കോട്ടയം: തെരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, കൂട്ടിയും കിഴിച്ചും വിജയം ഉറപ്പിക്കുന്നുണ്ടെങ്കിലും എല്ലാ മുന്നണികളിലും നെഞ്ചിടിപ്പ് പ്രകടം. വോട്ടിങ് ശതമാനത്തിൽ വന്ന കുറവും വോട്ടർമാരുടെ നിസ്സംഗതയുമാണ് മുന്നണികളെ ആശങ്കയിലാക്കുന്നത്. കോട്ടയം മണ്ഡലത്തിൽ ഇക്കുറി അടിയൊഴുക്കുണ്ടായെന്നും അത് അനുകൂലമായെന്നുമുള്ള വിലയിരുത്തലിലാണ് എൽ.ഡി.എഫ്. ഫ്രാൻസിസ് ജോർജിന്റെ വിജയം ഉറപ്പാണെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ് നേതൃത്വം.
ആദ്യഘട്ടത്തിൽ ചിഹ്നം സംബന്ധിച്ച ആശയക്കുഴപ്പവും പിന്നീട്, യു.ഡി.എഫ് ജില്ല ചെയർമാൻ രാജിവെച്ചതും ചില പ്രശ്നങ്ങൾ സൃഷ്ടിച്ചെങ്കിലും അതെല്ലാം അതിജീവിക്കാനായെന്നാണ് അവരുടെ വിലയിരുത്തൽ. കഴിഞ്ഞ തവണ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന തോമസ് ചാഴികാടൻ നേടിയതിനെക്കാൾ കൂടുതൽ വോട്ടിന് ഇക്കുറി ഫ്രാൻസിസ് ജോർജ് വിജയിക്കുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ.
എന്നാൽ, ഫ്രാൻസിസ് ജോർജിന് പ്രതീക്ഷിച്ചത്ര വോട്ട് ലഭിക്കില്ലെന്നും യു.ഡി.എഫിൽ നിന്ന് വോട്ട് സിറ്റിങ് എം.പിയായ തോമസ് ചാഴികാടന് ലഭിച്ചതായുള്ള വിലയിരുത്തലുമുണ്ട്. പല മുന്നണികളിൽ മാറി മാറി പ്രവർത്തിച്ച ഫ്രാൻസിസ് ജോർജിനോട് കോൺഗ്രസിലെ വലിയൊരു വിഭാഗത്തിന് അതൃപ്തിയുണ്ടായിരുന്നെന്നും അത് വോട്ടിങ്ങിൽ പ്രതിഫലിച്ചെന്നും അവർ വിശ്വസിക്കുന്നു. കേരള കോൺഗ്രസിലെ ചില അതൃപ്തരും മാണിവിഭാഗത്തിന് അനുകൂലമായി വോട്ട് ചെയ്തെന്ന പ്രതീക്ഷയും അവർക്കുണ്ട്.
എന്നാൽ, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിനെതിരായി മത്സരിച്ച ചാഴികാടനോട് സി.പി.എമ്മുകാർക്ക് അതൃപ്തിയുണ്ടായിരുന്നെന്നും അത് അനുകൂലമായെന്ന വിശ്വാസത്തിലാണ് യു.ഡി.എഫ്. പക്ഷേ, ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷനായ എൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ സാന്നിധ്യത്തിൽ ഇരുമുന്നണികളും ആശയക്കുഴപ്പത്തിലാണ്. ആരുടെ വോട്ടാകും തുഷാർ നേടിയതെന്നതാണ് ഈ ആശങ്കക്ക് കാരണം.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥി പി.സി. തോമസ് ഒന്നര ലക്ഷത്തോളം വോട്ടാണ് നേടിയതെങ്കിൽ ഇക്കുറി ഇരട്ടിയാക്കുമെന്ന അവകാശവാദമാണ് എൻ.ഡി.എയുടേത്. പക്ഷേ, അത്തരത്തിലുള്ള ഒരു സാഹചര്യവുമില്ലെന്ന് മറ്റ് മുന്നണികൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, വൈക്കം, ഏറ്റുമാനൂർ, കടുത്തുരുത്തി, കോട്ടയം നിയമസഭ മണ്ഡലങ്ങളിലെ ചില മേഖലകളിൽ തുഷാറിന് വോട്ട് ലഭിക്കുമെന്നും അത് തങ്ങളെ ബാധിക്കുമെന്നും മുന്നണികൾ സമ്മതിക്കുന്നു.
