മാർ ജോസഫ് പെരുന്തോട്ടം പൗരോഹിത്യ ശുശ്രൂഷയിൽ 50 വർഷം പിന്നിടുന്നു

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതയുടെ മുൻ അധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം പൗരോഹിത്യ ശുശ്രൂഷയിൽ 50ന്‍റെ നിറവിൽ. ഇത്തിത്താനം സെന്‍റ് ജോസഫ്സ് പ്രീസ്റ്റ് ഹോമിൽ വിശ്രമജീവിതം നയിക്കുന്ന മാർ പെരുന്തോട്ടത്തിന്‍റെ പൗരോഹിത്യജീവിതത്തിന് ബുധനാഴ്ച 50 വയസ്സ് തികയും. പുന്നൂത്തറ സെന്‍റ് തോമസ് ഇടവകയിലെ പെരുന്തോട്ടം കുടുംബത്തിൽ 1948 ജൂലൈ അഞ്ചിനായിരുന്നു ജനനം.

കുറിച്ചി സെന്‍റ് തോമസ് മൈനർ സെമിനാരി, വടവാതൂർ സെന്‍റ് തോമസ് അപ്പോസ്തലിക് സെമിനാരി എന്നിവിടങ്ങളിലെ വൈദിക പരിശീലനത്തിനുശേഷം 1974 ഡിസംബർ 18 ന് മുൻ ചങ്ങനാശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പൗവത്തിലിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചു. 2002 ഏപ്രിൽ 24ന് ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാനായി നിയമിതനായ പെരുന്തോട്ടം 2007 മാർച്ച് 17ന് അതിരൂപത മെത്രാപ്പോലീത്തയായി ചുമതലയേറ്റു. 17 വർഷത്തെ മേലധ്യക്ഷ ശുശ്രൂഷക്കുശേഷം 2024 ഒക്ടോബർ 31ന് വിരമിച്ചു.

സി.ബി.സി.ഐ, കെ.സി.ബി.സി, സിറോ മലബാർ സിനഡ് എന്നിവയുടെ എക്യുമെനിക്കൽ കമീഷൻ ചെയർമാനായും സിറോ മലബാർ സെൻട്രൽ ലിറ്റർജിക്കൽ കമ്മിറ്റി അംഗമായും ദീർഘകാലം പ്രവർത്തിച്ചു. സഭാ സംബന്ധമായ 23 പുസ്തകം രചിച്ചു. ഇപ്പോൾ തുർക്കിയിലെ നിസിബിസ് സന്ദർശനത്തിലാണ് മാർ പെരുന്തോട്ടം.

Tags:    
News Summary - Mar Joseph Peruntotam priest journey continue to 50 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.