കോട്ടയം: പുതിയ മൾട്ടി സ്പെഷാലിറ്റി മന്ദിര നിർമാണം പൂർത്തിയാകുന്നതോടെ ജില്ല ആശുപത്രി മിനി മെഡിക്കൽ കോളജ് ആശുപത്രിയുടെ ആധുനിക നിലവാരത്തിലേക്ക് ഉയരുമെന്ന് മന്ത്രി വി.എൻ. വാസവൻ. കിഫ്ബി സഹായത്തോടെ ആശുപത്രിയിൽ നിർമിക്കുന്ന പുതിയ മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിന്റെ കോർ കമ്മിറ്റി അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പദ്ധതിക്ക് കിഫ്ബിയിൽനിന്ന് 129.89 കോടി രൂപയുടെ ഭരണാനുമതിയാണ് നിലവിൽ ലഭിച്ചത്. അർധ സർക്കാർ സ്ഥാപനമായ ഇൻകെൽ ലിമിറ്റഡിനാണ് നിർമാണ ചുമതല. 2,86,850 ചതുരശ്രയടിയുള്ള 10 നില മന്ദിരമാണ് നിർമിക്കുന്നത്. 35 ഒ.പി വകുപ്പുകൾ, 391 ബെഡുകൾ, 10 ഓപറേഷൻ തിയറ്ററുകൾ, സൂപ്പർ സ്പെഷാലിറ്റി ഒ.പി-ഐ.പി, സി.ടി, എം.ആർ.ഐ മെഷീനുകൾ, മാമോഗ്രാഫി, ഫാർമസിയും ലിഫ്റ്റ് സൗകര്യങ്ങളും കെട്ടിടത്തിൽ ഉണ്ടാകും. നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും അപാകത ഒഴിവാക്കി മുന്നോട്ടുപോകാൻ കോർ കമ്മിറ്റിയുടെ സൂക്ഷ്മ നിരീക്ഷണം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
മുറിച്ചുമാറ്റേണ്ട മരങ്ങൾ, വൈദ്യുതി ലൈനുകളും പോസ്റ്റുകളും മാറ്റി സ്ഥാപിക്കൽ, ജലവിതരണ പൈപ്പുകൾ മാറ്റി സ്ഥാപിക്കൽ, വിവിധ വകുപ്പുകളുടെ ഏകോപനം, ആശുപത്രി പരിസരത്തെ വാഹന പാർക്കിങ് സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ എന്നീ വിഷയങ്ങൾ ചർച്ച ചെയ്തു. 24 മാസമാണ് കെട്ടിടത്തിന്റെ നിർമാണ കാലാവധി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, കലക്ടർ വി. വിഗ്നേശ്വരി, നഗരസഭ അംഗം സിൻസി പാറയിൽ, ദേശീയ ആരോഗ്യ ദൗത്യം ജില്ല പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ, ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. ആർ. ബിന്ദു കുമാരി, ജൂനിയർ അഡ്മിനിസ്ട്രേറ്റിവ് മെഡിക്കൽ ഓഫിസർ ഡോ. സി.ജെ. സിതാര എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.