കഴിഞ്ഞ തവണത്തെക്കാൾ പോളിങ് ശതമാനം കുറഞ്ഞതും മുന്നണികളെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. 2019 ൽ 75.44 ശതമാനം പോളിങ് രേഖപ്പെടുത്തിയ ഇടത്ത് ഇക്കുറി 65.61 ശതമാനം വോട്ടാണ് പോൾ ചെയ്തത്. വീട്ടിൽ വോട്ട് ചെയ്തവരുടെ കണക്കുകൂടി നോക്കിയാൽ അത് 67 ശതമാനത്തിന് താഴെ മാത്രമേ എത്തൂ.
പോളിങ് കുറഞ്ഞെങ്കിലും അതൊക്കെ തങ്ങൾക്ക് അനുകൂലമായെന്ന വിലയിരുത്തലിലാണ് മുന്നണികൾ. 44 വർഷത്തിനുശേഷം നേർക്കുനേർ ഏറ്റുമുട്ടിയതിനാൽ കേരള കോൺഗ്രസ് പാർട്ടികളുടെ നിലനിൽപിനെ കൂടി ഈ തെരഞ്ഞെടുപ്പ് ഫലം ബാധിക്കും.
വോട്ടെണ്ണൽ നാലിന് രാവിലെ എട്ടുമുതൽ
കോട്ടയം: ലോക്സഭ മണ്ഡലത്തിലെ വോട്ടെണ്ണലിനുള്ള ഒരുക്കം പൂർത്തിയായതായി ജില്ല തെരഞ്ഞെടുപ്പ് ഓഫിസറും വരണാധികാരിയുമായ കലക്ടർ വി. വിഘ്നേശ്വരി അറിയിച്ചു. കോട്ടയം പ്രസ് ക്ലബിൽ നടന്ന മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു കലക്ടർ.
നാട്ടകം ഗവ. കോളജാണ് വോട്ടെണ്ണൽ കേന്ദ്രം. നാലിന് രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. രാവിലെ 7.30ന് സ്ട്രോങ് റൂം തുറന്ന് ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങൾ അഞ്ചിടങ്ങളിലായി സജ്ജീകരിച്ച വോട്ടെണ്ണൽ കേന്ദ്രങ്ങളിലെത്തിക്കും. രാവിലെ എട്ടിന് പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തുടങ്ങും. തുടർന്ന് ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങളിലെ വോട്ടെണ്ണൽ ആരംഭിക്കും.
ഒമ്പതിന് ആദ്യഫലസൂചന ലഭ്യമാകും. പിറവം, പാലാ, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് കോട്ടയം ലോക്സഭ മണ്ഡലം. 14 സ്ഥാനാർഥികളാണ് മത്സരിച്ചത്.
വോട്ടെണ്ണലിനായി 129 മേശയാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങളിലെ വോട്ടെണ്ണാൻ മൊത്തം 98 മേശ ഒരുക്കിയിട്ടുണ്ട്. ഓരോ നിയമസഭ മണ്ഡലത്തിനും 14 മേശ വീതമാണുള്ളത്. പോസ്റ്റൽ ബാലറ്റുകളും ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റുകളും (ഇ.ടി.പി.ബി.എസ്) എണ്ണുന്നതിനായി 31 മേശയും സജ്ജീകരിച്ചു. ഒരു മണ്ഡലത്തിൽ പരമാവധി 13 വോട്ടെണ്ണൽ റൗണ്ടുകളാണുള്ളത്.
