മുണ്ടക്കയം: കനത്ത കാറ്റിലും മഴയിലും മുണ്ടക്കയം മേഖലയിൽ വ്യാപക നാശം. ചൊവാഴ്ച രാവിലെ ആഞ്ഞുവീശിയ കാറ്റിൽ പലയിടങ്ങളിലും മരങ്ങൾ കടപുഴകി. വിവിധ സ്ഥലങ്ങളിൽ മരം വീണ് വൈദ്യുതി-ടെലിഫോൺ ബന്ധങ്ങൾ നിശ്ചലമായി. മുണ്ടക്കയം പൊലീസ് സ്റ്റേഷൻ വളപ്പിൽനിന്ന മരം കടപുഴകി സ്റ്റേഷനു മുകളിലേക്ക് വീണു. പരാതിക്കാരും പൊലീസ് ഉദ്യോഗസ്ഥരമടക്കം നിരവധി പേർ സ്റ്റേഷൻ മുറിക്കുള്ളിൽ ഉള്ളപ്പോഴായിരുന്നു അപകടം. ആർക്കും പരിക്കില്ല. സ്റ്റേഷൻ വളപ്പിൽ അപകട ഭീഷണിയായി നിരവധി മരങ്ങൾ ഇപ്പോഴും നിൽപുണ്ട്. ബോയ്സ് പരിസൺ റബർ എസ്റ്റേറ്റിലെ മൂന്നു ഡിവിഷനുകളിലായി 200 റബർ മരം ഒടിഞ്ഞുവീണു. രാവിലെ 11.45നുണ്ടായ കനത്ത കാറ്റിലാണ് മരങ്ങൾ ഒടിഞ്ഞു വീണത്.
പാലൂർക്കാവിൽ പെരുവന്താനം പഞ്ചായത്തുവക കെട്ടിടത്തിൽ പ്രവർത്തിച്ച പോസ്റ്റ് ഓഫിസിന്റെ മേൽക്കൂര കാറ്റിൽ തകർന്നു. ജീവനക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മേൽക്കൂര പുനർനിർമിക്കാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തിരുന്നതായി വാർഡ് അംഗം ജാൻസി പറഞ്ഞു. പോസ്റ്റ് ഓഫിസിന്റെ പ്രവർത്തനം സമീപത്തെ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിക്കാനുള്ള സൗകര്യം ഒരുക്കിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംസുദ്ദീനും അറിയിച്ചു. മുളംകുന്ന് പുറക്കാട് സാജന്റെ വീടിന്റെ മേൽക്കൂര പൂർണമായും കാറ്റിൽ തകരുകയും വീട് വാസയോഗ്യമല്ലാതാകുകയും ചെയ്തു. ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം. വീട്ടുക്കാരെ മാറ്റിപ്പാർപ്പിച്ചു. വീട്ടുപകരണങ്ങൾ മഴവെള്ളം കയറി നശിച്ചു.
ചൊവ്വാഴ്ച പുലർച്ച പാറമട പഞ്ചായത്ത് കിണറിനു മുകളിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കൂറ്റൻ പ്ലാവ് കടപുഴകി. റോഡിൽ ഈ സമയത്ത് വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. വൈദ്യുതി പോസ്റ്റുകൾ തകർത്ത് റോഡിലേക്കു പതിക്കുകയായിരുന്നു. റോഡിന് താഴെയുള്ള വീടിന്റെ മേൽക്കൂരക്ക് കേടുപാടുകൾ സംഭവിച്ചു.
കൊക്കയാർ, കൂട്ടിക്കൽ, കോരുത്തോട്, മുണ്ടക്കയം പഞ്ചായത്തുകളിൽ മരം വീണ് നിരവധി വീടുകൾ ഭാഗികമായി തകർന്നു. കൂടാതെ കാറ്റിൽ നിരവധി വീടുകളുടെ മേൽക്കൂരകൾ പറന്നുപോയി. മഴയിലും കാറ്റിലും നിരവധി കൃഷിയിടങ്ങൾ നശിച്ചു. റോഡുകളിലൂടെ മണ്ണും കല്ലും ഒഴുകി സഞ്ചാരയോഗ്യമല്ലാതായി. കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.
കാഞ്ഞിരപ്പള്ളി: ദേശീയപാത 183ൽ പൊടിമറ്റത്ത് മരം കടപുഴകി ഒരു മണിക്കൂറിലധികം ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി ലൈനുകളും പൊട്ടി റോഡിലേക്ക് പൊട്ടിവീണു. റോഡരികിൽനിന്ന പാഴ്മരം ചൊവ്വാഴ്ച രാവിലെ 11ാടെ കാറ്റിലും മഴയിലും കടപുഴകി റോഡിന് കുറുകെ വീഴുകയായിരുന്നു. ഇതോടെ മുണ്ടക്കയത്തുനിന്ന് കോട്ടയം ഭാഗത്തേക്കും കാഞ്ഞിരപ്പള്ളിയിൽനിന്ന് മുണ്ടക്കയം ഭാഗത്തേക്കുമുള്ള ഗതാഗതം പൂർണമായി മുടങ്ങി. കാഞ്ഞിരപ്പള്ളിയിൽനിന്ന് അഗ്നിരക്ഷാസേനയെത്തി മരം മുറിച്ചുമാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മരം വീണ സമയത്ത് വാഹനങ്ങൾ കടന്നു പോകാതിരുന്നതിനാൽ വൻ ദുരന്തം വഴിമാറുകയായിന്നു. പാറത്തോട് മുക്കാലി റോഡിന് സമീപവും ദേശീയപാതയിൽ മരം വീണു.
കൂടാതെ നിരവധി പ്രദേശിക റോഡുകളിലും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ആനക്കല്ല്-പൊന്മല-പൊടിമറ്റം റോഡിലേക്കും കാറ്റിലും മഴയിലും മരത്തിന്റെ ശിഖരങ്ങൾ ഒടിഞ്ഞുവീണു. കാഞ്ഞിരപ്പള്ളി തോമ്പലാടിയിൽ മരം വീണ് വീടിന് ഭാഗികമായി നാശനഷ്ടമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.