മുണ്ടക്കയം ഈസ്റ്റ്: മുണ്ടക്കയം ടി.ആർ ആൻഡ് ടീ എസ്റ്റേറ്റിൽ വീണ്ടും വന്യമൃഗ ആക്രമണം. ഇ.ഡി.കെ ക്ഷേത്രത്തിനു സമീപമാണ് രണ്ട് പശുക്കളെ ചത്തനിലയിൽ കണ്ടെത്തിയത്. എസ്റ്റേറ്റ് തൊഴിലാളികളായ സുനിലിന്റെയും അയ്യപ്പന്റെയും വളർത്തുപശുക്കളെയാണ് ഞായറാഴ്ച പുലർച്ച വന്യമൃഗം ആക്രമിച്ചുകൊന്ന് പാതിഭക്ഷിച്ചനിലയിൽ കണ്ടെത്തിയത്. റബർ ടാപ്പിങ്ങിനായി പുലർച്ച എത്തിയ തൊഴിലാളികളാണ് കണ്ടത്.
രണ്ട് മാസങ്ങൾക്ക് മുമ്പ് മേഖലയിൽ തുടർച്ചയായി വന്യമൃഗ ആക്രമണം ഉണ്ടായിരുന്നു. എസ്റ്റേറ്റിൽ തീറ്റ തേടാനായി അഴിച്ചുവിട്ടിരുന്ന നിരവധി കന്നുകാലികളും വളർത്തുനായ്ക്കളും കൊല്ലപ്പെട്ടിട്ടുണ്ട്.
വീണ്ടും മേഖലയിൽ വന്യമൃഗ ആക്രമണം ഉണ്ടായതോടെ തൊഴിലാളികൾ ഭീതിയിലാണ്. പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ കൂടുകളും കാമറകളും സ്ഥാപിച്ചെങ്കിലും വന്യമൃഗത്തെ കണ്ടെത്താനായിട്ടില്ല. അടുത്തനാൾ വരെ എസ്റ്റേറ്റിൽ കാട്ടാന ശല്യം രൂക്ഷമായിരുന്നു. കാട്ടാനക്കൂട്ടം മാസങ്ങളോളം എസ്റ്റേറ്റിലെ ജനവാസ മേഖലകളിൽ തമ്പടിച്ചിരുന്നു. സ്വകാര്യവ്യക്തികളുടെ കൃഷിയിടങ്ങളിൽ ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് കാട്ടാനക്കൂട്ടം ഉണ്ടാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.