കോട്ടയം: വേനൽച്ചൂടിന്റെ തീവ്രതയിൽ വെന്തുരുകി ജില്ല. രാവിലെ 11 മുതൽ പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്. ഫെബ്രുവരി പകുതിയിൽ തന്നെ ഇങ്ങനെ ആയാൽ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ എന്തായിരിക്കും സ്ഥിതിയെന്ന് ചോദിക്കുന്നു ജനം. സാധാരണ മാര്‍ച്ച് ആദ്യവാരം ഉണ്ടാവുന്ന ചൂടാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. രാവിലെ 11നുശേഷം പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പുണ്ടെങ്കിലും ആവശ്യങ്ങൾക്ക് ഇറങ്ങാതിരിക്കാനാകുന്നില്ല.
വഴിയോരക്കച്ചവടക്കാരും ട്രാഫിക് പൊലീസുകാരും അടക്കം വെയിലിൽ വലയുകയാണ്. നഗരത്തിലെ ശീതളപാനീയക്കടകൾക്കു മുന്നിൽ ഇപ്പോൾ വൻതിരക്കാണ്. ചൂട് കണക്കിലെടുത്ത് ഇത്തരം കടകളുടെ എണ്ണവും വർധിച്ചു. ചൂട് അധികരിച്ചതോടെ നിർജലീകരണം ഒഴിവാക്കാൻ സ്കൂളുകളിൽ കുട്ടികളെ വെള്ളം കുടിക്കാൻ ഓർമിപ്പിക്കുന്ന വാർട്ടർബെൽ സംവിധാനം തുടങ്ങിയിട്ടുണ്ട്.
രണ്ടാഴ്ചയായി 36ലാണ് ജില്ലയിലെ താപനില. കഴിഞ്ഞ വ്യാഴാഴ്ച 37ലെത്തി. ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനില്‍ 37.4 ഡിഗ്രി ചൂടാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. തിങ്കളാഴ്ച 37 ഡിഗ്രിയും. സാധാരണയിലും 2.6 ഡിഗ്രി കൂടുതൽ. കാലാവസ്ഥ വകുപ്പിന്റെ ഓട്ടോമാറ്റിക് വെതർസ്റ്റേഷനിലെ കണക്കുപ്രകാരം ചൊവ്വാഴ്ച കോട്ടയത്തെ ഉയർന്ന താപനില 36.5 ഡിഗ്രിയാണ്. കുമരകം -36.2, പൂഞ്ഞാർ -35.7. 2020 മാര്‍ച്ച് 18ന് അനുഭവപ്പെട്ട 38.6 ഡിഗ്രി സെല്‍ഷ്യസാണ് സമീപകാലത്തെ റെക്കോഡ് ചൂട്. 2019 മാര്‍ച്ച് 27, 2018 മാര്‍ച്ച് 13 തീയതികളില്‍ ചൂട് 38.5 ഡിഗ്രിയുണ്ടായിരുന്നു.
ബുധനാഴ്ചയും ജില്ലയിൽ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 37 ഡിഗ്രിവരെ ചൂട് ഉയരാമെന്നാണ് അറിയിപ്പ്. ചൊവ്വാഴ്ചയും ജില്ലയിൽ ഉയർന്ന താപനിലയെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.
വേനൽച്ചൂട് കൂടുന്നതോടെ വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കും കരുതൽ വേണമെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ആവശ്യത്തിന് വെള്ളവും ചൂട് ഒഴിവാക്കാനുള്ള സാഹചര്യവും ഒരുക്കുകയെന്നതാണ് ഏകമാർഗം. പശുവിനും എരുമക്കും പാലിന്റെ അളവ് കുറഞ്ഞുതുടങ്ങി. കൃത്രിമ ബീജധാരണത്തിനും തടസ്സമുണ്ട്. എരുമകൾക്ക് മുങ്ങിക്കിടക്കാൻ പാകത്തിന് വെള്ളം ഒരുക്കുന്നതും ഉചിതമാവും. പന്നികൾക്ക് എപ്പോഴും ശുദ്ധമായ കുടിവെള്ളം നൽകണം.
