മുണ്ടക്കയം: ആയുർവേദ ഔഷധ നിർമാണ യൂനിറ്റിനായി പുഞ്ചവയൽ 504 കോളനിക്ക് സമീപം നിർമിച്ച കെട്ടിടവും അനുബന്ധ സാമഗ്രികളും നശിക്കുന്നു. 1985 ലാണ് കെട്ടിടം നിർമിച്ചത്. മലനാട് ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ സഹകരണത്തോടെയായിരുന്നു ദത്താത്രയ ഔഷധ നിർമാണ കേന്ദ്രത്തിന്റെ ആരംഭം. പിന്നീട് പട്ടികജാതി സൊസൈറ്റിയുടെ പൂർണ ചുമതലയിലായി. വനംമേഖലയുമായി ബന്ധപ്പെട്ട് ഇവിടെ പച്ചമരുന്നുകൾ ശേഖരിച്ച് ആയുർവേദ തൈലം, ലേഹ്യം, പൽപ്പൊടി തുടങ്ങിയവ ഉത്പാദിപ്പിക്കുകയായിരുന്നു ലക്ഷ്യം. രണ്ട് ഡോക്ടർമാരുടെ സാന്നിധ്യത്തിൽ പ്രവർത്തിച്ച കേന്ദ്രത്തിൽ പ്രദേശത്തെ നിരവധി ആളുകൾക്ക് ജോലിയും ലഭിച്ചു. എന്നാൽ സൗജന്യമായി നൽകുന്ന മരുന്നുകൾക്ക് ലൈസൻസ് എടുക്കാതെ വിതരണം ആരംഭിച്ചപ്പോൾ മറ്റ് മരുന്നു കമ്പനികളുടെ പരാതിയെ തുടർന്ന് പദ്ധതിയുടെ പ്രവർത്തനം ഒരു വർഷത്തിനകം നിലച്ചു. ഇതോടെ 3500 സ്ക്വയർ ഫീറ്റ് വരുന്ന കെട്ടിടം കാടുകയറി നശിക്കാൻ തുടങ്ങി.
ഓട്ടുരുളികൾ ഉൾപ്പെടെ എട്ട് ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ ഇവിടെയുണ്ട്. പട്ടികജാതി ഡെവലപ്പ്മെന്റ് സൊസൈറ്റിക്ക് പുതിയ ഭാരവാഹികൾ മാറിവന്നത് അല്ലാതെ പദ്ധതി വീണ്ടും ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനിടെ ഇവിടെനിന്ന് ഉരുളികൾ മോഷണം പോയതായും പറയപ്പെടുന്നു. ഒപ്പം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായും പരിസരം മാറി. നിലവിൽ അഡ്ഹോക്ക് കമ്മിറ്റിക്കാണ് കെട്ടിടത്തിന്റെ നിയന്ത്രണം. മൂന്നുവർഷം മുൻപ് പദ്ധതി വീണ്ടെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് കമ്മിറ്റി കൺവീനർ സുനിൽ കുമാർ പറയുന്നു. ഇത്രയും സൗകര്യമുള്ള കെട്ടിടവും അനുബന്ധ സാഹചര്യങ്ങളും പട്ടികജാതി വികസന പദ്ധതികൾക്കായി വീണ്ടെടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.