ഒരേ സമയം 14 മേശയിൽ ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങളിലെ വോട്ടെണ്ണും. പിറവം-12, പാലാ-13, കടുത്തുരുത്തി-13, വൈക്കം-12, ഏറ്റുമാനൂർ-12, കോട്ടയം-13, പുതുപ്പള്ളി-13 എന്നിങ്ങനെയാണ് വോട്ടെണ്ണൽ റൗണ്ടുകൾ. ഓരോ റൗണ്ടും പൂർത്തീകരിക്കുമ്പോൾ ലീഡ് നില അറിയാം.
സ്ട്രോങ് റൂമിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശപ്രകാരമുള്ള ത്രിതല സുരക്ഷ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സ്ട്രോങ് റൂമുകളുടെ 100 മീറ്റർ അകലെനിന്ന് ആരംഭിക്കുന്ന ആദ്യ സുരക്ഷാവലയത്തിൽ സംസ്ഥാന പൊലീസിന്റെ കാവലാണുള്ളത്.
തുടർന്നുള്ള രണ്ടാം വലയത്തിൽ സംസ്ഥാന സായുധ പൊലീസും മൂന്നാം വലയത്തിൽ കേന്ദ്ര സായുധ പൊലീസ് സേനയുമാണ് സുരക്ഷ ചുമതലയിലുള്ളത്. സ്ട്രോങ് റൂമിന് പുറത്ത് 24 മണിക്കൂറും സി.സി ടി.വി നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രവേശനകവാടങ്ങൾ, സ്ട്രോങ് റൂം ഇടനാഴികൾ, സ്ട്രോങ് റൂമിൽനിന്ന് വോട്ടെണ്ണൽ ഹാളിലേക്കുള്ള വഴി, വോട്ടെണ്ണൽ ഹാൾ, ടാബുലേഷൻ ഏരിയ എന്നിവിടങ്ങളെല്ലാം സി.സി ടി.വി നിരീക്ഷണത്തിലാണ്.
എല്ലാ കേന്ദ്രങ്ങളിലും അഗ്നിരക്ഷ സൗകര്യങ്ങളും ഫയർഫോഴ്സിന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എക്സിക്യൂട്ടിവ് മജിസ്ട്രേറ്റിനാണ് ഇതിന്റെ ചുമതല. വോട്ടെണ്ണുന്ന ഉദ്യോഗസ്ഥർക്കും കൗണ്ടിങ് ഏജന്റുമാർക്കും തിരിച്ചറിയൽ കാർഡുകൾ നൽകും.
ഓരോ മേശയിലും ഓരോ ഘട്ടത്തിലും എണ്ണുന്ന വോട്ടിങ് യന്ത്രങ്ങളുടെ പട്ടിക സ്ഥാനാർഥികൾക്ക് നൽകും. തൽസമയ ഫലം ലഭ്യമാക്കുന്നതിന് ഓരോ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ടെലഫോൺ, കമ്പ്യൂട്ടർ, ഫാക്സ്, ഇന്റർനെറ്റ് എന്നിവ അടക്കമുള്ള കമ്യൂണിക്കേഷൻ റൂമുകളും ഒരുക്കിയിട്ടുണ്ട്. results.eci.gov.in എന്ന വെബ് സൈറ്റിലൂടെ തെരഞ്ഞെടുപ്പ് ഫലം അറിയാം.
ജില്ല ഇൻഫർമേഷൻ ഓഫിസർ എ. അരുൺകുമാർ, കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ, സെക്രട്ടറി റോബിൻ തോമസ് എന്നിവർ മുഖാമുഖത്തിൽ പങ്കെടുത്തു.
