മുണ്ടക്കയം: ചെളിക്കുഴി-പാറേലമ്പലം നിവാസികളുടെ പതിറ്റാണ്ടായ ആഗ്രഹം സഫലമാകുകയാണ്. പാറമുകളിൽ വണ്ടി എത്തിക്കുന്നതിന്റെ ഭാഗമായ റോഡ് നിർമാണം അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ടൗണിനോട് ചേർന്ന് രണ്ടാം വാർഡിൽ നൂറുകണക്കിന് കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് പാറേലമ്പലം. എന്നാൽ, റോഡിന്റെ അഭാവംമൂലം ജനങ്ങൾ ദുരിതത്തിലായിരുന്നു. ആശുപത്രി യാത്ര പലപ്പോഴും തലച്ചുമടായിരുന്നു. രോഗികളെ കസേരയിലിരുത്തി ചുമന്നിറക്കലായിരുന്നു പതിവ്. മരണം സംഭവിക്കുമ്പോഴായിരുന്നു ഏറെ പ്രയാസകരം.
മൃതദേഹം തലച്ചുമടായി കൊണ്ടുപോകുന്ന ഗതികേടിലായിരുന്നു ഇവിടത്തുകാർ. ഇതിന് പരിഹാരം കാണാൻ വാർഡ് മെംബർ സി.വി. അനിൽകുമാർ മുൻകൈയെടുത്ത് റോഡ് നിർമാണം ആരംഭിക്കുകയായിരുന്നു. അഞ്ചുസെന്റിൽ താഴെ സ്ഥലമുള്ള പല കുടുംബങ്ങളും തങ്ങളുടെ വീടിന്റെ ഒരുഭാഗം പൊളിച്ചുനീക്കിയും സൗജന്യമായി സ്ഥലം വിട്ടുനൽകിയുമാണ് റോഡ് നിർമാണത്തിന് സഹകരിക്കുന്നത്. വശങ്ങൾ കോൺക്രീറ്റ് ചെയ്ത് ബലവത്താക്കി വലിയ വാഹനങ്ങൾക്കും പോകാവുന്ന രീതിയിലാണ് നിർമാണം.
പാറേലമ്പലത്തിൽനിന്ന് ആരംഭിച്ച് മുണ്ടക്കയം ബസ്സ്റ്റാൻഡിന് സമീപം കാപ്പിത്തോട്ടത്തിൽ എത്തിച്ചേരുന്നതാണ് നിർദിഷ്ട റോഡ്. ജില്ല പഞ്ചായത്ത് 10 ലക്ഷം രൂപയും എം.എൽ.എ ഫണ്ടിൽനിന്ന് 11 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് 65 ലക്ഷം രൂപയും അനുവദിച്ചാണ് നിർമാണം പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.