അതിരമ്പുഴ/ഇരാറ്റുപേട്ട: ജില്ലയിലെ രണ്ട് തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫും എൽ.ഡി.എഫും ഒപ്പത്തിനൊപ്പം. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ (ഐ.ടി.ഐ) എൽ.ഡി.എഫും ഈരാറ്റുപേട്ട നഗരസഭ 16ാം വാർഡിൽ (കുഴിവേലി) യു.ഡി.എഫും വിജയിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് കോൺഗ്രസിൽനിന്ന് എൽ.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു.
കേരള കോൺഗ്രസ് എമ്മിന്റെ ടി.ഡി. മാത്യുവാണ് (ജോയി തോട്ടനാനിയിൽ) 214 വോട്ടിന്റെ ഭൂരിപക്ഷത്തോടെ അട്ടിമറി ജയം സ്വന്തമാക്കിയത്. കോൺഗ്രസിലെ സജി തടത്തിൽ രാജിവെച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്. കഴിഞ്ഞതവണ സജി തടത്തിൽ 98 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയിച്ചത്. യു.ഡി.എഫിലായിരുന്നപ്പോൾ കേരള കോണ്‍ഗ്രസ് (എം) തുടച്ചയായി വിജയിച്ചിരുന്ന വാര്‍ഡായിരുന്നു ഇത്. എന്നാൽ, എൽ.ഡി.എഫിനൊപ്പം കഴിഞ്ഞതവണ മത്സരിച്ചപ്പോൾ തോറ്റു. 22 വാർഡുള്ള അതിരമ്പുഴ പഞ്ചായത്ത് ഭരണം യു.ഡി.എഫിനാണ്. യു.ഡി.എഫ്- 14, എൽ.ഡി.എഫ്- ആറ്, സ്വതന്ത്രൻ -രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.
യു.ഡി.എഫ് ശക്തികേന്ദ്രമായാണ് അതിരമ്പുഴ പഞ്ചായത്ത് വിലയിരുത്തപ്പെടുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം നടന്ന രണ്ടാമത്തെ തദ്ദേശ ഉപതെരഞ്ഞെടുപ്പിലും സീറ്റ് നഷ്ടമായത് കോൺഗ്രസിന് തിരിച്ചടിയായി. രണ്ടുതവണയും കേരള കോൺഗ്രസ് എമ്മാണ് കോൺഗ്രസിന്റെ സീറ്റ് പിടിച്ചെടുത്തത്. നേരത്തേ വാകത്താനം പഞ്ചായത്ത് 11ാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് കേരള കോൺ. (എം) സീറ്റ് പിടിച്ചെടുത്തത്. ബബിത ജോസഫാണ് വിജയിച്ചത്. ടി.ഡി. മാത്യുവിനെ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി അഭിനന്ദിച്ചു.
ഈരാറ്റുപേട്ട നഗരസഭ കുഴിവേലി വാർഡിൽ (16) യു.ഡി.എഫ് സ്ഥാനാർഥി മുസ്ലിം ലീഗിലെ റൂബിന നാസർ (യഹിന മോൾ) 100 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. യു.ഡി.എഫ് സ്വതന്ത്രയായിട്ടായിരുന്നു ഇവർ മത്സരിച്ചത്. റൂബിന നാസറിന് 358 വോട്ട് ലഭിച്ചപ്പോൾ എതിർ സ്ഥാനാർഥി എസ്.ഡി.പി.ഐയുടെ തസ്നീം അനസ് വെട്ടിക്കലിന് 258 വോട്ടാണ് ലഭിച്ചത്. എൽ.ഡി.എഫ് സ്ഥാനാർഥി ഷൈല ഷെഫീക്കിന് 69 വോട്ട് മാത്രമാണ് ലഭിച്ചത്.
2020ലെ നഗരസഭ തെരഞ്ഞടുപ്പിൽ യു.ഡി.എഫിലെ അൻസൽന പരിക്കുട്ടി 59 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥി ഷൈല റഫീഖിനെ പരാജയപ്പെടുത്തിയത്. അന്ന് യു.ഡി.എഫിന് 229 വോട്ടാണ് ലഭിച്ചത്. എൽ.ഡി.എഫിന് 170 വോട്ടും എസ്.ഡി.പി.ഐക്ക് 114 വോട്ടുമായിരുന്നു. സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് അൻസൽന പരിക്കുട്ടി സ്ഥാനം രാജിവെക്കുകയായിരുന്നു. തെരഞ്ഞെടുപ്പുഫലം നഗരസഭ ഭരണത്തെ ബാധിക്കില്ല.
മുസ്ലിം യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് അഡ്വ. വി.പി. നാസറിന്റെ ഭാര്യയാണ് റൂബിന നാസർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.