വോട്ടെണ്ണലിനായി 675 ഉദ്യോഗസ്ഥരെ നിയോഗിച്ച് പരിശീലനം നൽകി. 158 കൗണ്ടിങ് സൂപ്പർവൈസർമാരെയും 158 മൈക്രോ ഒബ്സർവർമാരെയും 315 കൗണ്ടിങ് അസിസ്റ്റന്റുമാരെയും നിയോഗിച്ചിട്ടുണ്ട്.
പോസ്റ്റൽ ബാലറ്റുകളും ഇ.ടി.പി.ബി.എസും എണ്ണുന്നതിന് നേതൃത്വം നൽകാൻ 44 അസി. റിട്ടേണിങ് ഓഫിസർമാരെയും ക്രമസമാധാനപരിപാലനത്തിന് നാല് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരെയും നിയോഗിച്ചു. ഇവർക്ക് രണ്ടുഘട്ടമായി പരിശീലനം നൽകി. മൂന്നാംഘട്ട പരിശീലനം ജൂൺ ഒന്നിന് നടക്കും. ഒരു സ്ഥാനാർഥിക്ക് 137 കൗണ്ടിങ് ഏജന്റുമാരെയാണ് അനുവദിക്കുക.
വോട്ടെണ്ണലിനായി കോളജിലെ കെട്ടിടങ്ങൾക്കൊപ്പം കൂറ്റൻ പന്തലുകളും കോളജ് മൈതാനത്ത് ഒരുക്കിയിട്ടുണ്ട്. 1600 ചതുരശ്ര മീറ്ററും 875 ചതുരശ്ര മീറ്ററും വിസ്തീർണ്ണമുള്ള രണ്ടു വലിയ പന്തലുകളാണ് ജർമൻ ടെൻഡുപയോഗിച്ച് സുരക്ഷിതമായി നിർമിച്ചിട്ടുള്ളത്. പാലാ, പിറവം, വൈക്കം നിയമസഭ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ 1600 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഒന്നാമത്തെ പന്തലിലാണ്.
പോസ്റ്റൽ ബാലറ്റുകളും ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റുകളും (ഇ.റ്റി.പി.ബി.എസ്) എണ്ണുന്നത് 875 ചതുരശ്രമീറ്റർ വിസ്തീർണ്ണമുള്ള രണ്ടാമത്തെ പന്തലിലാണ്. ഏറ്റുമാനൂർ നിയമസഭ മണ്ഡലത്തിലേത് കോളജ് ലൈബ്രറി ഹാളിലും കോട്ടയത്തേത് ഓഡിറ്റോറിയത്തിലും കടുത്തുരുത്തി, പുതുപ്പള്ളി മണ്ഡലങ്ങളിലേത് ഡി ബ്ലോക്കിലുമാണ് എണ്ണുക. കോളജിൽ മീഡിയ സെന്ററും സജ്ജീകരിച്ചിട്ടുണ്ട്.
തപാൽ വോട്ടുകൾ അടക്കം ആകെ വോട്ടുശതമാനം 66.72 ശതമാനമാണ്. പോളിങ് ദിനത്തിലെ വോട്ടിങ് 65.61 ശതമാനവും. പോളിങ് ദിനത്തിൽ ലോക്സഭ മണ്ഡലത്തിലെ 12,54,823 വോട്ടർമാരിൽ 8,23,237 പേരാണ് വോട്ട് ചെയ്തത്. 14040 തപാൽ വോട്ടുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ആകെ 12,54,823 വോട്ടർമാരിൽ 8,37,277 പേർ വോട്ട് ചെയ്തു. മേയ് 30 വരെ 553 ഇ.ടി.പി.ബി.എസ് വോട്ടുകളും രേഖപ്പെടുത്തി ലഭ്യമായിട്ടുണ്ട്. വോട്ടെണ്ണൽ ദിവസം രാവിലെ എട്ടുമണിവരെയുള്ള ഇ.ടി.പി.ബി.എസ് വോട്ടുകൾ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.