മുണ്ടക്കയം: ടാറിങ്ങോ, കോൺക്രീറ്റിങ്ങോ ഇല്ലാതെ ഗതാഗതയോഗ്യമല്ലാതിരുന്ന പുഞ്ചവയൽ -പാക്കാനം - മഞ്ഞളരുവി റോഡ് കോൺക്രീറ്റിങ് നടത്തി ഗതാഗതയോഗ്യമാക്കുന്നതിന് 50 ലക്ഷം രൂപ ഫണ്ട് അനുവദിച്ചതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽഎ അറിയിച്ചു. പുഞ്ചവയലിൽനിന്ന് ആരംഭിച്ച് പാക്കാനം വഴി എരുമേലി പഞ്ചായത്തിലെ മഞ്ഞളരുവിയിൽ എത്തുന്ന അഞ്ച് കിലോമീറ്റർ ദൈർഘ്യമുള്ള പി.ഡബ്ല്യു.ഡി റോഡിൽ വനമേഖലയിലൂടെ കടന്നുപോകുന്ന ഒരുകിലോമീറ്ററോളം ഭാഗം പൂർണതോതിൽ ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല.
മുണ്ടക്കയം പഞ്ചായത്തിന്റെ 11,15 വാർഡിലൂടെയും, എരുമേലി പഞ്ചായത്തിന്റെ എട്ട്, ഒമ്പത് വാർഡുകളിലൂടെയും കടന്നുപോകുന്ന ഈ റോഡ് വനം വകുപ്പിന്റെ അനുമതി കിട്ടാതിരുന്നത് മൂലമാണ് 20 വർഷത്തിലധികമായി ഗതാഗതയോഗ്യമല്ലാതെ കിടന്നിരുന്നത്. ഇക്കാര്യത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ മന്ത്രി എ.കെ. ശശീന്ദ്രനുമായി ചർച്ച നടത്തി വനംവകുപ്പ് ഉന്നയിച്ചിരുന്ന തടസ്സവാദങ്ങൾ പരിഹരിച്ച് റോഡ് കോൺക്രീറ്റിങിന് വനംവകുപ്പിൽ നിന്ന് അനുമതി നേടുകയായിരുന്നു.
ടെൻഡർ നടപടികൾ പൂർത്തീകരിച്ച് കരാർ നൽകി എഗ്രിമെന്റ് വെച്ച റോഡ് കോൺക്രീറ്റിങ് പ്രവൃത്തികൾ വേഗത്തിൽ പൂർത്തീകരിക്കുമെന്നും എം.എൽ.എ അറിയിച്ചു. പുഞ്ചവയൽ മുതൽ മഞ്ഞളരുവി വരെ ഈ റോഡ് ഗതാഗതയോഗ്യമാകുന്നതോടെ മുണ്ടക്കയം, കോരുത്തോട്, എരുമേലി പഞ്ചായത്തുകളിൽപെട്ട മുരിക്കുംവയൽ, പുഞ്ചവയൽ, 504, കുഴിമാവ്, കോസടി, കോരുത്തോട്, പാക്കാനം, കാരിശ്ശേരി, ഇഞ്ചക്കുഴി തുടങ്ങിയ പ്രദേശങ്ങളിൽപെട്ട നൂറുകണക്കിന് ആളുകൾക്ക് എരുമേലിയിലേക്കും, തുടർന്ന് റാന്നി മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ തെക്കൻപ്രദേശങ്ങളിലേക്കും യാത്രചെയ്യുന്നതിന് എളുപ്പമാർഗമായി ഈ റോഡ് മാറും.
വർഷങ്ങളായി പ്രദേശവാസികൾ എരുമേലി ഉൾപ്പെടെ തെക്കോട്ട് യാത്ര ചെയ്യുന്നതിന് മുണ്ടക്കയത്ത് കൂടി ചുറ്റിസഞ്ചരിച്ചാണ് യാത്ര ചെയ്തിരുന്നത്. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള സംസ്ഥാനപാതയായ മുണ്ടക്കയം-കരിനിലം-പുഞ്ചവയൽ-504- കുഴിമാവ് റോഡിനെയും, നാഷനൽ ഹൈവേയുടെ കീഴിൽ 183- എ ആയി വികസനം നടന്നുവരുന്ന മുണ്ടക്കയം-എരുമേലി-ഭരണിക്കാവ് റോഡിനെയും ബന്ധിപ്പിക്കുന്ന കണക്ടിവിറ്റി റോഡ് എന്ന പ്രത്യേകതയും ഈ റോഡിനുണ്ട്. റോഡുകളിൽ ഏതെങ്കിലും ഗതാഗതതടസ്സം ഉണ്ടായാൽ ബൈപ്പാസായും പാക്കാനം - മഞ്ഞളരുവി റോഡ് ഉപയോഗിക്കാം.
തമിഴ്നാട്ടിൽ നിന്നും, ഇടുക്കി ജില്ലയിൽ നിന്നും എത്തുന്ന ശബരിമല തീർഥാടകർക്കും ഈ റോഡ് ഏറെ പ്രയോജനപ്രദമാകും. കാനനപാത വഴി ശബരിമല ദർശനത്തിന് പോകുന്ന തീർഥാടകർക്കും ഈ റോഡ് ഏറെ സഹായകരമാണെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.