മുണ്ടക്കയം ഈസ്റ്റ്: മതമ്പ റോഡ് തകര്‍ന്ന് തരിപ്പണമായതോടെ ഏക ബസ് സര്‍വിസ് നിലച്ചു. രണ്ട് സ്വകാര്യ ബസാണ് മതമ്പ റൂട്ടില്‍ സര്‍വിസ് പെര്‍മിറ്റ് എടുത്തിരുന്നത്. കോട്ടയത്തുനിന്ന് മതമ്പവരെ സര്‍വിസ് നടത്തുന്ന ഒരു ബസും മുണ്ടക്കയം, പാലൂര്‍ക്കാവ് മതമ്പ എന്നിവിടങ്ങളിലേക്കായി മറ്റൊരു ബസും. കോട്ടയത്തുനിന്ന് സര്‍വിസ് നടത്താന്‍ അനുമതിയുള്ള സ്വകാര്യ ബസ് മതമ്പ കണ്ടിട്ട് കാലങ്ങളായി. പിന്നെ ഏക ആശ്രയം ഷട്ടില്‍ സർവിസ് നടത്തുന്ന സ്വകാര്യ ബസ് മാത്രമായിരുന്നു.
ഇതാണ് ഒരാഴ്ചയായി സര്‍വിസ് നിര്‍ത്തിവെച്ചിരിക്കുന്നത്. തകര്‍ന്ന റോഡിലൂടെ യാത്ര ചെയ്യാനാകില്ല എന്നതാണ് സര്‍വിസ് മുടക്കാന്‍ കാരണമായി പറയുന്നത്. ഇതോടെ യാത്രക്ലേശം ഇരട്ടിയായി. ഓടിക്കിട്ടുന്ന വരുമാനത്തിൽ വലിയൊരു പങ്ക് അറ്റകുറ്റപ്പണിക്ക് ചെലവിടേണ്ടതിനാൽ വൻ നഷ്ടമാണ് ബസുടമക്ക്. ഇതാണ് സര്‍വിസ് ഉപേക്ഷിക്കാൻ ഇടയാക്കിയിരിക്കുന്നത്. മതമ്പ, ചെന്നാപ്പാറ ടോപ്, ചെന്നാപ്പാറ താഴെ, ആനക്കുളം, കടമാങ്കുളം മാട്ടുപ്പെട്ടി സ്കൂൾ എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാരാണ് ദുരിതത്തിലായത്.
വിദ്യാര്‍ഥികളും വിവിധ സ്ഥാപനങ്ങളിലെ ജോലിക്കാരടക്കമുള്ളവരും ഇതെല്ലാം ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. മുണ്ടക്കയത്തുനിന്ന് ഓട്ടോയിൽ മതമ്പവരെ പോകാൻ 750 രൂപ നല്‍കണം. ഷട്ടില്‍ സര്‍വിസ് നടത്തുന്ന ഓട്ടോയിലും വ്യക്തി ഒന്നിന് 100 മുതല്‍ 150 രൂപവരെ നല്‍കേണ്ടി വരും. പണം നല്കിയാലും റോഡിന്റെ ശോച്യാവസ്ഥ മൂലം വരാൻ എല്ലാ ഓട്ടോകളും തയാറല്ല. പരീക്ഷക്കാലമായതിനാല്‍ വലിയ തുക ചെലവഴിച്ചാണ് വിദ്യാര്‍ഥികള്‍ സ്കൂളിലും കോളജിലും പോകുന്നത്.
തോട്ടം തൊഴിലാളികള്‍ മാത്രമുള്ള ഈ മേഖലയില്‍ ശമ്പള കുടിശ്ശികയും വരുമാനക്കുറവും കുട്ടികളുടെ പഠനത്തെയും കാര്യമായി ബാധിക്കുന്നു. കോട്ടയത്തുനിന്ന് മതമ്പക്ക് പെര്‍മിറ്റ് എടുത്തിരിക്കുന്ന സ്വകാര്യ ബസ് സര്‍വിസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ല. മുമ്പ് മേഖലയിലെ റോഡുകള്‍ തകര്‍ന്നതിനെത്തുടര്‍ന്ന് ബസ് സര്‍വിസ് നിര്‍ത്തിവെച്ചിരുന്നു. ‘മാധ്യമം’ വാർത്ത നൽകിയതിനെ തുടര്‍ന്നാണ് സര്‍വിസ് പുനരാരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.