കോട്ടയം: നഗരസഭയുടെ അധീനതയിലുള്ള കടമുറികളുടെ വാടകയിൽ ഓരോ വർഷവും പത്ത് ശതമാനം വർധന വരുത്തിയിരുന്നത് കൗൺസിൽ തീരുമാനമില്ലാതെ. ഓരോ വർഷവും അഞ്ച് ശതമാനം വർധനയാണ് സാധാരണ വരുത്തിയിരുന്നത്. കൗൺസിലിൽ ബഹളമായതോടെ അജണ്ട വെച്ച് വിഷയം ചർച്ച ചെയ്യാമെന്ന് ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യൻ അറിയിച്ചു. അതുവരെ ലൈസൻസ് ഫീ പുതുക്കൽ മാറ്റിവെക്കാനും തീരുമാനിച്ചു. വൈസ് ചെയർമാൻ ബി. ഗോപകുമാറാണ് വിഷയം കൗൺസിലിൽ അവതരിപ്പിച്ചത്.
2023 ജൂലൈ അഞ്ചിനു ചേർന്ന കൗൺസിലിന്റെ പൊതു തീരുമാനപ്രകാരം വാടകയിൽ പത്തുശതമാനം വർധന വരുത്താനും തുടർനടപടി സ്വീകരിക്കാനും ആവശ്യപ്പെട്ട് ചെയർപേഴ്സൻ നൽകിയ കുറിപ്പാണ് വിവാദമായത്. കൗൺസിലിൽ ഇങ്ങനെ തീരുമാനമെടുത്തിട്ടില്ലെന്നും മിനിറ്റ്സിൽ ഈ തീരുമാനമില്ലെന്നും വൈസ് ചെയർമാൻ വാദിച്ചു. എന്നാൽ, പൊതുതീരുമാനമാണെന്നായിരുന്നു ചെയർപേഴ്സന്റെ മറുപടി. വർഷംതോറും പത്തുശതമാനം വെച്ചാണ് പിരിച്ചുകൊണ്ടിരിക്കുന്നതെന്നും രണ്ടുവർഷത്തേക്കാണ് പത്തു ശതമാനം വർധനയെന്നും റവന്യൂ ഓഫിസർ കൗൺസിലിൽ വ്യക്തമാക്കി. വിഷയം ചർച്ച ചെയ്യാൻ സ്പെഷൽ കൗൺസിൽ കൂടാമെന്ന് ചെയർപേഴ്സൻ പറഞ്ഞെങ്കിലും ഇല്ലാത്ത തീരുമാനം ചർച്ച ചെയ്യാൻ സ്പെഷൽ കൗൺസിൽ ചേരുന്നത് എന്തിനാണെന്ന്, വൈസ് ചെയർമാൻ ചോദിച്ചു. ഇതേച്ചൊല്ലി ഇരുവരും ഏറെ നേരം വാഗ്വാദമായി. പത്തുശതമാനം വർധന ഈടാക്കിയെങ്കിൽ തിരിച്ചു നൽകണമെന്ന് കൗൺസിലർമാരായ എം.പി. സന്തോഷ് കുമാറും ജാൻസിയും ആവശ്യപ്പെട്ടു. കൗൺസിലിൽ വിഷയം വന്നപ്പോൾ ആരും എതിർത്തില്ലെന്നും അധിക തുക വാങ്ങിയെങ്കിൽ തിരിച്ചുനൽകാമെന്നും ചെയർപേഴ്സൻ അറിയിച്ചു. വാങ്ങിയ തുക അടുത്തവർഷത്തെ വാടകയിൽ ക്രമീകരിച്ചു നൽകാനാവുമെന്ന് റവന്യൂ ഓഫിസറും വ്യക്തമാക്കിയതോടെയാണ് ഇതു സംബന്ധിച്ച തർക്കം അവസാനിച്ചത്.
കോടിമത ലോറി സ്റ്റാൻഡിലെ ലേലം പിടിച്ച കരാറുകാരൻ അനുവദിച്ച സ്ഥലത്തല്ലാതെ പലയിടങ്ങളിൽനിന്ന് ഫീസ് പിരിക്കുന്നതായി കൗൺസിലർ വിനു ആർ. മോഹൻ പറഞ്ഞു. കുമാരനെല്ലൂർ മേൽപാലത്തിനു സമീപത്തുനിന്നടക്കം കരാറുകാരൻ ഫീസ് പിരിക്കുന്നു. കരാറുകാരനെ മുനിസിപ്പൽ ഓഫിസിൽ വിളിച്ചുവരുത്തി താക്കീത് ചെയ്തതായി റവന്യൂ ഓഫിസർ അറിയിച്ചു. വ്യാപക പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം റോഡരികിലെ ലോറി പാർക്കിങ് വെസ്റ്റ് പൊലീസ് എത്തി ഒഴിപ്പിച്ചു. റോഡരികിലെ അനധികൃത ലോറി പാർക്കിങ് വലിയ അപകടമാണ് വരുത്തിവെക്കുന്നത്. അടുത്തിടെ ലോറികൾക്കിടയിൽനിന്ന് ഇറങ്ങിവന്ന യാത്രക്കാരൻ വാഹനമിടിച്ചു മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.