മുണ്ടക്കയം: കോസ്വേ പാലത്തിനു സമീപം മണിമലയാറിന് കുറുകെ വലിച്ചുകെട്ടിയ വടത്തിലൂടെ അതിസാഹസികമായി നീങ്ങുന്ന യുവാവിനെക്കണ്ട് നാട് ശ്വാസമടക്കി നിന്നു.
മറുകരയിൽ എത്തി മറ്റൊരാളെ താങ്ങിപ്പിടിച്ച് അതേ വടത്തിലൂടെ തിരിച്ച് മറുകരയിലേക്ക് വരുന്നതും കണ്ട് ഓടിക്കൂടിയവർ കഥയറിയാതെ ആശങ്കയിലായി. എന്തു സംഭവിച്ചെന്ന ചോദ്യത്തിന് ഉത്തരം കിട്ടിയതോടെ കൗതുകമായി.
പ്രളയവും പ്രകൃതി ദുരന്തം അടക്കം സാഹചര്യങ്ങളും ഉണ്ടാകുമ്പോൾ എങ്ങനെ നേരിടണമെന്ന് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ടീം വെൽഫെയർ മുണ്ടക്കയം യൂനിറ്റും ഈരാറ്റുപേട്ട ടീം നന്മക്കൂട്ടം റാപീഡ് റസ്ക്യൂ ഫോഴ്സും സംയുക്തമായി മുണ്ടക്കയത്ത് നടത്തിയ മോക്ഡ്രില്ലാണ് വ്യത്യസ്തമായത്. കൂട്ടിക്കൽ, മുണ്ടക്കയം പ്രദേശങ്ങളെ ദുരന്തത്തിൽ ആഴ്ത്തിയ പ്രളയത്തിലും ഈ ടീം രക്ഷകരായിരുന്നു.
സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൽ ഹക്കിം ഉദ്ഘാടനം ചെയ്തു. വി.എ. ഹസീബ് അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് പി.എ. നിസാം മുഖ്യപ്രഭാഷണം നടത്തി. നന്മക്കൂട്ടം പ്രസിഡന്റ് ഫസിൽ വെള്ളൂപറമ്പത്ത് മോക്ഡ്രിൽ പരിശീലനം നൽകി. വെൽഫെയർ പാർട്ടി മുണ്ടക്കയം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി എം.പി. ഇബ്രാഹിംകുട്ടി, അബ്ദുൽ ഗഫൂർ, ബൈജു സ്റ്റീഫൻ, പി.എ. ശിഹാബ്, യൂസഫ് ഹിബ, കെ.കെ. ജലാലുദ്ദീന്‍, പി.പി. സുനീഷ്, വി.എം.എ. കലാം, എ.കെ. ജയമോള്‍ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.