മുണ്ടക്കയം: മഴ പെയ്താൽ പിന്നെ 34ാം മൈൽ കീച്ചൻപാറ പ്രദേശവാസികൾക്ക് ആശങ്കയാണ്. മറുകര കടക്കാൻ ഏക ആശ്രയമായിരുന്ന നെടുന്തോടിന് കുറുകെയുണ്ടായിരുന്ന കോൺക്രീറ്റ് നടപ്പാലം പ്രളയത്തിൽ തകർന്നതോടെ തുടങ്ങിയതാണ് ഇവരുടെ ദുരിതം. പ്രദേശവാസികളുടെ നേതൃത്വത്തിൽ തെങ്ങും, മുളയും ചേർത്തുവച്ച് താൽക്കാലിക നടപ്പാലമുണ്ടാക്കിയെങ്കിലും മാസങ്ങൾ കഴിഞ്ഞതോടെ ദ്രവിച്ചു. തുടർന്ന് താത്കാലിക തടിപ്പാലം നിർമിച്ചു. മുളകൾ ഉപയോഗിച്ച് വേലിയും നിർമിച്ചു. എന്നാലിപ്പോൾ, തോരാമഴയിൽ ഈ പാലം തകരുമോയെന്നാണ് ഇവരുടെ ഭീതി. നൂറുകണക്കിന് കുടുംബങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്. ഒരു അപകടത്തിന് കാത്തുനിൽക്കാതെ അടിയന്തരമായി കോൺക്രീറ്റ് പാലം നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പാലം അപകടാവസ്ഥയിലായാൽ കിലോമീറ്റർ ചുറ്റേണ്ടി വരും.
പ്രദേശത്തെ വിദ്യാർഥികൾ സ്കൂളിൽ പോകുന്നതും പാലം വഴിയാണ്. ജലനിരപ്പ് ഉയർന്നാൽ പാലം വെള്ളത്തിലാകും. പുതിയ പാലമെന്ന ആവശ്യവുമായി കീച്ചൻപാറ നിവാസികൾ മുട്ടാത്ത വാതിലുകളില്ല. പക്ഷെ പാലം മാത്രം ഇതുവരെ ഉയർന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.