മുണ്ടക്കയം: 22ാം വയസ്സില്‍ സ്വാതന്ത്ര്യ സമര പോരാട്ടത്തിനിറങ്ങിയ കോരുത്തോട് മങ്കുഴി വീട്ടില്‍ രവീന്ദ്രന് വൈദ്യരുടെ ജീവിതത്തിന് 96ാം വയസ്സിലും ആ അഭിമാനത്തിെൻറ വെളിച്ചമാണ്. ജില്ലയില്‍ ഇന്നു ജീവിച്ചിരിക്കുന്ന സ്വാതന്ത്ര്യസമര സേനാനികളിലൊരാളാണ് വൈദ്യര്.
1946ല്‍ ഉത്തരവാദ പ്രക്ഷോഭമായിരുന്നു തുടക്കം. വൈദ്യരടക്കം 13പേര് പൂഞ്ഞാറില്‍നിന്ന് പാലായിലേക്ക് ജാഥ നടത്തി. പനച്ചിപ്പാറയില്വെച്ച് ബ്രിട്ടീഷ് പൊലീസ് തടഞ്ഞു. അറസ്റ്റ് ചെയ്ത് മീനച്ചില്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
കോടതി രണ്ടുവര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. വാഹനത്തിലും ജയിലിലും ക്രൂര മര്‍ദനത്തിനിരയായി. 11 മാസത്തിനുശേഷം എല്ലാവരെയും വിട്ടയച്ചു. സ്വാതന്ത്ര്യം ലഭിച്ച 1947 ആഗസ്റ്റ് 15നും 16നും നാടാകെ പായസമുണ്ടാക്കി വിതരണം നടത്തിയതും റാലി സംഘടിപ്പിച്ചതും ഇദ്ദേഹം ഓര്‍ക്കുന്നു. സമരകാലംകഴിഞ്ഞ് ജീവിത മാര്‍ഗം വഴിമുട്ടിയതോടെ പൂഞ്ഞാറില്‍ പലചരക്ക് കട തുടങ്ങി. കച്ചവടം മങ്ങിയതോടെ 1954ല്‍ സുഹൃത്തും സി.പി.ഐ നേതാവുമായ കെ.ആര്. ഭാസിയുടെ ക്ഷണപ്രകാരം കോരുത്തോട്ടില്‍ എത്തുകയായിരുന്നു.
ഇതിനിടെ വല്യച്ഛനില്നിന്ന് വിഷചികിത്സയും ആയുര്‍വേദ ചികിത്സയും വശമാക്കി. കോരുത്തോട് സി. കേശവന് സ്മാരക ഹൈസ്കൂള്‍ മാനേജര്‍, എസ്.എന്‍.ഡി.പി യൂനിയന്‍ ഭാരവാഹി, കോരുത്തോട് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം, ഫ്രീഡം റൈറ്റേഴ്സ് ജില്ല സെക്രട്ടറി, ഉപദേശക സമിതിയംഗം, കോരുത്തോട് ആയുര്‍വേദ ആശുപത്രി നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍, റോഡ് നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ തുടങ്ങി ഒട്ടേറെ രംഗങ്ങളില്‍ പ്രവര്‍ത്തിച്ച രവീന്ദ്രന് വൈദ്യര് ഇപ്പോള്‍ വിശ്രമ ജീവിതത്തിലാണ്. എ.പി.ജെ. അബ്ദുല്‍കലാം പ്രസിഡൻറായിരിക്കെ ഡല്‍ഹിയില്‍ വിളിച്ചുവരുത്തി ആദരിച്ചു. ക്വിറ്റ് ഇന്ത്യ ദിനത്തിെൻറ ഭാഗമായി കഴിഞ്ഞദിവസം കലക്ടര്‍ കോരുത്തോട്ടിലെ വീട്ടിലെത്തി രാഷ്ട്രപതിക്കായി പൊന്നാട അണിയിച്ച് ആദരിച്ചു.
പൂഞ്ഞാറില്‍ നടന്ന യോഗത്തില്‍ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ ആദരിച്ചത് ഓര്‍മയില്‍ സൂക്ഷിക്കുന്നു. ഇദ്ദേഹത്തോടൊപ്പം സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത തെള്ളിയില്‍ വി. ജോസഫ്, ടി.വി. മാത്യു, ആലിക്കുന്നേല് എം.ടി. തോമസ്, വി.ഐ. സഹദേവന് വാലാനിക്കല്‍, തോട്ടാപ്പള്ളില്‍ എ.രാമന് വൈദ്യന്, അരീപ്ലാക്കല്‍ ടി. ദേവസ്യ, വാലാനിക്കല്‍ വി.കെ. പരമേശ്വരന്, എന്‍.യു. മാര്‍ത്താണ്ഡന്‍, വളതുക്കില് വി.കെ. നാണു, തോട്ടാപ്പള്ളില്‍ എം.എ. കുമാരന്, ആരംപുളിക്കല്‍ മാണി, പതിക്കുന്നേല്‍ ശിവരാമന് എന്നിവര്‍ മൺമറഞ്ഞുപോയി.
ഭാര്യ സരോജിനിയുമായി കോരുത്തോട്ടിലെ ഇളയ പുത്രനൊപ്പമാണ് രവീന്ദ്രന് വൈദ്യരുടെ താമസം. കോരുത്തോട് കോസടിയില്‍ വ്യാപാരിയായ ഷാജി, ലൈസമ്മ പീതാംബരന്, വത്സമ്മ രഞ്ജിത്, പരേതനായ എം.ആര്. സലില്‍ എന്നിവര്‍ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.