കോട്ടയം: പുല്ലരിക്കുന്ന് പടിഞ്ഞാറേക്കര കവല ശ്മശാനം റോഡിലെ മാലിന്യം തള്ളൽമൂലം പൊറുതിമുട്ടി നാട്ടുകാർ. 40 അടിയോളം താഴ്ചയിലേക്ക് ഇടിഞ്ഞ റോഡരികിൽ അറവുശാല മാലിന്യമടക്കമാണ് തള്ളുന്നത്. ദുർഗന്ധവും ഒച്ച് അടക്കമുള്ളവയുടെ ശല്യവും മൂലം നാട്ടുകാർ ദുരിതത്തിലായി. റോഡിന്റെ ഒരുഭാഗം ഇടിഞ്ഞിട്ട് 20 വർഷമായി.
ഏതാനും വർഷം മുമ്പ് ഇടിഞ്ഞ റോഡിന്റെ താഴെയുള്ള ഭൂമി, സ്വകാര്യവ്യക്തി വിറ്റു. ആരും ഇങ്ങോട്ട് തിരിഞ്ഞു നോക്കാതായതോടെ ഇവിടം മാലിന്യകേന്ദ്രമായി. ദിവസേന ചാക്കുകണക്കിന് മാലിന്യമാണ് രാത്രിയുടെ മറവിൽ സാമൂഹികവിരുദ്ധർ വാഹനങ്ങളിൽ എത്തിച്ച് തള്ളുന്നത്. ചാക്കുകളിൽ കെട്ടി വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യം, അറവുശാല അവശിഷ്ടങ്ങൾ തുടങ്ങിയവക്കൊപ്പം പശുക്കിടാവിന്റെ ജഡം അടക്കം ഇവിടെ കിടന്ന് ചീഞ്ഞ് അഴുകുകയാണ്. വർഷങ്ങളായി ഇതാണ് റോഡിന്റെ ദുരവസ്ഥ.
പ്രദേശമാകെ ദുർഗന്ധമാണ്. മൂക്കുപൊത്താതെ ഈ റോഡിലൂടെ നടക്കാൻ കഴിയില്ല. ഒച്ച്, കൊതുക്, മറ്റ് പ്രാണികൾ തുടങ്ങിയവയുടെ ശല്യം വേറെ. മഴക്കാലത്ത് മാലിന്യം ചീഞ്ഞഴുകി ആഫ്രിക്കൻ ഒച്ചുകൾ വീടുകളിൽ നിറയും. പേരിന് കുറച്ച് ബ്ലീച്ചിങ് പൗഡർ മാലിന്യത്തിന് മുകളിൽ വിതറി അധികൃതർ നാട്ടുകാരുടെ കണ്ണിൽ പൊടിയിടാറാണ് പതിവ്. സഹികെട്ട നാട്ടുകാർ പലവട്ടം നഗരസഭ കൗൺസിലർ, ആരോഗ്യ വകുപ്പ്, പൊലീസ് അടക്കമുള്ളവർക്ക് പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല.
നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ ഭാരവാഹനങ്ങൾ കടന്നുപോകുമ്പോൾ കൂടുതൽ ഇടിയുകയും ചെയ്യുന്നു. ഇതും അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും നടപടിയില്ല. മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ പ്രദേശത്ത് നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്നുള്ള ആവശ്യവും ഉയർന്നിട്ടുണ്ട്. നാട്ടുകാർ സംഘടിച്ച് പ്രതിഷേധ സമരം നടത്താനുള്ള തീരുമാനത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.