കോട്ടയം: റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാറിടിച്ച് കോഴിക്കോട്ട് യുവാവ് മരിച്ചതിന്റെ നടുക്കത്തിലാണ് കേരളം. കോഴിക്കോട് മാത്രമല്ല, കോട്ടയത്തുമുണ്ട് അമിതവേഗത്തിൽ പാഞ്ഞുള്ള റീൽസ് ചിത്രീകരണം. കൂടുതലും ബൈക്കുകളിലാണ് നിയമം ലംഘിച്ചുള്ള അഭ്യാസം. കുതിച്ചുപായുന്ന ഇത്തരം അഭ്യാസസംഘങ്ങൾ നിരപരാധികളുടെ ജീവൻ കവർന്ന സംഭവങ്ങളും അനവധി. വിജനമായ റോഡുകൾ കേന്ദ്രീകരിച്ചാണ് പലപ്പോഴും ഇത്തരം കുതിച്ചുപായലുകൾ.
രണ്ടുവർഷം മുമ്പ് റേസിങ് നടത്തിയ ബൈക്ക് മറ്റൊരു ബൈക്കിലേക്ക് ഇടിച്ചുകയറി ചങ്ങനാശ്ശേരിയിൽ മൂന്നുപേര്‍ മരിച്ച സംഭവം ജില്ലയെ ഞെട്ടിച്ചിരുന്നു. ചങ്ങനാശ്ശേരി ടി.ബി റോഡില്‍ ജ്വല്ലറി നടത്തിയിരുന്ന പുഴവാത് കാര്‍ത്തിക ഭവനില്‍ സേതുനാഥ് നടേശന് (41), പോത്തോട് അമൃതശ്രീ വീട്ടില്‍ മുരുകന് ആചാരി (67), പുതുപ്പള്ളി തച്ചുകുന്ന് പാലച്ചുവട്ടില്‍ പി.എസ്. ശരത് (18) എന്നിവരാണ് മരിച്ചത്. ശരത് ഓടിച്ച ബൈക്കായിരുന്നു അപകടം വിതച്ചത്. ശരത് ധരിച്ചിരുന്ന ഹെൽമറ്റിൽ കാമറയുണ്ടായിരുന്നു.
ഈരയിൽക്കടവ്-മണിപ്പുഴ ബൈപാസിൽ റേസിങ്ങിനിടെ വ്യത്യസ്ത സംഭവങ്ങളിലായി നാലോളം യുവാക്കളാണ് മരിച്ചത്. രണ്ട് കിലോമീറ്ററോളം നിവർന്നുകിടക്കുന്ന റോഡിൽ ബൈക്ക് സ്റ്റണ്ടിങ് ഷൂട്ടുകൾ പതിവായിരുന്നു.
ചങ്ങനാശ്ശേരി അപകടത്തിനുപിന്നാലെ മോട്ടോർ വാഹന വകുപ്പും പൊലീസും പരിശോധന കർശനമാക്കിയതോടെ ബൈക്ക് സ്റ്റണ്ടിങ് ഷൂട്ടുകൾ കുറഞ്ഞു. എന്നാൽ, അടുത്തിടെ വീണ്ടും റീൽസ് ചിത്രീകരണം വർധിച്ചിട്ടുണ്ട്. ജില്ലയുടെ മലയോര മേഖലയിലെ റോഡുകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ പല അതിവേഗ ഷൂട്ടുകളും. മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും കണ്ണുവെട്ടിക്കാൻ വയൽ റോഡുകളും പലപ്പോഴും ഇവർ തെരഞ്ഞെടുക്കാറുണ്ട്. അടുത്തിടെ വൈക്കം ടൗണിൽ ന്യൂജെൻ ബൈക്കുകളിൽ യുവാക്കൾ അഭ്യാസപ്രകടനം നടത്തുന്നതായി പരാതിയുണ്ടായിരുന്നു. രാത്രിയിൽ വൈക്കം വടക്കേനട, പടിഞ്ഞാറെനട റോഡ്, കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ് റോഡ് എന്നിവിടങ്ങളിലായിരുന്നു അഭ്യാസപ്രകടനം. കുമരകം, ചുങ്കം-മെഡിക്കൽ കോളജ്,പട്ടിത്താനം ബൈപാസ് റോഡ് എന്നിവിടങ്ങളിലും നിയമവിരുദ്ധ പ്രകടനങ്ങൾ നടക്കുന്നതായി പരാതിയുണ്ട്.
സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ ‘വൈറൽ’ പോസ്റ്റിന് വേണ്ടിയാണ് യുവാക്കളുടെ റോഡിലെ പാച്ചിൽ. പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെയുള്ള ഇത്തരം നാടൻ റേസിങ് വിഡിയോകൾ വ്യാപകമാണ്. അമിത വേഗത്തിൽ പോകുന്ന വാഹനങ്ങളുടെ വിഡിയോയും അഭ്യാസ പ്രകടനങ്ങളുമാണ് ഇത്തരത്തിലുള്ള സമൂഹമാധ്യമ ഹാൻഡിലുകളിൽ പ്രധാനമായുള്ളത്.
പൊലീസോ ഗതാഗത വകുപ്പോ പിടിക്കുകയോ പിഴ ഈടാക്കുകയോ ചെയ്താൽ അതിനെയും ‘അംഗീകാരമായി’ കണ്ട് സ്റ്റാറ്റസും പോസ്റ്റും ഇടുന്നതും പതിവാണ്.
ഇത്തരം നിയമവിരുദ്ധ ‘റൈഡർമാരുടെ’ ഇഷ്ട ഉപകരണമാണ് ഹെൽമറ്റിൽ പിടിപ്പിക്കുന്ന ഗോപ്രോ കാമറകൾ. റോഡിലെ വിശാലമായ ദൃശ്യം ഇവ പകർത്തും. യാത്രകളുടെ ദൃശ്യങ്ങൾ പകർത്താനാണ് വ്ലോഗർമാർ ഇത് ഉപയോഗിക്കുന്നതെങ്കിൽ കുതിച്ചുപായുന്ന ദൃശ്യങ്ങൾ ലഭിക്കാനാണ് കുട്ടി റൈഡർമാർ ഉപയോഗിക്കുന്നത്. ഇത്തരക്കാർക്ക് പ്രത്യേക വാട്സ്ആപ് ഗ്രൂപ്പുകുളുമുണ്ട്. ഇതിലും ഇത്തരം വിഡിയോകൾ ഇടുന്നത് പതിവാണ്. കൂട്ടുകാരുടെ അടക്കം ബൈക്കുകളുമായി അഭ്യാസപ്രകടനങ്ങൾ നടത്തുന്നവരും ഏറെയുണ്ട്.
80 ഡെസിബെല്ലിൽ കൂടുതൽ ശബ്ദം പുറത്തുവരാതിരിക്കാനാണ് ബൈക്കുകളിൽ സൈലൻസറുകൾ ഘടിപ്പിച്ചിരിക്കുന്നത്. ഇത് അഴിച്ചുമാറ്റി ശബ്ദം കൂടുതൽ പുറത്തേക്കുവരുന്ന സൈലൻസറുകളാണ് അഭ്യാസപ്രകടനം നടത്തുന്ന ബൈക്കുകളിൽ ഉപയോഗിക്കുന്നത്.
നമ്പർ പ്ലേറ്റുകളും പെട്ടെന്ന് കാണാൻ സാധിക്കാത്ത തരത്തിലാകും ഘടിപ്പിച്ചിരിക്കുന്നത്. കാതടിപ്പിക്കുന്ന ശബ്ദത്തിൽ മിന്നൽവേഗത്തിൽ വരുന്ന ബൈക്കിന്റെ മുൻവശത്തെ ടയർ റോഡിൽനിന്നുയർത്തി ഒരു ടയറിൽ സാഹസികമായി പോകുന്നവരുമുണ്ട്.
ബൈക്കുകളുടെ എൻജിന്റെ ട്യൂണിങ് നടത്തി അഭ്യാസത്തിന് ഉപയോഗിക്കുന്നവരും ഏറെയാണ്. ഹാൻഡിൽ ഉയർത്തുക, താഴ്ത്തുക, വളക്കുക എന്നീ തരത്തിലും ബൈക്കിൽ രൂപമാറ്റം വരുത്തുന്നുണ്ട്. വാഹനത്തിന്റെ സെന്റർ ഓഫ് ഗ്രാവിറ്റി കണക്കാക്കി നിർമിച്ചിരിക്കുന്ന ഹാൻഡിൽ മാറ്റുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നു.
