മുണ്ടക്കയം ഈസ്റ്റ്: ജനവാസ കേന്ദ്രത്തിൽ ആനക്കൂട്ടവും പുലിയും. തോട്ടം തൊഴിലാളികൾക്ക് വീണ്ടും ഭീതിക്കാലം. പെരുവന്താനം പഞ്ചായത്തിലെ ടി.ആർ ആൻഡ് ടി എസ്റ്റേറ്റിലാണ് വീണ്ടും കാട്ടാനകൾ കൂട്ടത്തോടെ തമ്പടിച്ചിരിക്കുന്നത്. തിങ്കളാഴ്ച രാത്രിയാണ് കടമാൻകുളം പ്രദേശത്ത് കാട്ടാന എത്തിയത്. 15 ആനകളുടെ കൂട്ടമാണ് എസ്റ്റേറ്റിന്റെ വിവിധ പ്രദേശങ്ങളിൽ നാശനഷ്ടമുണ്ടാക്കിയത്. ചൊവ്വാഴ്ച രാവിലെ വനപാലകരെത്തി ആനയെ വനത്തിലേക്ക് കയറ്റിവിട്ടു.
എന്നാൽ, വീണ്ടും ഇവ എത്തുമെന്ന ആശങ്കയിലാണ് തൊഴിലാളികൾ.ഇതിനിടെ കുപ്പക്കയം പ്രദേശത്താണ് പുലിയിറങ്ങിയതായി സംശയിക്കുന്നത്. ചൊവാഴ്ച രാവിലെ ഏഴോടെ കുപ്പക്കയം ഡിവിഷനിൽ ടാപ്പിങ് നടത്തുകയായിരുന്നു ടോമിയാണ് പുലിയെ കണ്ടതായി പറയുന്നത്. പ്രദേശത്ത് ഇതിനോടകം നിരവധി പേർ പുലിയെ കണ്ടതായി പറഞ്ഞിരുന്നു. നേരത്തേ ചെന്നാപ്പാറ പ്രദേശത്ത് കടുവയെ വനം വകുപ്പിന്റെ കാമറയിൽ കണ്ടെത്തിയെങ്കിലും പിടികൂടാൻ കഴിഞ്ഞിട്ടില്ല. കടുവയെ പിടിക്കാൻ സ്ഥാപിച്ച കൂടും തിരികെ കൊണ്ടുപോയിരുന്നു.
കഴിഞ്ഞ രണ്ടുവർഷമായി കാട്ടാനക്കൂട്ടവും പുലി, കടുവ, കാട്ടുപന്നി, രാജവെമ്പാല എന്നിവ നാട്ടിൽ വിലസുകയാണ്. രണ്ടാഴ്ച മുമ്പ് ചെന്നാപ്പാറ പ്രദേശത്ത് ആനയിറങ്ങിയത്. രാത്രിയിൽ എസ്റ്റേറ്റ് റോഡുകളിലൂടെ സഞ്ചരിക്കാൻപോലും ജനങ്ങൾക്ക് പേടിയാണ്. പട്ടാപ്പകൽ ജനവാസ കേന്ദ്രത്തിലെ പ്രധാന പാതയിലൂടെ റോഡ് മറികടന്നാണ് കാട്ടാനക്കൂട്ടം സഞ്ചരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.