കോട്ടയം: തീക്കോയി മാവടിയിലെ അപകടഭീഷണി ഉയർത്തുന്ന കൂറ്റൻപാറ ഉടമയുടെ അനുമതിയോടെ പൊട്ടിച്ചുനീക്കാൻ ജില്ല വികസനസമിതി യോഗത്തിൽ തീരുമാനം. ജനവാസ മേഖലയുടെ മുകൾഭാഗത്ത് അപകടകരമായ രീതിയിലുള്ള കൂറ്റൻപാറ പൊളിച്ചുനീക്കണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ട് വരികയായിരുന്നു. മുണ്ടക്കയത്തെ തിലകൻ സ്മാരക മന്ദിര നിർമാണം എത്രയും വേഗം പൂർത്തിയാക്കാൻ കരാറുകാരന് നിർദേശം നൽകിയതായി പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. ഇളംകാട് പാലത്തിന്റെ നിർമാണം ജനുവരി അഞ്ചിന് തുടങ്ങണമെന്ന് ജില്ല വികസന സമിതി യോഗം നിർദേശം നൽകി.
റോഡ് നിർമാണവുമായി ബന്ധപ്പെട്ട് കഞ്ഞിക്കുഴി മുതൽ കലക്ടറേറ്റ് വരെയും മണിപ്പുഴ മുതൽ മറിയപ്പള്ളി വരെയുമുള്ള ഭാഗത്തെ പതിനായിരത്തോളം കുടുംബങ്ങൾക്ക് കുടിവെള്ളം കിട്ടുന്നില്ലെന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉന്നയിച്ച പരാതിയിൽ നടപടി സ്വീകരിച്ചുവരുന്നതായി എൻ.എച്ച്. വിഭാഗം വാട്ടർ അതോറിറ്റി എൻജിനീയർമാർ അറിയിച്ചു. കോട്ടയം നഗരത്തിലെ ടി.ബി. റോഡ്, മാർക്കറ്റ് റോഡ്, എം.എൽ. റോഡ്, പോസ്റ്റ് ഓഫിസ് റോഡ് എന്നീ റോഡുകളിൽ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്ന് തിരുവഞ്ചൂർ ആവശ്യപ്പെട്ടു.
എം.സി റോഡിൽ മണിപ്പുഴ ഭാഗത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഈരയിൽക്കടവ് ബൈപാസിന്റെ തുടർച്ചയായി 850 മീറ്റർ നീളത്തിൽ സ്ഥലം ഏറ്റെടുക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ വാക്കാൽ അവതരിപ്പിച്ച പ്രമേയം യോഗം അംഗീകരിച്ചു.
മുണ്ടക്കയം കന്നിമലയിലെ മടമ്പടി എസ് വളവിൽ ഏഴു സ്ഥലത്ത് റംപിൾ സ്ട്രിപ്പുകളും ബഹുഭാഷാ മുന്നറിയിപ്പു ബോർഡുകളും സ്ഥാപിച്ചതായി അഡ്വ. സെബാസ്റ്യൻ കുളത്തുങ്കൽ എം.എൽ.എയെ ദേശീയപാത കാഞ്ഞിരപ്പള്ളി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. തീക്കോയി പഞ്ചായത്തിലെ അളിഞ്ഞിത്തുരുത്തിലെ മണ്ണ് നീക്കാനായി മരങ്ങൾ മുറിച്ചുനീക്കാൻ നടപടിയായതായി മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ചങ്ങനാശ്ശേരി അഞ്ചുവിളക്ക് -പാണ്ടികശ്ശാല റോഡ്, ഡീലക്സ് പടി-ഇ.എം.എസ് പടി റോഡ് എന്നിവയുടെ നിർമാണത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിനായി സർവേ നടപടികൾ നടന്നുവരുന്നതായി അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ.യെ എൽ.എ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.
ചങ്ങനാശ്ശേരി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ നന്നാക്കാൻ ലഭ്യമായ ക്വട്ടേഷനുകൾ അംഗീകാരത്തിന് സമർപ്പിച്ചിട്ടുണ്ടെന്നും അംഗീകാരം ലഭിച്ചാലുടൻ പ്രവർത്തി ആരംഭിക്കുമെന്നും ജില്ല ട്രാൻസ്പോർട്ട് ഓഫിസർ അറിയിച്ചു.
ചങ്ങനാശ്ശേരിയിലെ തെരുവുനായ ശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി എ.ബി.സി. പദ്ധതി നടപ്പാക്കാൻ അനുയോജ്യമായ 10 സെന്റ് സ്ഥലം കണ്ടെത്തി നൽകണമെന്ന് യോഗം നഗരസഭയോട് നിർദേശിച്ചു. കലക്ടർ ജോൺ വി. സാമുവൽ അധ്യക്ഷത വഹിച്ചു. ജില്ല പ്ലാനിങ് ഓഫീസർ എം.പി. അനിൽകുമാർ, അഡീഷനൽ പൊലീസ് സൂപ്രണ്ട് വിനോദ് പിള്ള, അഡീഷനൽ ജില്ല മജിസ്ട്രേറ്റിന്റെ ചുമതല വഹിക്കുന്ന എം. അമൽമഹേശ്വർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.