കോട്ടയം: ജില്ലയിലെ നാല് ബൈപാസ് റോഡുകളിൽ സ്ഥിരമായി ബൈക്ക് റേസിങ് നടക്കുന്നതായി നേരത്തേ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം കണ്ടെത്തിയിരുന്നു. ചങ്ങനാശ്ശേരി ബൈപാസ്, പാറോച്ചാൽ ബൈപാസ്, മണിപ്പുഴ-ഈരയിൽക്കടവ് ബൈപാസ്, കടപ്പാട്ടൂർ 12ാം മൈൽ റിങ് റോഡ് എന്നിവയാണ് അഭ്യാസപ്രകടനത്തിന് എത്തുന്നവരുടെ ഇഷ്ടയിടമെന്നായിരുന്നു കണ്ടെത്തൽ.
ചങ്ങനാശ്ശേരി നഗരത്തിലെ തിരക്കിൽപെടാതെ കടന്നുപോകാൻ ളായിക്കാട് മുതൽ പാലാത്ര വരെ നിർമിച്ച സമാന്തര പാതയിലാണ് റേസിങ് ഏറ്റവും കൂടുതൽ നടന്നിരുന്നത്. പാലാത്രയിൽനിന്ന് ബൈപാസിലേക്ക് കയറുന്നത് മുതൽ ഏകദേശം ഒരു കിലോമീറ്റർ വളവും ചരിവും ഇല്ലാതെ നിവർന്നാണ് റോഡ്. ഈ ഭാഗത്താണ് റേസിങ് കൂടുതലായി നടക്കുന്നത്. മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിനുശേഷം റീൽസിനായിട്ടുള്ള അമിത വേഗപ്രകടനങ്ങൾ കുറവുവന്നിട്ടുണ്ടെങ്കിലും പൂർണമായി ഭീതിയൊഴിഞ്ഞിട്ടില്ല.
എം.സി റോഡിലെ നാട്ടകം സിമന്റ് കവലയിൽനിന്ന് പാറോച്ചാലിലേക്കുള്ള ബൈപാസാണ് മറ്റൊരു അഭ്യാസകേന്ദ്രം. നാട്ടകം സിമന്റ്സ് കഴിഞ്ഞുള്ള വിശാലമായ പ്രദേശത്താണ് പലപ്പോഴും കൂട്ടമായുള്ള ബൈക്ക് അഭ്യാസങ്ങൾ നടക്കുന്നത്.
റേസിങ്ങിനിടെ യുവാക്കളുടെ മരണത്തിനുവരെ കാരണമായ പാതയാണ് ഈരയിൽക്കടവ്-മണിപ്പുഴ ബൈപാസ്. രണ്ട് കിലോമീറ്ററോളം നിവർന്നു കിടക്കുന്ന റോഡിൽ ബൈക്ക് സ്റ്റണ്ടിങ് ഷൂട്ടുകൾ പതിവാണ്. രാത്രിയിലും പകലും കുതിച്ചുപായുന്ന ബൈക്കുകൾ പതിവായിരുന്നു. തൊട്ടടുത്ത ദിവസങ്ങളിലായി രണ്ട് ബൈക്ക് യാത്രികർ അപകടത്തിൽ മരിച്ചിരുന്നു. ഇതോടെ പരിശോധനകൾ ശക്തമാക്കി. ഇപ്പോൾ മത്സരയോട്ടങ്ങൾ കുറഞ്ഞിട്ടുമുണ്ട്.
കൊട്ടാരമറ്റത്തുനിന്ന് പാലാ-പൊൻകുന്നം റോഡിലെ പന്ത്രണ്ടാം മൈലിലേക്കുള്ള വീതിയേറിയ റോഡിലും ബൈക്ക് പ്രകടനങ്ങൾ പതിവാണ്.
ഇപ്പോൾ ജില്ലയുടെ മറ്റ് ഭാഗങ്ങളിലെ വിവിധ റോഡുകളും അതിവേഗക്കാർ നിയമവിരുദ്ധ യാത്രക്കായി ഉപയോഗിക്കുന്നുണ്ട്. കാൽനടക്കാരെ അടക്കം ഇടിച്ചുവീഴ്ത്തുന്ന സംഭവങ്ങളുമുണ്ട്. വർഷങ്ങൾക്കുമുമ്പ് പുലർച്ച നടക്കാനിറങ്ങിയ കുടുംബനാഥൻ റേസിങ് ബൈക്ക് ഇടിച്ചു മരണപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.