മുണ്ടക്കയം: വെള്ളനാടി-വട്ടക്കാവ് റോഡിൽ മാലിന്യ നിക്ഷേപം വ്യാപകമായതായി പരാതി. ഹാരിസൺ മലയാളം എസ്റ്റേറ്റിന്റെ ഭാഗമായ റോഡിന്റെ ഇരുവശത്തും ചാക്കിൽ കെട്ടിയും അല്ലാതെയുമായി വൻതോതിലാണ് മാലിന്യം തള്ളുന്നത്. വ്യാപാരസ്ഥാപനങ്ങളിലെയും ഹോട്ടലുകളിലെയും ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് കവറുകളും ഉൾപ്പെടെയാണ് റോഡിന്റെ ഇരുവശത്തും തള്ളിയിരിക്കുന്നത്.
ജനവാസം കുറവായ മേഖലയായതുകൊണ്ട് രാത്രി മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാൻ സാധിക്കുന്നില്ല. നാട്ടുകാരുടെ നേതൃത്വത്തിൽ മേഖലയിൽ നിരീക്ഷണം നടത്തുന്നുണ്ടെങ്കിലും ആളുകളുടെ കണ്ണുവെട്ടിച്ചാണ് മാലിന്യം നിക്ഷേപിക്കുന്നത്. ഇതോടെ മേഖലയിൽ കാട്ടുപന്നി അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യവും വർധിച്ചിട്ടുണ്ട്.
വർഷങ്ങൾക്ക് മുമ്പും മേഖലയിൽ മാലിന്യനിക്ഷേപം രൂക്ഷമായിരുന്നു. മുൻകാലങ്ങളിലും ഇവിടെ മാലിന്യം നിക്ഷേപിക്കാനെത്തിയ വാഹനം നാട്ടുകാരുടെ നേതൃത്വത്തിൽ കത്തിച്ച സംഭവം വരെ അരങ്ങേറിയിട്ടുണ്ട്. അതേസമയം, മുണ്ടക്കയത്തെ വ്യാപാര സ്ഥാപനങ്ങളിൽനിന്ന് പണം കൈപ്പറ്റി സ്ഥാപനങ്ങളിലെ വേസ്റ്റുകൾ വണ്ടിയിൽ കൊണ്ടുപോയി വിജനമായ സ്ഥലങ്ങളിൽ തള്ളുന്ന സംഘങ്ങൾ ഉണ്ടെന്നും പറയപ്പെടുന്നു. ഇത്തരം ആളുകൾ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓരോദിവസവും മാലിന്യം കൊണ്ടുവന്ന് തള്ളുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.