മുണ്ടക്കയം: ബൈപാസ് നിര്‍മാണവുമായി ബന്ധപ്പെട്ട് സ്ഥലമെടുപ്പ് ജോലികള്‍ക്കായി അനുവദിച്ച 99.9 ടണ്‍ അരി നഷ്ടപ്പെട്ട കേസിന്റെ വാദം ബുധനാഴ്ച കോട്ടയം ജില്ല കോടതിയില്‍ ആരംഭിക്കും. 19 വര്‍ഷം മുമ്പ് നടന്ന സംഭവത്തിൽ ഉദ്യോഗസ്ഥരും പ്രതികളും അന്നത്തെ പഞ്ചായത്ത് അംഗങ്ങളെ സാക്ഷികളുമാക്കി വിജിലന്‍സ് എടുത്ത കേസാണ് വിചാരണയിലേക്ക് എത്തുന്നത്.
2004ലാണ് കേസിനാസ്പദമായ സംഭവത്തിന്റെ തുടക്കം. എസ്.ജി.ആര്.വൈ പ്രകാരം ജോലിക്ക് ഭക്ഷണം പദ്ധതിയിലാണ് മുണ്ടക്കയം ബൈപാസിന്റെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് പ്രാരംഭ ജോലികൾ ആരംഭിച്ചത്. 60 ശതമാനം ഭക്ഷ്യവസ്തുക്കളും 40 ശതമാനം തുകയുമായിരുന്നു ഇതിനായി അനുവദിച്ചത്. ഇതനുസരിച്ച് 99.9 ടണ്‍ അരിയാണ് മുണ്ടക്കയം ബൈപാസിന്റെ പേരില്‍ മുണ്ടക്കയം ഗ്രാമപഞ്ചായത്തിനു ലഭിച്ചത്. സിവില്‍സപ്ലൈസ് കോര്‍പറേഷനില്‍നിന്ന് അന്നത്തെ പഞ്ചായത്ത് സെക്രട്ടറി പി.കെ. സോമന്റെ നിർദേശപ്രകാരം ജോലിയുടെ ചുമതലയുള്ള സെക്ഷന്‍ ക്ലര്‍ക്ക് റഷീദ് കടവുകര അരി ഏറ്റുവാങ്ങി കോട്ടയത്തെ സ്വകാര്യ ഗോഡൗണില്‍ സൂക്ഷിക്കാന്‍ നല്കി. ഇതിനിടെ ബൈപാസ് നിര്‍മാണത്തിനു സ്വകാര്യവ്യക്തി കോടതിയില്‍നിന്ന് സ്റ്റേ വാങ്ങി. ഇതോടെ അരി ‘നോക്കുകുത്തിയായി’.
സിവില്‍ സപ്ലൈസ് കോര്‍പറേഷനില്‍നിന്ന് വാങ്ങുന്ന അരി സര്‍ക്കാര്‍ വെയര്‍ഹൗസില്‍ സൂക്ഷിക്കണമെന്ന നിയമം നിലനിൽക്കെയാണ് സ്വകാര്യ ഗോഡൗണില്‍ സൂക്ഷിക്കാൻ നൽകിയത്. ഇത് വിവാദമായതോടെ വെയര്‍ഹൗസ് ജീവനക്കാരുടെ സമരംമൂലമാണ് അവിടെ നല്‍കാതെ സ്വകാര്യ ഗോഡൗണില്‍ മാറ്റേണ്ടിവന്നതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വാദം.
കോടതിയിലെ സ്റ്റേ അഴിക്കാനാകാതെ വന്നതോടെ പദ്ധതി പാതിവഴിയില്‍ നിലച്ചു. ഇതിനിടെ ഗോഡൗണിലെ അരി നശിച്ചുതുടങ്ങിയിരുന്നു. പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തില്‍ സര്‍വകക്ഷി പ്രതിനിധികള്‍ മുന്‍ എം.എല്‍.എ കെ.വി. കുര്യന്റെ നേതൃത്വത്തില്‍ സ്വകാര്യ ഗോഡൗണ്‍ സന്ദര്‍ശിച്ചു അരിയുണ്ടെന്ന് ഉറപ്പുവരുത്തി. പിന്നീട് മാസങ്ങള്‍ പിന്നിട്ടതോടെ ഗോഡൗണിലെ അരി സൂക്ഷിപ്പുകാരനെ അവിടെ നിന്ന് നീക്കി. പകരം പണമോ പുതിയ അരിയോ നല്‍കാമെന്നറിയിച്ചെങ്കിലും തുടര്‍നടപടിയൊന്നും ഉണ്ടായില്ല. ഇതിനിടെ ലോക്കല്‍ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയില്‍ ഇത് ക്രമക്കേടായി കണ്ടെത്തുകയും പഞ്ചായത്ത് സെക്രട്ടറി, സെക്ഷന്‍ ക്ലര്‍ക്ക്, വിയോജനം രേഖപ്പെടുത്താതിരുന്ന 18 പഞ്ചായത്ത് മെംബര്‍മാര്‍ എന്നിവരില്‍നിന്ന് 12,63,000രൂപ ഈടാക്കാന്‍ സര്‍ക്കാറിനു റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. പഞ്ചായത്ത് തെരഞ്ഞെടുപ്പു വന്നതോടെ മെംബര്‍മാര്‍ നടപടിക്കെതിരെ കോടതിയെ സമീപിച്ചു കേസില്‍നിന്ന് ജനപ്രതിനിധികള്‍ രക്ഷപ്പെട്ടെങ്കിലും ഉദ്യോഗസ്ഥര്‍ പ്രതിപ്പട്ടികയില്‍നിന്ന് ഉള്‍പ്പെട്ടു.
പിന്നീട് 2005ല്‍ അധികാരത്തില്‍ വന്ന സി.പി.എമ്മിലെ അഭിലാഷ് ജയരാജ് നേതൃത്വം നല്കിയ പഞ്ചായത്ത് ഭരണസമിതി വിഷയം പഠിച്ചു കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി. കലക്ടർ സര്‍ക്കാറിനു നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സിനു കൈമാറുകയുമായിരുന്നു. ഈ കേസാണ് ഇപ്പോഴും അവസാനിക്കാതെ തുടരുന്നത്. ഇതിനിടെ സെക്രട്ടറിയും സെക്ഷന്‍ ക്ലര്‍ക്കും സര്‍വിസില്‍നിന്ന് വിരമിച്ചെങ്കിലും ഇതുവരെയായി ഒരു രൂപ പോലും ആനുകൂല്യം വാങ്ങാനായിട്ടില്ല. 60 ശതമാനം പെന്ഷന് മാത്രമാണ് ഇവര്‍ക്ക് ലഭിക്കുന്നത്.
അരി നഷ്ടമായ കേസ് ഏറെ നാളുകളുടെ ഇടവേളക്ക്ശേഷം വീണ്ടും കോടതിയുടെ പരിഗണനയിലെത്തിയിരിക്കുകയാണ്. ബുധനാഴ്ച വാദം ആരംഭിക്കുന്നതോടെ എത്രയും വേഗം കേസ് അവസാനിച്ചു കിട്ടുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.