മുണ്ടക്കയം: രണ്ടുമാസത്തെ കനത്തചൂടില്‍ തന്റെ കൃഷി കരിഞ്ഞുണങ്ങിയതിന്റെ സങ്കടത്തിലാണ് ഇഞ്ചിയാനി ചെറുകാനായില്‍ ദേവസ്യ ചാക്കോ എന്ന 72കാരൻ. കൃഷി കൊണ്ട് ഉപജീവനം നടത്തിവന്നിരുന്നതാണ് ദേവസ്യ ചാക്കോയും ഭാര്യ ത്രേസ്യാമ്മയും. പഞ്ചായത്ത് 18ാംവാര്‍ഡിലെ ഇഞ്ചിയാനി ഭാഗത്ത് ഒന്നരയേക്കര്‍ കൃഷിഭൂമിയില്‍ ഉണ്ടായിരുന്ന 1200 മൂട് കായ്ഫലമടങ്ങിയ കുരുമുളക്, 250 കമുക്, അമ്പതോളം കാപ്പി, കുലച്ചതും കുലക്കാത്തതുമായ 50 വാഴ എന്നിവയെല്ലാമാണ് ഉണങ്ങിപ്പോയത്.
കമുക് പൂര്‍ണമായി ഉണങ്ങിനശിച്ചു. കുരുമുളകുകള്‍ വിളയാതെ നശിച്ചു. കുരുമുളക് ചെടികള്‍ തണ്ട് അടക്കം കരിഞ്ഞ നിലയിലാണ്. കുലച്ച വാഴകളെല്ലാം ഒടിഞ്ഞു വീണു. കാപ്പിമരങ്ങളെല്ലാം ഉണങ്ങി നശിച്ചിരിക്കുകയാണ്. ചൂട് റബര്‍ കൃഷിയേയും കാര്യമായി ബാധിച്ചിരിക്കുന്നു. ഇക്കുറി ഒരു ക്വിന്റലിലധികം കുരുമുളക് കിട്ടുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ നൂറുഗ്രാം പോലും ലഭിക്കാത്ത അവസ്ഥയിലാണ്. കൃഷിക്കായി മൂവായിരത്തോളം രൂപയുടെ ചാണകം തന്നെ വാങ്ങി ഉപയോഗിച്ചിരുന്നു. അതുപോലും തിരിച്ചുകിട്ടില്ല.
1982-83ല്‍ ഉണ്ടായ വരള്‍ച്ചയേക്കാള്‍ കനത്തതാണ് ഈ വര്ഷത്തെതെന്ന് ദേവസ്യ പറയുന്നു. അന്ന് പോലും ഇത്രയും നഷ്ടം സംഭവിച്ചിട്ടില്ല. ഒരു കുരുമുളക് തൈ 40 രൂപ വീതം നല്കി വാങ്ങിയാണ് കൃഷി ചെയ്തത്. ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് മേഖലയില്‍ നിന്ന് 15 രൂപവീതം നല്‍കിയാണ് കുരുമുളക് തൈപിടിപ്പിക്കാന് മുരിക്കിന്കാല് കൊണ്ടുവന്നത്.
ചൂടിന്റെ ശക്തിയില്‍ ഇതും ഉണങ്ങിയ നിലയിലാണ്. കൃഷിഭവനിലും മറ്റു അധികാരികളുടെയടുത്തും ചെന്നെങ്കിലും പണമില്ലെന്ന മറുപടി മാത്രമാണ് ലഭിച്ചത്.
ഇവര്‍ കൂടി കൈമലര്‍ത്തിയതോടെ കണ്ണീരിലാണ് ഈ കുടുംബം. മൂന്നു പെണ്മക്കളുടെ വിദ്യാഭ്യാസം, വിവാഹം എല്ലാം നടത്തിയത് കൃഷിയിലെ വരുമാനം ഉപയോഗിച്ചാണ്. ബാങ്കിലും മറ്റു സ്വകാര്യ ഇടപാട് സ്ഥാപനങ്ങളിലുമായി പത്തു ലക്ഷം രൂപയുടെ ബാധ്യതയിലാണ് ഈ കുടുംബം. ദൈനംദിന ചെലവുകളും ബുദ്ധിമുട്ടിലായി. കരിഞ്ഞുണങ്ങിയ കൃഷിഭൂമിയിലേക്ക് നോക്കി കണ്ണീരൊഴുക്കുകയാണ് ഈ വയോധികന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.