കോട്ടയം: കാത്തിരിപ്പിനൊടുവിൽ കോടിമത-മുപ്പായ്ക്കാട് റോഡ് മുഖംമിനുക്കാനൊരുങ്ങുന്നു. കോടിമത-മുപ്പായ്ക്കാട് റോഡ് മണ്ണിട്ട് ഉയർത്തുന്ന ജോലികൾക്ക് വ്യാഴാഴ്ച തുടക്കമാകും. കോട്ടയം ജില്ല ജനറൽ ആശുപത്രി വളപ്പിലെ മണ്ണ് ഉപയോഗിച്ചാണ് മുപ്പായിപാടത്തിന് കുറുകെയുള്ള റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നത്. എം.സി റോഡിൽനിന്ന് മുപ്പായ്ക്കാടിനുള്ള റോഡ് ആരംഭിക്കുന്ന ഭാഗത്തുനിന്നാണ് വ്യാഴാഴ്ച രാവിലെ മുതൽ മണ്ണടിച്ചു തുടങ്ങുക. എട്ട് മീറ്റർ വീതിയിൽ എം.സി റോഡിന്റെ ഉയരത്തിലാകും മണ്ണ് നിക്ഷേപിക്കുക. ഇത് പൂർത്തിയായാലുടൻ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് റോഡിന്റെ ഇരുവശത്തും സംരക്ഷണഭിത്തി നിർമിക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും അറിയിച്ചിരുന്നു.
ജില്ല ആശുപത്രിയിലെ മണ്ണ് നീക്കുന്നതോടെ മൾട്ടി സ്പെഷാലിറ്റി ബ്ലോക്ക് നിർമിക്കാനുള്ള തടസ്സവും ഒഴിയും. പത്ത് നിലകളുള്ള മന്ദിരമാണ് നിർമിക്കുന്നത്. ഇതിന്റെ അടിത്തറക്കായി നീക്കുന്ന മണ്ണാണ് റോഡിനായി ഉപയോഗിക്കുന്നത്.
മണ്ണ് നീക്കാൻ പ്രായോഗിക തടസ്സങ്ങൾ രൂപപ്പെട്ടതോടെ കെട്ടിട നിർമാണവും അനിശ്ചിതത്വത്തിലായിരുന്നു. ചർച്ചകൾക്കൊടുവിൽ ഈ മണ്ണ് കോടിമത-മുപ്പായിക്കാട് റോഡ് പുനരുദ്ധാരണത്തിനായി ഉപയോഗിക്കണമെന്ന നിർദേശം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുന്നോട്ടുവെച്ചു. ഇത് ജില്ല വികസന സമിതിയും ജില്ല ഭരണകൂടവും അംഗീകരിക്കുകയായിരുന്നു.
ഇൻകെൽ ലിമിറ്റഡിനാണ് ആശുപത്രി നിർമാണത്തിന്റെ ചുമതല. ഇവരിൽനിന്ന് നിർമാണകരാർ ഏറ്റെടുത്ത കമ്പനികളാണ് മണ്ണ് നീക്കുന്നതും റോഡിൽ നിക്ഷേപിക്കുന്നതും.
എം.സി റോഡിനെയും ബൈപാസ് റോഡിനെയും ബന്ധിപ്പിക്കുന്ന ഈ റോഡ് നവീകരിക്കുന്നതോടെ ഗതാഗത തടസ്സമുണ്ടാകുന്ന ഘട്ടങ്ങളിൽ വാഹനങ്ങൾ ഈ റോഡിലൂടെ തിരിച്ചുവിടാൻ കഴിയുമെന്നും എം.എൽ.എ പറഞ്ഞു.
മണിപ്പുഴ-ഇരയിൽക്കടവ് ബൈപാസ് നിർമിച്ചപ്പോൾ വലിയ വാഹനങ്ങൾ നിരന്തരമായി കടന്നുപോയതോടെയാണ് റോഡ് തകർന്നത്. അവശേഷിക്കുന്ന ഭാഗങ്ങൾ പ്രളയത്തിലും തകരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.