മുണ്ടക്കയം: രൂക്ഷമായ വരൾച്ചയെ തുടർന്ന് ഉണങ്ങി നശിച്ച ഇഞ്ചിയാനി സ്വദേശി ചെറുകാനായിൽ ദേവസ്യ ചാക്കോയുടെ കൃഷിഭൂമി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും സന്ദർശിച്ചു. റബർ കൃഷി നഷ്ടമായതിനെ തുടർന്നാണ് ദേവസ്യ റബർ വെട്ടിമാറ്റി കുരുമുളക്, കവുങ്ങ്, വാഴ തുടങ്ങിയ കൃഷികൾ ചെയ്തത്. കായ്ച്ചു തുടങ്ങിയ 1200 കുരുമുളക് ചെടി, വാഴ, കമുക് തുടങ്ങി ഒന്നര ഏക്കർ ഭൂമിയിൽ കൃഷി ചെയ്തിരുന്ന വിളകളാണ് കരിഞ്ഞുണങ്ങി നശിച്ചത്. ഇത് കഴിഞ്ഞ ദിവസം മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് എം.എൽ.എയും വകുപ്പ തല ഉദ്യോഗസ്ഥരും സന്ദർശിച്ചത്.
മുണ്ടക്കയം, കോരുത്തോട് പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽ കടുത്ത വരൾച്ചയെ തുടർന്ന് കൃഷിനാശം സംഭവിച്ചിട്ടുണ്ട്. ഇടവിള കൃഷികളും ഹ്രസ്വകാല വിളകളുമാണ് കൂടുതലായി നശിച്ചിട്ടുള്ളത്. ഇവ പരിശോധിച്ച് കർഷകർക്ക് ആശ്വാസ നടപടികളെത്തിക്കാൻ പരിശ്രമിക്കുമെന്ന് എം.എൽ.എ പറഞ്ഞു. കൃഷി നശിച്ച പ്രദേശങ്ങളെ വരൾച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ച് കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്ന് കൃഷിവകുപ്പിനോട് ആവശ്യപ്പെടും. കർഷകർ പരമാവധി ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്താൻ ശ്രമിക്കണമെന്നും എം.എൽ.എ നിർദേശിച്ചു. പൊതുപ്രവർത്തകരായ ജോയി ചീരംകുന്നേൽ, മോളി ദേവസ്യ വാഴപ്പനാടി, ബാബു മാത്യു ഏർത്തയിൽ തുടങ്ങിയവരും എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.