മുണ്ടക്കയം: കോരുത്തോട് സഹകരണ ബാങ്കിന്റെ നിലവിലുള്ള ഭരണസമിതി പരാജയമാണെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.എ. തോമസ്, തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ടോംസ് കുര്യൻ, രക്ഷാധികാരി ശശീന്ദ്രൻ പാറക്കൽ എന്നിവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
കർഷകർക്കായുള്ള നിരവധി പദ്ധതികൾ ഇല്ലാതാക്കി. പാർട്ടി അംഗങ്ങൾക്ക് മാത്രം അംഗത്വം കൊടുക്കുന്ന രീതിയാണ് സി.പി.എം പിന്തുടരുന്നത്. പാർട്ടിക്കാർക്കും ബന്ധുകൾക്കും മാത്രം നിയമം ലംഘിച്ച് വായ്പ നൽകി വരുകയാണ്. ഇതേ നില തുടർന്നാൽ കോരുത്തോട് സഹകരണ ബാങ്കും കരുവന്നൂരായി മാറും.
ബാങ്കിനെ തകർച്ചയിൽനിന്ന് കരകയറ്റാൻ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ വിജയിപ്പിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഡി. പ്രകാശ്, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റനിമോൾ ജോസഫ്, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷാൻറി പൂവക്കുളം എന്നിവരും പങ്കെടുത്തു.
യു.ഡി.എഫ് ആരോപണം അടിസ്ഥാനരഹിതമെന്ന് ബാങ്ക് പ്രസിഡന്റ് കുര്യൻ ജോസഫ്, വൈസ് പ്രസിഡന്റ് എം.ആർ. ഷാജി എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 52 വർഷം മുമ്പ് ആരംഭിച്ച ബാങ്ക് 13000ൽപരം അംഗങ്ങളും 20 കോടി രൂപ നിക്ഷേപവും 16 കോടിയിലധികം വായ്പയും ഹെഡ് ഓഫിസ് ഉൾപ്പെടെ മൂന്ന് ബ്രാഞ്ചുമുള്ള സഹകരണ പ്രസ്ഥാനമായി മാറിയിട്ടുണ്ട്. ബാങ്കിന്റെ സ്വന്തം ഫണ്ട് ഉപയോഗിച്ച് സ്വർണ വായ്പയും വ്യക്തി ജാമ്യത്തിൽ ഒ.എഫ് വായ്പകളും മുടക്കം കൂടാതെ നൽകുന്നു.
മൂന്നു പതിറ്റാണ്ട് മുമ്പ് ആരംഭിച്ച സ്റ്റോറും വളം ഡിപ്പോയും ഓഡിറ്റ് റിപ്പോർട്ടിന്റെയും പൊതുയോഗത്തിന്റെയും തീരുമാന പ്രകാരം നിർത്തലാക്കു കയാണ് ഉണ്ടായത്. പ്രാഥമിക സഹകരണ സംഘങ്ങളിൽ ക്ലറിക്കൽ പോസ്റ്റുകളിൽ പരീക്ഷ ബോർഡ് നടത്തുന്ന ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ തയാറാക്കുന്ന റാങ്ക് ലിസ്റ്റിൽനിന്നാണ് നിയമനം നടത്തുന്നത്.
അഴിമതി ആരോപണങ്ങളോ സാമ്പത്തിക ക്രമക്കേടോ ഇല്ലാതെയാണ് ബാങ്ക് മുന്നോട്ട് പോകുന്നതെന്നും നേതാക്കൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സി.പി.ഐ ലോക്കൽ സെക്രട്ടറി കെ.ബി. രാജൻ, സി.പി.എം ലോക്കൽ സെക്രട്ടറി പി.കെ. സുധീർ, മുൻ ബാങ്ക് പ്രസിഡന്റ് കെ.എം. രാജേഷ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.