നായ്ക്കൾ, പൂച്ചകൾ, പക്ഷികൾ എന്നിവയുടെ തീറ്റ രാവിലെയും വൈകീട്ടുമായി പരിമിതപ്പെടുത്തണം. തളർച്ച, ഭക്ഷണം വേണ്ടാത്ത അവസ്ഥ, പനി, വായിൽനിന്ന് നുരയും പതയും വരുക, വായ തുറന്ന് ശ്വാസോച്ഛ്വാസവും പൊള്ളിയ പാടുകളും ശ്രദ്ധയിൽപെട്ടാൽ ഉടൻ സർക്കാർ വെറ്ററിനറി ഹോസ്പിറ്റലിൽ ചികിത്സ തേടണം.
പശുക്കൾക്ക് വായു സഞ്ചാരമുള്ള തൊഴുത്തും ഫാനും നിർബന്ധം, ടാർപോളിന്റെ കീഴെ പശുക്കളെ കെട്ടിയിടരുത്, ഇടക്കിടെ കുളിപ്പിക്കണം, തുണി, ചണച്ചാക്ക് എന്നിവ നനച്ചിടാം, രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ തുറസ്സായ സ്ഥലത്ത് മേയാൻ വിടരുത്, ശുദ്ധമായ കുടിവെള്ളവും പച്ചപ്പുല്ലും നൽകണം. കാലിത്തീറ്റ രാവിലെയും വൈകീട്ടുമായി പരിമിതപ്പെടുത്തുക.
കോഴികൾക്ക് തണുത്ത വെള്ളം ലഭ്യമാക്കണം. രാവിലെയും വൈകിട്ടും തറവിരി ഇളക്കി ഇടണം. വൈറ്റമിൻ സി, ഇലക്ട്രോലൈറ്റ്സ് പ്രോബയോട്ടിക്സ് എന്നിവ വെള്ളത്തിൽ നൽകുന്നത് ചൂട് കുറക്കാൻ സഹായിക്കും. മേൽക്കൂരക്കു മുകളിൽ ചാക്ക് നനച്ച് ഇടണം.
ചുട്ടുപൊള്ളുന്ന വെയിലിൽ കെ.എസ്.ആർ.ടി.സി റോഡിലെ നടപ്പാതയിലിരുന്ന് കച്ചവടം നടത്തുകയാണ് മൂലേടം സ്വദേശിനിയായ സുൽഫി. മഴയായായാലും വെയിലായാലും സുൽഫി വഴിയോരത്ത് കച്ചവടത്തിനെത്തും. കുടയാണ് മഴയിലും വെയിലിലും ഏകആശ്വാസം. മുട്ട, മുറുക്കാൻ, പുളി, ഉണക്കമീൻ തുടങ്ങിയവയാണ് സുൽഫിയുടെ വിൽപന ഇനങ്ങൾ.
കാലങ്ങളായി നഗരത്തിലുള്ളതുകൊണ്ട് ഇവരെ അറിയാത്തവർ ചുരുക്കം. പതിവുകാരാണ് സാധനങ്ങൾ വാങ്ങാനെത്തുന്നവരിൽ അധികവും. പുലർച്ച നഗരത്തിലെത്തി രാത്രി എട്ടരവരെ കച്ചവടം നടത്തും. ഭർത്താവ് ഒരു വർഷം മുമ്പ് മരിച്ചു. മൂന്നുമക്കളുണ്ട്. പഴയ എസ്.എസ്.എൽ.സിക്കാരിയെന്ന് അഭിമാനത്തോടെ പറയുന്ന സുൽഫി ദിവസവും നാലു പത്രം വായിക്കും. രാവിലെ ജോലിക്കിടയിൽ തന്നെയാണ് വായന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.