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.